തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി വനിതാ എസ്ഐ. കേസിൽ തന്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്ഐ ദീപ്തി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകി. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ താൻ മൊഴി നൽകിയിട്ടില്ലെന്നും ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടില്ലെന്നും ദീപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.
അതേസമയം, കേസിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണം നേരിടുന്ന വീണാ ജോർജിന്റെ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് എസ്ഐടി റിപ്പോർട്ട് നൽകുമെന്നാണ് വിവരം. റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയേക്കും.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രതിഷേധക്കാർ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു അഭിലാഷിന്റെ ആദ്യ മൊഴി.
എന്നാൽ, പിന്നീട് എസ്ഐടിക്ക് നൽകിയ മൊഴിയിൽ അഭിലാഷ് നിലപാട് മാറ്റിയതായാണ് റിപ്പോർട്ട്. മന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു പുതിയ മൊഴി. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നേരത്തേ തെറ്റായ മൊഴി നൽകിയതെന്നും അഭിലാഷ് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. മൊഴിമാറ്റം ഗൗരവത്തോടെയാണ് എസ്ഐടി കാണുന്നത്.
കേസിൽ പ്രതികളായ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തി. എസ്ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. പ്രതിഷേധദിവസം നടന്ന സംഭവങ്ങളുടെ വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്.
കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് ഇൻസ്പെക്ടറുടെ മൊഴിയും രേഖപ്പെടുത്താൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്.
അതേസമയം, സംഭവത്തിൽ വീണാ ജോർജ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എംഎൽഎ രംഗത്തെത്തി.

