Mon Sep 07, 2026 8:31 pm
FLASH
X

കേരള പോലീസ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനതാത്പര്യത്തിനും മുൻതൂക്കം നൽകുന്ന സേന: രമേശ് ചെന്നിത്തല

HOME / Kerala September 1, 2026

കെ.എ.പി നാലാം ബറ്റാലിയൻ, എം.എസ്.പി പാസിങ് ഔട്ട് പരേഡ് നടന്നു

കണ്ണൂർ: രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, ദേശാഭിമാനബോധം, ജനതാത്പര്യം എന്നിവയ്ക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന സേനയാണ് കേരള പോലീസെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യയിലെ പോലീസ് സേനകൾക്ക് തന്നെ മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് കേരള പോലീസ് നടത്തുന്നതെന്നും മികച്ച കുറ്റാന്വേഷണ പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതിലും കേരള പോലീസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനമായ പരിശീലനം പൂർത്തിയാക്കി സേവനത്തിനായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്ന പുതിയ സേനാംഗങ്ങൾ ജനതാത്പര്യത്തിന് മുൻതൂക്കം നൽകണമെന്നും സേനയ്ക്ക് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ താൽപര്യവും ക്ഷേമവും സംരക്ഷിക്കുക എന്നത് കേരള പോലീസ് അംഗങ്ങളുടെ പ്രധാന ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം പുതിയ സേനാംഗങ്ങൾക്കുണ്ടെന്നും കേരളത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് നാടിനും സമൂഹത്തിനും വേണ്ടി അച്ചടക്കത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ച സേനാംഗങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനിൽ നിന്നുള്ള 166 പേരും മലബാർ സ്പെഷ്യൽ പോലീസ് ബറ്റാലിയനിൽ നിന്നുള്ള 139 പേരും ഉൾപ്പെടെ 305 റിക്രൂട്ട് പോലീസ് സേനാംഗങ്ങളാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. സൂരജ് വി നയിച്ച പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡർ ജിനു ബി.ഐ ആയിരുന്നു. കെ.എ.പി നാലാം ബറ്റാലിയനിൽ ആൽബിൻ വർഗീസ് മികച്ച ഇൻഡോർ കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ടു. സബിൻ ടി. സത്യൻ മികച്ച ഔട്ട്ഡോർ കേഡറ്റായും അമൽ ദേവ് ഡി. മികച്ച ഓൾറൗണ്ടറായും നിവേദ് കെ.വി മികച്ച ഷൂട്ടറായും തെരഞ്ഞെടുക്കപ്പെട്ടു. എം.എസ്.പി ബറ്റാലിയനിൽ ആദർശ് പി. മികച്ച ഇൻഡോർ കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ടു. ജിനു ബി.ഐ മികച്ച ഔട്ട്ഡോർ കേഡറ്റിനും മികച്ച ഓൾറൗണ്ടറിനുമുള്ള പുരസ്കാരം സ്വന്തമാക്കി. ജിതിൻ കെ.വൈ ആണ് മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത്. അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി സേനാംഗങ്ങളുടെ ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങളാണ് നൽകിയത്. ശാരീരിക ക്ഷമതാ പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തൽ, വിവിധ സ്വയം പ്രതിരോധ പരിശീലനങ്ങൾ, ഫയറിങ് എന്നിവ ഉൾപ്പെടുന്നതായിരുന്നു ഔട്ട്ഡോർ പരിശീലനം. ഇൻഡോർ പരിശീലനത്തിൽ ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, മോട്ടോർ വാഹന നിയമം, വി.ഐ.പി ബന്തവസ്, ടെലികമ്മ്യൂണിക്കേഷൻ, സോഷ്യൽ മീഡിയ, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തി.

ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനായി ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകി. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽ വിഭാഗങ്ങൾ എന്നിവരോട് എങ്ങനെ പെരുമാറണമെന്നതിലും പരിസ്ഥിതിക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിലും പരിശീലനം നൽകി. പോലീസിന്റെ മാനവിക മുഖം ശക്തിപ്പെടുത്തുന്നതിനും ഈ പരിശീലനങ്ങൾ സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ വി. കുഞ്ഞികൃഷ്ണൻ, ടി.ഒ. മോഹനൻ, സജീവ് ജോസഫ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.