Mon Aug 17, 2026 8:10 am
FLASH
X

മിച്ചൽ സ്റ്റാർക്കിന്റെ വിക്കറ്റ് വേട്ടയിൽ ചരിത്രനേട്ടം; ഇനി മുന്നിൽ മറ്റൊരു റെക്കോർഡ്

Latest News / Cricket / Sports August 14, 2026

ഡാർവിൻ: ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ചരിത്രനേട്ടവുമായി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഷദ്മാൻ ഇസ്ലാമിനെ പുറത്താക്കിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇടംകൈയൻ ബൗളറെന്ന റെക്കോർഡ് സ്റ്റാർക്ക് സ്വന്തമാക്കിയത്.

ഇതോടെ സ്റ്റാർക്കിന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടം 434 ആയി. 433 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്പിന്നർ രംഗന ഹെറാത്തിന്റെ റെക്കോർഡാണ് സ്റ്റാർക്ക് മറികടന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസർമാരുടെ പട്ടികയിൽ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിനൊപ്പവും സ്റ്റാർക്ക് എത്തി.

ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ ആദ്യ പത്ത് താരങ്ങളുടെ പട്ടികയിലേക്കും സ്റ്റാർക്ക് ഇനി അധികം ദൂരെയല്ല. 439 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്റ്റെയ്‌നാണ് പട്ടികയിൽ പത്താം സ്ഥാനത്ത്. ആറ് വിക്കറ്റുകൾ കൂടി നേടിയാൽ സ്റ്റാർക്കിന് സ്റ്റെയ്‌നെയും മറികടക്കാം. 800 വിക്കറ്റുകളുമായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമത്.

അതേസമയം, ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 198 റൺസിൽ അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്കായി മുൻ നായകൻ സ്റ്റീവ് സ്മിത്ത് 71 റൺസെടുത്ത് മികച്ച പ്രകടനം നടത്തി. എന്നാൽ ബംഗ്ലാദേശ് പേസർ ഹസൻ മഹ്മൂദിന്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ഓസീസ് ബാറ്റിങ് നിര തകർന്നു.

55 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്മൂദാണ് ഓസ്ട്രേലിയയെ തകർത്തത്. ടെസ്റ്റ് ഇന്നിങ്സിൽ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ടസ്കിൻ അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നൽകി.

ഓപ്പണർമാരായ ട്രാവിസ് ഹെഡും ജാക്ക് വെതറാൾഡും ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ടിലൂടെ ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വിക്കറ്റുകൾ തുടർച്ചയായി വീണു. വെതറാൾഡിനെയും ഹെഡിനെയും തുടർച്ചയായ ഓവറുകളിൽ പുറത്താക്കി ഹസൻ മഹ്മൂദാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മാർനസ് ലബുഷെയ്ൻ ഒരു റൺസിനും കാമറൂൺ ഗ്രീൻ 13 റൺസിനും പുറത്തായി.

ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിങ്സ് സ്കോർ കൂടിയാണിത്. 2017ൽ മിർപൂരിൽ 217 റൺസിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്കോർ.