ഏതൊരാളും സ്വപ്നം കാണുന്ന ജോലികളിൽ ഒന്നാണ് മോട്ടോർ വാഹന വകുപ്പ്. രാത്രിയും പകലും കുത്തിയിരുന്ന് പഠിച്ച് പിഎസ് സി യൊക്കെ എഴുതി ഭാഗ്യം കൂടി കടാക്ഷിക്കുമ്പോൾ ജോലി ലഭിച്ചത് മോട്ടോർ വാഹന വകുപ്പിൽ. ജോലി നേടും മുമ്പ് നാട്ടിലെ സുഹൃത്തുക്കളോടൊക്കെ പറയും, ഞാൻ ജോലിക്ക് കയറിക്കഴിഞ്ഞാൽ ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി തൊഴിൽ ചെയ്യും. ഇപ്പോഴത്തെ കൈക്കൂലി സർക്കാർ ജോലിക്കാരെ പോലെയായിരിക്കില്ല ഞാൻ. ചുമ്മാ പറയാമല്ലോ ജോലി കിട്ടിയിട്ടില്ല… എന്നാൽ ഒരു സുപ്രഭാതത്തിൽ താൻ മോഹിച്ച ഗ്ലാമർ ജോലികളിൽ മികച്ചതായ ഗതാഗത വകുപ്പിൽ തന്നെ ജോലി ലഭിക്കുന്നു.
യൂണിഫോം അണിഞ്ഞ് ജോലി തുടങ്ങി. പിന്നെ എന്തോ പഴയ കാര്യങ്ങൾ ഒന്നും എനിക്ക് ഓർമ്മയില്ല. മോട്ടോർ വാഹന വകുപ്പിൽ കയറിയാൽ മാമൂൽ എന്നപോലെ കൈമണി നല്ല രീതിയിൽ തന്നെ കിട്ടും. വേണ്ടെന്ന് പറഞ്ഞാൽ അതൊരു കുറച്ചിലാണ്. അതുമല്ല പണമല്ലേ ഒരുപാട് ആവശ്യങ്ങളുണ്ട്. മോട്ടോർ വാഹന വകുപ്പിൽ ജോലി കിട്ടിയാൽ ഒരാൾ അതായത് ആർടിഒ ആകാം എംവിഐ ആകാംഎഎംവിഐ ആകാം അതുമല്ലെങ്കിൽ ഓഫീസ് ക്ലർക് എങ്ങനെ കൈക്കൂലി വാങ്ങുന്നു എന്നല്ലേ നിങ്ങളുടെ ചിന്ത.
എല്ലാവരും അഴിമതിക്കാരനാവണമെന്നില്ല.. ഏതു വകുപ്പിലും ഉണ്ടാകും 100% സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ. ഈ വാർത്തയിൽ അവർക്കെതിരെ ഒരു മോശമായ പരാമർശവും ഉണ്ടായിരിക്കില്ല. അവർ അവരുടെ ആത്മാർത്ഥമായ ജോലി തുടർന്നുകൊണ്ടേയിരിക്കട്ടെ.
നിങ്ങൾ കണ്ടിട്ടുള്ളതിൽ വഴിയെ പോകുന്ന ഒരു വാഹനത്തെ കൈനീട്ടി നിർത്തി അതിൻറെ ഗ്ലാസ് തിരിഞ്ഞു പോയിട്ടുണ്ടോ, ഡ്രൈവർ ഇട്ട ഡ്രസ്സ് കളർ മങ്ങിയോ, ലൈറ്റിന്റെ വെളിച്ചം കുറഞ്ഞോ എന്ന് നോക്കി ഫൈൻ അടിക്കുന്നതിലല്ല മിടുക്ക്… ഒരു മാഫിയ സംഘം പ്രവർത്തിക്കുന്നതിലും അച്ചടക്കത്തോടെ നടത്തുന്ന അതിമനോഹരമായ പിടിച്ചുപറിയാണ് ഗതാഗത വകുപ്പിലെ മോട്ടോർ വാഹന വകുപ്പിൽ നടക്കുന്നത്. കാലങ്ങളായി തുടരുന്ന അതിമനോഹരമായ കല തന്നെയാണ് പണത്തോടുള്ള ആർത്തി മൂലം ഇവർ ചെയ്യുന്ന പകൽ കൊള്ള. ഈ പകൽകൊള്ള എന്നതൊക്കെ നമ്മൾ പൊതുവേ അഴിമതി നടത്തുന്നവരെ പറയുന്നതാണ്. എന്നാൽ ഈ വിഭാഗത്തിന് പകൽകൊള്ള എന്നു പറഞ്ഞാലാവില്ല.
‘അതുക്കും മേലെ’ ഗ്ലാമർ പരിവേഷത്തോടെവന്ന് പൊതുജനങ്ങളെ ശല്യപ്പെടുത്താതെ തങ്ങളുടെ ഖജനാവ് നിറയ്ക്കുന്ന പണത്തോട് ആർത്തിയുള്ള ഗതാഗത കൊള്ളക്കാർ. സർക്കാർ മാന്യമായ ശമ്പളം നൽകുന്നുണ്ട്. അത്യാവശ്യം ആർഭാടത്തോടെ ഒരു കുടുംബത്തിന് കഴിഞ്ഞു പോകുവാൻ ധാരാളമാണ് ഇവർക്ക് കിട്ടുന്ന സർക്കാർ ശമ്പളം. എന്നിട്ടും കയ്യിട്ടുവാരുന്ന ഈ വിഭാഗത്തെ പൂട്ടാൻ മാറിമാറി വരുന്ന ഒരു സർക്കാരിനും സാധിച്ചിട്ടില്ല എന്നത് നാണക്കേട് തന്നെയാണ്. പൂട്ടാൻ കഴിവില്ലാത്തതല്ല എന്നാൽ അതിശക്തമായ സംഘടനാ ബലമുള്ള ഒരു സർക്കാർ വിഭാഗമാണ് മോട്ടോർ വാഹന വകുപ്പ്. അപ്പോൾതന്നെ അവരുടെ സ്വാധീനം എത്രമാത്രം വലുതാണെന്ന് മനസ്സിലാക്കാം.
ഞാൻ വാതോരാതെ തുടരുന്നത് മാത്രമേയുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ എങ്ങനെയാണ് കൊള്ളസംഘം പ്രവർത്തിക്കുന്നതെന്ന് നമുക്ക് നോക്കാം. അതോടൊപ്പം ഈ കൊള്ളസംഘം എന്ത് അഴിമതിയാണ് നടത്തുന്നത് എന്നും അറിയാം. 18 വയസ്സ് കഴിഞ്ഞ ഒരു ഇന്ത്യൻ പൗരന് വാഹനം നിരത്തിലോടിക്കുവാൻ ലൈസൻസ് എടുക്കാവുന്നതാണ്. മോട്ടോർ വാഹന വകുപ്പാണ് ആ വ്യക്തിക്ക് ലൈസൻസ് നൽകേണ്ടത്. ഒരു വ്യക്തിക്ക് ലൈസൻസ് നേടുവാൻ കുറച്ച് കടമ്പകളൊക്കെ കടക്കേണ്ടതായുണ്ട്. അതിനായി ആ വ്യക്തിക്ക് ഡ്രൈവിംഗ് പരിശീലനം നേടുന്നതിനായി അതാത് മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളിൽ ചേർന്ന് പരിശീലന പഠനം പൂർത്തിയാക്കാവുന്നതാണ്.
ഡ്രൈവിംഗ് സ്കൂളിൻറെ മാനദണ്ഡം ഉപയോഗിച്ച് നിങ്ങൾ പരിശീലനം പൂർത്തിയാക്കുന്നതോടെ നിശ്ചിത കാലയളവ് കഴിയുമ്പോൾ ആ വ്യക്തിക്ക് ഗതാഗത വകുപ്പിലെ ആർടിഒ ഓഫീസിൽ നിന്നും ദിവസവും സമയവും ലഭിക്കും. മോട്ടോർ വാഹന വകുപ്പിൽ നിന്നും ലേണേഴ്സ് കഴിഞ്ഞ് ഡ്രൈവിങ് സ്കൂൾ പഠനത്തിനു ശേഷവുമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുക. ഓരോ ആർ ടി ഓഫീസുകളിൽ നിന്നും അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ വെച്ച് നിങ്ങളുടെ പഠന മികവ് തിരിച്ചറിഞ്ഞ് ഓരോ ലൈസൻസിനും ആവശ്യമായ തരത്തിൽ വാഹനം ഓടിച്ച് കാണിച്ചു കഴിഞ്ഞാൽ, അവിടെ വിജയിച്ചു എന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ നിങ്ങൾക്ക് ലൈസൻസും ലഭിക്കും.
പൊതുനിരത്തിൽ ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനം നിയന്ത്രിക്കാവുന്നതുമാണ്. എന്നാൽ ഇതിനിടയിൽ എവിടെയും ഒരുവിധ സാമ്പത്തിക ക്രമക്കേടുകളും കാണാൻ സാധിക്കുകയില്ല. നിങ്ങൾ ഡ്രൈവിംഗ് സ്കൂളിനെ സമീപിച്ചും നിങ്ങളുടെ കഴിവുകൊണ്ടും ഡ്രൈവിംഗ് സ്കൂൾ അധ്യാപകന്റെ മികച്ച പരിശീലനം കൊണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു എന്ന് അഭിമാനിച്ചാണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്നും നിങ്ങൾ വിടവാങ്ങുന്നത്. എന്നാൽ അതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ കൈക്കൂലി കഥകളാണ് ഇനി എക്സ്പ്രസ് വാർത്ത പുറത്തുവിടാൻ പോകുന്നത്. ഒരുപക്ഷേ നാട്ടിലാകെ പാട്ടായിട്ടുള്ള ഉയർന്ന ഉദ്യോഗസ്ഥ തലത്തിൽ പോലും സുപരിചിതമായ മികച്ച പിടിച്ചുപറിയാണ് ഇതൊന്നും ഞങ്ങൾക്കറിയാം. എന്നാൽ ഒരുവിധ അന്വേഷണവും നടത്താൻ കഴിയാത്ത… മാറിമാറി ഏതു പാർട്ടി ഭരിച്ചാലും ജാതിമത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ സാധാരണക്കാരനെ കൊള്ളയടിക്കുന്ന ഈ വകുപ്പിനെ ഒന്ന് തൊടാൻ പോലും തലപ്പത്തിരിക്കുന്നവർ ഭയക്കും.
ഗതാഗത വകുപ്പ് ഏതു മികച്ച മന്ത്രി ഭരിച്ചാലും പുതിയ രീതിയിൽ കൊള്ളയടി തുടരുന്ന ഇവർക്ക് പണത്തോടുള്ള ആർത്തി മാറില്ല. ഒരു ആർടി ഓഫീസിൽ നിന്നും ഡ്രൈവിംഗ് ടെസ്റ്റ് പാസായി പുറത്തിറങ്ങുന്ന ഒരു വ്യക്തി ഏത് ലൈസൻസ് ആണോ നേടിയത് അതിനുള്ള മാമൂൽ തുക ആ വ്യക്തി പഠിച്ച ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരൻ കൃത്യമായി കൊടുത്തിരിക്കണം. മിക്കവാറും ഒരു ആർടി ഓഫീസിന്റെയോ സബ് ആർ ടി ഓഫീസിന്റെയോ കീഴിൽ 50 മുതൽ 80 വരെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കാറുണ്ട്. ഓരോ ദിവസവും പാസാവുന്ന ആളിന്റെ എണ്ണം അനുസരിച്ച് ഓരോ ഡ്രൈവിംഗ് സ്കൂളുകളും ഈ കൈ മണി നൽകേണ്ടത് നിർബന്ധമാണ്. എന്നാൽ ഇത് എംവിഐ യോ എഎം വിഐയോ നേരിട്ട് വാങ്ങാറില്ല.
ഒരു ഓഫീസിന്റെ കീഴിൽ എത്ര ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടോ, അതിൽ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനോ അയാളുടെ സഹായിയോ എല്ലാവരോടും.. അതായത് എല്ലാ ഡ്രൈവിംഗ് സ്കൂളുകാരോട് മാമൂൽ തുക ശേഖരിച്ച് അവരുടെ മോട്ടോർ വാഹന വകുപ്പിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് കൈമാറും. ഇനി മാമൂൽ തുകയായി വാങ്ങുന്ന കൊള്ളപ്പണത്തിന്റെ കണക്ക് നോക്കാം. ഫോർവീൽ ലൈസൻസ് ലഭിച്ച ഒരാളുടെ പേരിലുള്ള വിഹിതം 400 രൂപയും ടൂവീലർ ലൈസൻസ് ലഭിച്ച ഒരാളുടെ വിഹിതം 250 രൂപയുമാണ്. ഗ്രേഡ് കൂടിയ ഹെവി ലൈസൻസ് പാസാക്കുന്ന ഒരു വ്യക്തിയുടെ വിഹിതം ആയിരം രൂപയും, ഹെവി ലൈസൻസ് കാലാവധി കഴിഞ്ഞ് പുതുക്കുന്നതിന് 2000 രൂപയും ആർത്തിയോടെ കാത്തിരിക്കുന്ന മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകണം.
ഇനി ഈ തുക നൽകിയില്ലെങ്കിൽ എന്തുചെയ്യാൻ എന്നൊരു സംശയം തോന്നാം. അത് അനുഭവിച്ചിട്ടുള്ള ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാർക്ക് അറിയാം. എത്ര പരിശീലനം നേടിയ വ്യക്തിയാണെങ്കിലും തങ്ങളുടെ മാമൂൽ തുക തരാൻ തയ്യാറാകാത്ത സ്കൂളിൽ നിന്നാണ് ടെസ്റ്റ് എടുക്കാൻ വരുന്നതെങ്കിൽ അവനെ എന്തെങ്കിലും കാരണം കണ്ടുപിടിച്ച് പ്രതികാര നടപടിയുടെ ഭാഗമായി തോൽപ്പിക്കുവാനും ഇവർക്കറിയാം… ഇത്തരത്തിൽ തുടർച്ചയായി തോൽപ്പിക്കുന്നതോടെ ആ ഡ്രൈവിംഗ് സ്കൂളിലെ പരിശീലനം പോരെന്ന അഭിപ്രായം പടരുകയും അവൻറെ കഞ്ഞി കുടി മുട്ടുകയും ചെയ്യാൻ സാധ്യതയുണ്ട്.. അതിനാൽ ഗതികെട്ടിട്ടാണെങ്കിലും ഈ ഉദ്യോഗസ്ഥന്മാർക്കും മുമ്പിൽ മിക്കവരും മുട്ടുമടക്കുകയാണ് പതിവ്.
ഇടയ്ക്കൊക്കെ എത്തി നോക്കാറുള്ള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ എന്നതുപോലും ഇന്ന് പരിഹാസ വകുപ്പായാണ് ഇവർ കാണുന്നത്. ചില റെയ്ഡുകളിൽ ചെറിയ ചലനം സൃഷ്ടിച്ചെങ്കിലും പണം അടിച്ചുമാറ്റാനുള്ള പുതുവഴികൾ മോട്ടോർ വാഹന ഉദ്യോഗസ്ഥർ തന്നെ കണ്ടുപിടിക്കും… കണ്ണൂർ കാസർഗോഡ് മേഖലകളിലെ ചില ഓഫീസുകളിൽ നൂതന പിഴിയൽ തന്ത്രങ്ങൾ പരീക്ഷിച്ച് വിജയിച്ചതായാണ് അറിയാൻ സാധിച്ചിട്ടുള്ളത്. ഒരു ആർടി ഓഫീസിന് കീഴിൽ എത്ര ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടോ അവരെയെല്ലാം കൂട്ടിക്കൊണ്ട് നാല് ഗ്രൂപ്പുകൾ ആക്കി തിരിക്കും.
എന്നിട്ട് ഇതിൽ ഓരോ ഗ്രൂപ്പുകൾക്കും ആഴ്ചയിൽ ഒരു ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുക. അതെന്തിനാണെന്ന് വെച്ചാൽ ഗ്രൂപ്പ് ഉണ്ടാക്കി അതനുസരിച്ച് വരുമ്പോൾ അതാത് ഡ്രൈവിംഗ് സ്കൂളിൽ നിന്നും എത്തുന്ന വ്യക്തികൾ എത്രയാണെന്ന് കൃത്യമായി അറിയാൻ സാധിക്കുകയും ഒരു തുക പോലും മിസ്സ് ആവുകയുമില്ല. എന്നാൽ ഗ്രൂപ്പ് ഇല്ലാതെ എല്ലാവരും ഒന്നിച്ചാണ് വരുന്നതെങ്കിൽ ആര് ആരുടെ സ്കൂളിലെ വിദ്യാർഥി എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവും. അപ്പോൾ കുറച്ചുപേരുടെ തുക നഷ്ടപ്പെടും.. പട്ടിണി കിടക്കുന്ന പാവം ഉദ്യോഗസ്ഥർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കും….
ഗ്രൗണ്ടിലെ ടെസ്റ്റ് കഴിഞ്ഞ ഉടനെ തന്നെ കണക്കെടുക്കലും പിരിക്കലും നടക്കുകയും ചെയ്യും. എങ്ങനെയുണ്ട് പുതിയ പിഴിയൽതന്ത്രം. കണ്ണൂർതളിപ്പറമ്പിലെ സബ് ആർടി ഓഫീസിലും പയ്യന്നൂരിലെ സബ് ആർടി ഓഫീസുകളിലും ഈ തന്ത്രം വിജയിച്ചതിനാൽ ഇപ്പോൾ കാഞ്ഞങ്ങാട് സബ് ആർടി ഓഫീസിലും പരീക്ഷണം നടക്കുന്നതായാണ് രഹസ്യവിവരം. അതായത് ആരൊക്കെ തടയിടാൻ ശ്രമിച്ചാലും പുതിയ മാർഗ്ഗത്തിലൂടെ സമ്പാദ്യം കൂട്ടുവാൻ ഇവർ പുത്തൻ മാർഗ്ഗങ്ങൾ കണ്ടുപിടിച്ചു കൊണ്ടേയിരിക്കും. മാമൂൽ തുക നൽകുന്നതു വഴി ചെറിയ തട്ടുകേടൊക്കെ സംഭവിച്ചാലും ടെസ്റ്റിന് വരുന്ന വ്യക്തിയെ വിജയിപ്പിക്കുവാൻ ഈ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കും എന്നതിനാൽ മാമുൽ തുക നൽകുവാൻ ഡ്രൈവിംഗ് സ്കൂളുകാരും തയ്യാറാണ്.
അതിനാൽ തന്നെ ആർക്കും ദോഷമില്ലാത്ത രീതിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പണ ഉൽപാദന മേഖലയായി മോട്ടോർ വാഹന വകുപ്പ് മാറിയിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥർക്ക് അത്യാവശ്യം നല്ല രീതിയിൽ തന്നെ സർക്കാർ ശമ്പളം ലഭിക്കുന്നുമുണ്ട്. എന്നിട്ടും പണത്തോടുള്ള ആർത്തിക്ക് ഒരു കുറവുമില്ല. ഒരു ദിവസം തന്നെ ഇത്തരത്തിൽ പിരിയ്ക്കുന്ന തുക നാല്പതിനായിരം മുതൽ 50000 വരെ ഉണ്ടാകാറുണ്ട്. അങ്ങനെയെങ്കിൽ വർഷങ്ങളായി തുടരുന്ന ആർത്തി കൊള്ളയിലൂടെ ഇവർ സമ്പാദിക്കുന്ന തുക അത്രയ്ക്കും ഭീമമാണ്. ഒരു നിയമവും തിരിഞ്ഞു നോക്കാത്തതിനാൽ ഇന്നും അഭിമാനത്തോടെ തുടരുകയാണ് ചില ഉദ്യോഗസ്ഥരുടെ പണത്തോടുള്ള ആർത്തി മൂലമുള്ള സാമ്പത്തിക കൊള്ള.



