Mon Aug 17, 2026 9:15 am
FLASH
X

ചെങ്കോട്ടയിൽ ചരിത്രനിമിഷം; ആദ്യമായി ‘വന്ദേമാതരം’, യുവാക്കൾക്ക് സൗജന്യ കോച്ചിംഗ് പ്രഖ്യാപിച്ച് മോദി

HOME / Latest News / National August 15, 2026

ന്യൂഡൽഹി: രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ചെങ്കോട്ടയിൽ ചരിത്രനിമിഷം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആദ്യമായി ‘വന്ദേമാതരം’ ആലപിച്ചു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.

ധീര സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്ന് പറഞ്ഞ മോദി, പുതിയ പ്രതീക്ഷകളുമായി ഇന്ത്യ മുന്നേറുകയാണെന്നും വ്യക്തമാക്കി.

2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യത്തിന്റെ യാത്രയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ, ഡിജിറ്റൽ മേഖല, അടിസ്ഥാനസൗകര്യം തുടങ്ങി വിവിധ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.

സ്വയംപര്യാപ്തത പൂർണ അർഥത്തിൽ യാഥാർഥ്യമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. മറ്റുരാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം രാജ്യത്ത് സൃഷ്ടിക്കേണ്ടതുണ്ട്. ഡിജിറ്റൽ ഇടപാടുകൾ വലിയ തോതിൽ വർധിച്ചെന്നും സെമികണ്ടക്ടർ മേഖലയിൽ മൂന്ന് പ്ലാന്റുകൾ യാഥാർഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. ആണവോർജ മേഖലയിലും ഇന്ത്യ സ്വന്തം ശക്തി നേടിയതായി പ്രധാനമന്ത്രി പറഞ്ഞു.

യുവാക്കളാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ മോദി, വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക പരിശീലന ശൃംഖല ഒരുക്കും. കോച്ചിംഗ് സെന്ററുകളുടെ ഉയർന്ന ചെലവ് മധ്യവർഗ കുടുംബങ്ങൾക്ക് വലിയ ഭാരമായി മാറിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.

വരും വർഷങ്ങളിൽ ഒരു കോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. യുവാക്കളുമായി ചേർന്നാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വികസനത്തിനായി കൃഷി, ഭക്ഷ്യസംസ്‌കരണം, AI, നിർമാണം തുടങ്ങിയ ഏഴ് പ്രധാന മേഖലകൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ മുന്നേറ്റത്തിന് ‘സപ്തധാര’ പ്രതിജ്ഞയും അദ്ദേഹം മുന്നോട്ടുവച്ചു.

രാജ്യത്ത് പ്രതിസന്ധിയുണ്ടായപ്പോൾ ചിലർ ഭീതി പരത്താൻ ശ്രമിച്ചെന്നും വാക്സീനും ഇന്ധനവും ലഭിക്കില്ലെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു. എന്നാൽ സുസ്ഥിരമായ സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇത്തരം പ്രതിസന്ധികളെ മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് ഒപ്പുവച്ച വ്യാപാര കരാറുകൾ ഇന്ത്യൻ സംരംഭകർക്ക് വലിയ അവസരങ്ങൾ തുറന്നിട്ടുണ്ടെന്നും ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.

ഇന്ത്യയെ പൂർണമായും നക്സൽ മുക്തമാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വനിതാ സംവരണം യാഥാർഥ്യമാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ യുവശക്തി, AI, സാങ്കേതികവിദ്യ, സ്വയംപര്യാപ്തത എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന സന്ദേശത്തോടെയാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ശ്രദ്ധേയമായത്.