കരുനാഗപ്പള്ളി: സംസ്ഥാനത്തെ 10 ലക്ഷത്തിലധികം വരുന്ന ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും, അവരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള ക്ഷീരകർഷക കോൺഗ്രസ് പ്രസിഡന്റ് കെ.സി. രാജൻ ആവശ്യപ്പെട്ടു. തൊടിയൂർ മണ്ഡലം ക്ഷീരകർഷക കോൺഗ്രസ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026 ജൂൺ 1 മുതൽ പാലിന് ലിറ്ററിന് നാല് രൂപ വില വർധിപ്പിച്ചെങ്കിലും, അതിൽ 3.35 രൂപ കർഷകർക്ക് ലഭിക്കുമെന്നായിരുന്നു മിൽമയുടെ പ്രഖ്യാപനം. എന്നാൽ ഫാറ്റും എസ്.എൻ.എഫും അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിൽ ഭൂരിഭാഗം കർഷകർക്കും ലിറ്ററിന് 45 രൂപയിൽ കൂടുതൽ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാലിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ ക്ഷീരവികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ഫീഡ്സിന്റെ കാലിത്തീറ്റയ്ക്ക് 150 രൂപയും, മിൽമയുടെ കാലിത്തീറ്റയ്ക്കും 150 രൂപയും വർധിപ്പിച്ച് ഒരു ചാക്കിന്റെ വില 1,450 രൂപയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലിത്തീറ്റയ്ക്ക് സർക്കാർ സബ്‌സിഡി അനുവദിക്കുക, വർധിപ്പിച്ച കാലിത്തീറ്റ വില പിൻവലിക്കുക, മരണപ്പെടുന്ന കറവപ്പശുക്കൾക്ക് ധനസഹായം നൽകുക, കന്നുകാലികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
ചെട്ടിയത്ത് അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി തൊടിയൂർ വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എ. ജവാദ്, കെ. സുന്ദരേശൻ, ഷിബു എസ്. തൊടിയൂർ, എൻ. രമണൻ, എ. ജലാലുദീൻ, സുഭാഷ് താച്ചയിൽ, കെ. ധർമദാസ്, ഷാജി കൃഷ്ണൻ, ബിന്ദു സോമൻ, ശശി താരാഭവനം എന്നിവർ സംസാരിച്ചു.
യോഗത്തിൽ തൊടിയൂർ മണ്ഡലം ക്ഷീരകർഷക കോൺഗ്രസിന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. യോഹന്നാൻ പ്രസിഡന്റായും, സത്യദേവൻ പിള്ള, രാജുക്കുട്ടൻ പിള്ള, ബിന്ദു സോമൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുക്കപ്പെട്ടു. എച്ച്. അൻവർഷ് സെക്രട്ടറിയായും, ജയേഷ് കുമാർ, ബിൻസി ബിജു എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും, മഠത്തിനേത്ത് രമണൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.



