Sat Aug 15, 2026 6:05 pm
FLASH
X

ഭരണസിരാകേന്ദ്രത്തിന് ഇനി നവോത്ഥാനത്തിന്റെയും സാഹിത്യത്തിന്റെയും കാവൽ; എറണാകുളം കളക്ടറേറ്റ് കവാടങ്ങൾക്ക് പേരുകളായി

HOME / Kerala / Latest News August 15, 2026

കൊച്ചി: എറണാകുളത്തിന്റെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലേക്ക് ഇനി പ്രവേശിക്കുന്നത് കേരളത്തിന്റെ നവോത്ഥാന നായകരുടെയും സാഹിത്യ കുലപതികളുടെയും സ്മരണകളിലൂടെയാകും. വെറുമൊരു സർക്കാർ കാര്യാലയം എന്നതിലുപരി ജില്ലയിലെ ചരിത്രവും സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്ന പുതിയ മാറ്റത്തിനാണ് എറണാകുളം കളക്ടറേറ്റ് സാക്ഷ്യം വഹിച്ചത്.

ജില്ലാ വികസന സമിതിയിൽ ഉമാ തോമസ് എം.എൽ.എ മുന്നോട്ടുവച്ച ആശയമാണ് ഇതിന് തുടക്കമായത്. തുടർന്ന് ജീവനക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ മത്സരത്തിലൂടെയാണ് കവാടങ്ങൾക്ക് പേരുകൾ നിർദ്ദേശിച്ചത്. സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ മികച്ച പേരുകൾ നിർദ്ദേശിച്ച ജീവനക്കാരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ആദരിച്ചു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഇൻഫർമേഷൻ ഓഫീസറും ചേർന്നാണ് ജീവനക്കാരിൽനിന്ന് ലഭിച്ച നിർദ്ദേശങ്ങളിൽ നിന്ന് അന്തിമ പട്ടിക തയ്യാറാക്കിയത്.

ഒന്നാം നമ്പർ ഗേറ്റിന് പ്രമുഖ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ ദാക്ഷായണി വേലായുധന്റെ പേര് നൽകി. ഇൻഫോപാർക്ക് റോഡിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഈ കവാടത്തിന് ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് പേര് നിർദ്ദേശിച്ചത്.

സിവിൽ സ്റ്റേഷനിൽ നിന്ന് ഇൻഫോപാർക്ക് റോഡിലേക്ക് ഇറങ്ങുന്ന രണ്ടാം നമ്പർ ഗേറ്റിന് സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ പേര് നൽകി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എസ്. ആർ. ശ്രീജിത്താണ് ഈ പേര് നിർദ്ദേശിച്ചത്.

മൂന്നാം നമ്പർ ഗേറ്റ് പണ്ഡിറ്റ് കറുപ്പൻ കവാടം എന്നറിയപ്പെടും. ജാതിവിവേചനത്തിനെതിരെ ശക്തമായ ശബ്ദമുയർത്തിയ കേരള നവോത്ഥാന നായകനായ പണ്ഡിറ്റ് കറുപ്പന്റെ സ്മരണയ്ക്കാണ് ഈ കവാടം സമർപ്പിച്ചത്. 1885-ൽ ചേരാനെല്ലൂരിൽ ജനിച്ച പണ്ഡിറ്റ് കറുപ്പൻ കവിയും അധ്യാപകനുമായിരുന്നു. എറണാകുളത്തിന്റെ സാമൂഹിക മാറ്റങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. കളക്ടറേറ്റ് ജീവനക്കാരനായ ബാലു അലക്സ് വർഗീസാണ് പേര് നിർദ്ദേശിച്ചത്.

നാലാം നമ്പർ ഗേറ്റിന് മഹാകവി ജി. ശങ്കരക്കുറുപ്പ് കവാടം എന്ന് പേരിട്ടു. മലയാളത്തിന് ആദ്യ ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായാണ് ഈ പേര്. അധ്യാപകൻ, കവി, ഉപന്യാസകൻ, ഗാനരചയിതാവ്, പാർലമെന്റ് അംഗം എന്നീ നിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. റവന്യൂ വിജിലൻസിലെ ക്ലർക്ക് ലിബിൻ എം. തോമസാണ് ഈ പേര് നിർദ്ദേശിച്ചത്.

അഞ്ചാം നമ്പർ ഗേറ്റ് ചങ്ങമ്പുഴ കൃഷ്ണപിള്ള കവാടം എന്നറിയപ്പെടും. ‘രമണൻ’ ഉൾപ്പെടെയുള്ള കൃതികളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേരാണ് കവാടത്തിന് നൽകിയത്. 1911 ഒക്ടോബർ 10ന് ഇടപ്പള്ളിയിൽ ജനിച്ച ചങ്ങമ്പുഴയുടെ അനശ്വര ഓർമകൾ ഇനി ജില്ലയിലെ ഭരണസിരാകേന്ദ്രത്തിലും നിറയും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ക്ലർക്ക് അമൃത മോഹനനാണ് ഈ പേര് നിർദ്ദേശിച്ചത്.

സർക്കാർ ഓഫീസുകളുടെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഈ മാറ്റം എറണാകുളത്തിന്റെ മണ്ണിൽ സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ മഹാരഥന്മാരോടുള്ള ആദരവ് കൂടിയാണ്. കളക്ടറേറ്റിലെ ഓരോ പ്രവേശന കവാടവും ഇനി ഒരു നാടിന്റെ അഭിമാനകരമായ ചരിത്രത്തെ ഓർമിപ്പിക്കുന്ന അടയാളങ്ങളാകും.