സിന്ധുനദീതട സംസ്കാരത്തിന്‍റെ ചരിത്രപ്രസിദ്ധമായ തിരുശേഷിപ്പുകളിലൊന്നാണ് ഡാൻസിംഗ് ഗേൾ അഥവാ നൃത്തം ചെയുന്ന പെൺകുട്ടി എന്ന ശിൽപം. പൂർണ്ണ നഗ്നയായ ആ ശിൽപത്തിന്റെ ചിത്രം ചെറിയ ക്‌ളാസുകളിൽ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ഈ ശില്പത്തിന്റെ നഗ്നത മറച്ചുകൊണ്ട് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചരിത്ര സ്മൃതികളെ വികലമാക്കാൻ എൻ സി ആർ ടിക്ക് എന്തധികാരം ?
1926-ൽ മോഹൻജൊദാരൊയിൽ നിന്ന് ഏസ്റ്റ് മക്കെയുടെ നിർമ്മാണ പര്യവേക്ഷകസംഘമാണ് നൃത്തം ചെയുന്ന പെൺകുട്ടിയുടെ ശിൽപം കണ്ടെത്തിയത്. 4,500 വർഷത്തോളം പഴക്കമുണ്ട് ഈ വെങ്കലപ്രതിമക്ക്. 10.5 സെൻ്റീമീറ്റർ ഉയരമുണ്ട്. ഒരു കൈ ഇടുപ്പിനു വെച്ചു നർത്തകർ നിൽക്കുന്ന രൂപത്തിലാണ് നൃത്തം ചെയ്യുന്ന കുട്ടിയുടെ ശിൽപം. നഗ്നയായ പെൺകുട്ടിയുടെ കഴുത്തിൽ മാലയും ഇടതുകൈയിൽ 25-ഉം വലതുകൈയിൽ നാലും വളകളും അണിഞ്ഞിട്ടുണ്ട്. കൈകൾക്ക് അസാധാരണ വലിപ്പമുണ്ട്. ഇടതുകൈയിലെ താളമിടാനുപയോഗിക്കുന്ന ഉപകരണം തുടയിൽ അമർത്തിപ്പിടിച്ച നിലയിൽ.
മോഹൻജൊ-ദാരോ സിന്ധൂ നദീതട നാഗരികതയിലെ ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻജൊ-ദാരോ. ഈ നഗരത്തിന്റെ പൗരാണിക അവശിഷ്ടങ്ങളെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയിൽപ്പെട്ടിരുന്നതിനാൽ ഒന്നിനുകീഴെ ഒന്നായി ഒൻപതു തട്ടുകളിലാണ് ഉത്ഖനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയിൽ തന്നെയായിരുന്നു നഗരത്തിന്റെ പുനർനിർമ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ വികസിച്ച അവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന നിർമ്മാണരീതികളാണ് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ക്രി.മു. 2600-ൽ ആണ് മോഹൻജൊ-ദാരോ നിർമ്മിച്ചത്. ഈ നഗരം ക്രി.മു. 1900-ഓടെ ഉപേക്ഷിക്കപ്പെട്ടു. 1922-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന രാഖേൽദാസ് ബന്ദോപാദ്ധ്യയ് ഈ നഗരം വീണ്ടും കണ്ടെത്തി. ഈ കുന്ന് ഒരു സ്തൂപം ആയിരിക്കാം എന്ന് വിശ്വസിച്ച ഒരു ബുദ്ധമത സന്യാസിയായിരുന്നു അദ്ദേഹത്തെ ഈ കുന്നിലേയ്ക്ക് നയിച്ചത്. 1930-കളിൽ പുരാവസ്തു ഗവേഷകരായ ജോൺ മാർഷൽ, കെ.എൻ. ദീക്ഷിത്, ഏണസ്റ്റ് മക്കേ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവിടെ വൻതോതിൽ ഖനനങ്ങൾ നടന്നു. സൈറ്റ് ഡയറക്ടർമാർ ഉപയോഗിച്ചിരുന്ന ജോൺ മാർഷലിന്റെ കാർ ഇന്നും മോഹൻജൊ-ദാരോ കാഴ്ച്ചബംഗ്ലാവിൽ ഉണ്ട്. ഇവരുടെ പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി ഇത് പരിരക്ഷിച്ചിരിക്കുനു. 1945-ൽ അഹ്മദ് ഹസൻ ദാനി, മോർട്ടീമർ വീലർ എന്നിവർ കൂടുതൽ ഖനനങ്ങൾ നടത്തി.
ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മോർട്ടീമർ വീലർക്ക് ഏറ്റവും പ്രിയങ്കരമായ പുരാവസ്തുവായിരുന്നു ഇത്. 1973-ൽ ഒരു ടെലെവിഷൻ പരിപാടിയിൽ മോർട്ടീമർ വീലർ ഇങ്ങനെ പറഞ്ഞു:”വളഞ്ഞ ചുണ്ടുകളും കണ്ണുകളിൽ കുസൃതി നോട്ടവുമായി അതാ, അവളുടെ ചെറിയ ബലൂചി-രീതിയിലെ മുഖം. എനിക്കുതോന്നുന്നത് അവൾക്ക് ഏകദേശം പതിനഞ്ച് വർഷം പ്രായം കാണും, അതിൽക്കൂടുതൽ ആവില്ല, പക്ഷേ അവൾ കൈനിറയെ വളകളുമണിഞ്ഞ്, മറ്റൊന്നും ധരിക്കാതെ നിൽക്കുന്നു. ഒരു പെൺകുട്ടി, പൂർണ്ണമായി, ഒരു നിമിഷത്തേയ്ക്ക്, തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും പൂർണ്ണമായി ആത്മവിശ്വാസത്തോടെ നിൽക്കുന്നു. എനിക്കുതോന്നുന്നത്, അവളെപ്പോലെ ലോകത്തിൽ മറ്റൊന്നുമില്ല എന്നാണ്.” മോഹൻജൊ-ദാരോയിൽ ഖനനം നടത്തിയവരിൽ ഒരാളായ ജോൺ മാർഷൽ അവളെ യുവത്വത്തിന്റെ വർണ്ണാഭമായ പ്രതീതി എന്ന് വിശേഷിപ്പിച്ചു. “പെൺകുട്ടി, അവളുടെ അരയിൽ ഊന്നിയ കയ്യും, പകുതി-ധാർഷ്ട്യം നിറഞ്ഞ നിൽപ്പുമായി, കാലുകൾ അല്പം മുന്നോട്ടുവെച്ച്, അവളുടെ കാലുകൾ കൊണ്ടും പാദം കൊണ്ടും സംഗീതത്തിന് താളം പിടിക്കുന്നു.”
ഈ ശില്പത്തിന്റെ ചാതുര്യം ഇന്നും മികച്ചതാണ്, ഇത് സവിശേഷവും, എന്നാൽ ക്ഷണനേരത്തേക്കെങ്കിലും തിരിച്ചറിയാനാവുന്നതായ ഒരു ഭൂതകാലത്തെക്കുറിച്ച് പറയുന്നു. പുരാവസ്തു ഗവേഷകനായ ഗ്രിഗറി പോസ്സെലിന്റെ അഭിപ്രായത്തിൽ, “നമുക്ക് അവൾ ഒരു നർത്തകിയായിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ അവൾ ചെയ്യുന്നതിൽ അവൾ മിടുക്കിയായിരുന്നു, അത് അവൾക്ക് അറിയുള്ളതുമായിരുന്നു”. ഈ രൂപം സ്ഫുരിക്കുന്ന അധികാരഭാവത്തിൽ നിന്നും മനസ്സിലാക്കാവുന്നത് ഈ ശില്പം ഒരുപക്ഷേ സിന്ധൂനദീതട സംസ്കാരത്തിലെ ഏതെങ്കിലും രാജ്ഞിയുടേതോ മറ്റ് ഏതെങ്കിലും പ്രധാനപ്പെട്ട സ്ത്രീയുടേതോ ആവാം എന്നാണ്. ഈ പര്യവേഷകരെല്ലാം ബഹുമാനത്തോടെയാണ്, ആദരവോടെയാണ് ആ ശില്പത്തെ കാണുന്നത്. അവർ കാണുന്നത് ആ ശില്പത്തിന്റെ നഗ്നതയല്ല, മറിച്ച് ആ പെൺകുട്ടി ജീവിച്ച കാലത്തിന്റെ, അതിന്റെ പ്രൗഢിയുടെ അടയാളപ്പെടുത്തലിനെയാണ്. ആ പെൺകുട്ടി ഇന്നും നമ്മളോട് പറയാതെ പറയുന്നുണ്ട്, അവൾ ജീവിച്ചിരുന്നത് മഹത്തായ സിന്ധുനദീതട സംസ്കാര കാലത്താണെന്ന്. എന്നാൽ പുരോഗമനത്തിന്റെ കാലത്ത് എ ഐ യുടെയും ചാറ്റ് ജി പി റ്റിയുടെയും കാലത്ത് ജീവിക്കുന്ന ആധുനിക കാലത്തിന്റെ വിദ്യാഭ്യാസ വിചക്ഷണന്മാർ കണ്ടത് ആ ശില്പത്തിന്റെ നഗ്നത മാത്രമാണ്.
എൻ സി ആർ ടിയുടെ ഒൻപതാം ക്ലാസിലെ കലാപഠന പുസ്തകമായ ‘മധുരിമ’യിലാണ് കറുത്ത നിറം ഉപയോഗിച്ച് നഗ്നത മറച്ച രീതിയിലാണ് ശില്പത്തെ കൊടുത്തിരിക്കുന്നത്. സംഗീത നാടക അക്കാദമി അദ്ധ്യക്ഷ സന്ധ്യ പുരേച്ചയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കലാപഠനത്തിനു വേണ്ടിയുള്ള പുസ്തകം തയാറാക്കിയത്. പുതിയ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായമായ ‘ഹിസ്റ്ററി ഓഫ് ആർട്സ്’ എന്ന ഭാഗത്ത് ശില്പത്തിന്റെ നഗ്നത മറച്ച രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കുട്ടികൾക്ക് അനുയോജ്യമായ ചിത്രമല്ലെന്ന അഭിപ്രായത്തെ തുടർന്നാണ് പുതിയ മാറ്റമെന്നാണ് വിവാദങ്ങൾക്കും വിമശനങ്ങൾക്കും പിന്നാലെയുള്ള എൻസിഇആർടിസിയുടെ വിശദീകരണം. അതേസമയം എൻ.സി.ഇ.ആർ.ടി.യുടെ തന്നെ ആറാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകത്തിൽ ഉൾപ്പെടെ ഈ ശില്പം യഥാർഥ രൂപത്തിലാണ് നൽകിയിട്ടുള്ളത്.പാഠപുസ്തക സമിതി അദ്ധ്യക്ഷനായിരുന്ന പ്രൊഫ.മൈക്കിൾ ഡാനിനോയുടെ ഉൾപ്പെടെ എതിർപ്പ് മറികടന്നായിരുന്നു എൻ.സി.ഇ.ആർ.ടി.യുടെ ഈ തീരുമാനം. ഈ ശില്പം ലോഹശാസ്ത്ര വിജ്ഞാനത്തിന്റെ തെളിവാണെന്നും സദാചാരം മാറ്റിവച്ച് യാഥാർഥ്യമെന്തെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നുമായിരുന്നു ഡാനിനോയുടെ വാദം. ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ ശിൽപം കാണാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. തുടർന്നാണ് നഗ്നത മറച്ചുള്ള ചിത്രം എൻ.സി.ഇ.ആർ.ടി. പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. വിക്ടോറിയൻ കാലഘട്ടത്തിലെ സദാചാരബോധമാണ് അധികൃതർ മുന്നോട്ടുവെച്ചതെന്നും, എന്നാൽ അധ്യാപകരോട് ചോദിച്ചപ്പോൾ ആർക്കും ഇതിൽ ഒരു പ്രശ്നവും തോന്നിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചരിത്രപരമായ ഒരു കലാരൂപത്തെ വക്രീകരിക്കുന്നത് മൈക്കലാഞ്ചലോയുടെ പ്രശസ്തമായ ‘ഡേവിഡ്’ പ്രതിമയിൽ പണ്ട് സഭ ഇലകൾ വെച്ച് മറച്ചതിന് തുല്യമായ അസംബന്ധമാണെന്ന് മിഷേൽ ഡാനിനോ കുറ്റപ്പെടുത്തി. ചരിത്രരേഖകളിൽ കൃത്രിമം കാണിക്കുന്നത് വ്യാജ നിർമ്മിതികൾ ഉണ്ടാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചരിത്രത്തെ സദാചാര കണ്ണടയിലൂടെ കണ്ട് മാറ്റിയെഴുതാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി വിമർശനങ്ങൾ ഉയർന്നു. ഈ ചരിത്ര ശില്പത്തിന് ‘വസ്ത്രം ധരിപ്പിച്ച’ രീതിയിലുള്ള ചിത്രം നൽകിയിരുന്നത്. ശില്പത്തിന്‍റെ നഗ്നമായ മുകൾഭാഗം കറുത്ത ഷേഡിംഗുകൾ നൽകി മറയ്ക്കുകയും, ഇതിലൂടെ ചരിത്രപ്രധാനമായ പല ശാരീരിക രൂപഭംഗികളും വികലമാക്കപ്പെടുകയും ചെയ്തു. ഇതിനെതിരെ ചരിത്രകാരന്മാരും അധ്യാപകരും രംഗത്തെത്തി.
വിവാദം കൊഴുത്തതോടെ പുസ്തകം പുനഃപ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് ഇപ്പോൾ എൻ.സി.ഇ.ആർ.ടി. ഏറ്റവും ശ്രേഷ്ഠമായ ശില്പകലാ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. ഖജുരാഹോ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ ഗോപുരങ്ങളിലെ ശില്പങ്ങൾ അതിനു തെളിവാണ്. കാമശാസ്ത്രം പാഠ്യ വിഷയമായിരുന്ന രാജ്യമാണ് ഭാരതം. നമ്മുടെ ഇതിഹാസങ്ങളിലും മഹാകാവ്യങ്ങളിലും നഗ്നതയെ വർണ്ണിച്ചിട്ടുണ്ട്. അതൊക്കെ തുണിവെച്ചു മറയ്ക്കണം എന്നാണോ എൻ സി ഇ ആർ ടി പറയുന്നത്? ബാമിയാൻ ബുദ്ധ പ്രതിമകളെ ബോംബ് വച്ചുതകർത്ത താലിബാൻ മനസ്സല്ലേ ഇതും? ചരിത്രനിർമ്മിതികളെ ബഹുമാനിക്കാനും അതിന്റെ മൂല്യം അടുത്ത തലമുറയിലേക്കു പകർന്നു നൽകുന്നതിനും പകരം അവയെ വികലമാക്കി അവതരിപ്പിച്ച എൻ.സി.ഇ.ആർ.ടി. അധികൃതർ രാജ്യത്തോട് മാപ്പു പറയുകയാണ് വേണ്ടത്. നാലായിരത്തി അഞ്ഞൂറ് വര്ഷം മുന്നേ അഭിമാനപൂർവ്വം തലയുയർത്തി നിന്ന ആ പെൺകുട്ടി നമ്മളോട് പലതും പറയാതെ പറയുന്നുണ്ട്; അത് തിരിച്ചറിയണമെന്ന് മാത്രം.
അനീഷ് തകടിയിൽ
എക്സ്പ്രസ്സ് വാർത്ത പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം https://www.youtube.com/@expressvarthayoutubechannel




