Tue Jun 23, 2026 1:23 am
FLASH
X
booked.net

പിഎം ശ്രീയിൽ മലക്കം മറിയുന്ന സർക്കാർമുൻ സർക്കാർ ഒപ്പിട്ടതിനാൽ തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രിഒന്ന് കണ്ണടച്ചാൽ കിട്ടുന്നത് തടഞ്ഞുവെച്ച കോടികൾപണം വേണ്ടെന്നു വയ്ക്കില്ലെന്ന് കെ എം ഷാജി

EDITORIAL / Videos June 22, 2026

കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുവാൻ തിരഞ്ഞെടുത്ത സ്കൂളുകൾക്ക് അനുമതി നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് പി എം ശ്രീ പദ്ധതി. പൂർണമായും കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ നയമാണ് പി എം ശ്രീ. രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ ചെയ്യാനും പ്രാപ്തരാക്കുക എന്നത് ഈ വിദ്യാഭ്യാസ നയത്തിന്റെ പ്രത്യേകതയാണ്. എന്നാൽ ഇത് പൂർണ്ണമായും കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ കീഴിൽ വരുന്നതിനാൽ തന്നെ സംസ്ഥാന സർക്കാരിന് കൂടുതൽ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന പരമാർത്ഥം മനസ്സിലാക്കേണ്ടതുമാണ്.


കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുവാൻ ഒരു ശ്രമം നടത്തി നോക്കിയതാണ്. അതിനും മറ്റൊരു ലക്ഷ്യം ഉണ്ടായിരുന്നു. പദ്ധതിയിൽ ഒപ്പുവച്ചാൽ സർക്കാറിന് ലഭിക്കേണ്ട തടഞ്ഞു വെച്ച 1200 കോടിയോളം തുക കേന്ദ്രം അനുവദിച്ചു നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. കേന്ദ്രം ഭരിക്കുന്നത് ബിജെപി സർക്കാരാണ്. ബിജെപി കേന്ദ്രം ഭരിക്കുന്നതിനാൽ സംസ്ഥാന ഭരണം കയ്യാളുന്നത് ബിജെപി സർക്കാർ ആണെങ്കിൽ മാത്രം ആനുകൂല്യം നൽകുകയും,, എന്നാൽ മറ്റു പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയുംചെയ്യുന്ന നിലപാട് കേന്ദ്രം മിക്കയിടങ്ങളിലും പയറ്റിക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാർ ആയിരുന്നതിനാൽ ഒരുതരത്തിലും സഹകരിക്കില്ലെന്നുള്ളത് ഉറപ്പുമാണ്.

സംസ്ഥാന സർക്കാറുകൾക്ക് നൽകേണ്ട വിഹിതം പിടിച്ചു വയ്ക്കുകയോ തങ്ങളുടെ നയങ്ങളെ അടിച്ചേൽപ്പിക്കുകയോ ചെയ്യുന്ന കേന്ദ്രസർക്കാർ നയം പ്രതിഷേധാർഹം തന്നെയാണ്. സാമ്പത്തികമായി നിൽക്കക്കള്ളിയില്ലാത്തതിനാൽ പിഎം ശ്രീയിൽ ഒപ്പിടാൻ ആദ്യം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു എൽഡിഎഫ് സർക്കാർ. എന്നാൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനേക്കാൾ സ്വന്തം മുന്നണിയിൽ തന്നെയുള്ള സിപിഐ ഒപ്പിടാൻ പാടില്ലെന്ന നിലപാടെടുത്തു. അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തങ്ങളുടെ ഇഷ്ടത്തിലാണ് തീരുമാനം എടുത്തതെന്ന രീതിയിൽ പ്രചരണവും ശക്തമായിരുന്നു.


പ്രതിഷേധങ്ങൾക്കൊടുവിൽ പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറുമെന്ന് അന്നത്തെ സംസ്ഥാന സർക്കാർ സിപിഐയോട് ഉറപ്പുനൽകി. ആ സമയങ്ങളിലൊക്കെ പ്രതിഷേധ യോഗങ്ങളിൽ പ്രസംഗിച്ചു നടന്നിരുന്ന ഇന്നത്തെ യുഡിഎഫ് മുഖ്യമന്ത്രി,, ഞങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീയെ തൂത്തെറിയുമെന്ന് ഘോരഘോരം പ്രസംഗിച്ചിരുന്നു. സാധാരണ തിരക്കുള്ള മനുഷ്യർക്ക് ഊണും ഉറക്കവും കൃത്യമായി ലഭിക്കാതിരുന്നാൽ, മറവി രോഗം വരാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ പുതിയ മുഖ്യമന്ത്രിക്ക് മറവി രോഗം ബാധിച്ചതാണോ മനപ്പൂർവ്വം മറവി ഉണ്ടെന്നു പറഞ്ഞ് പറ്റിക്കുന്നതാണോ എന്നൊരു സംശയമുണ്ട്.


നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പണ്ട് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായി എല്ലാവരും പൊടിതട്ടിയെടുക്കുന്നുണ്ട്. എക്സ്പ്രസ് വാർത്തയും ആ വാക്കുകൾ ശ്രദ്ധിച്ചിരുന്നു…’ മന്ത്രിസഭയെയും പൊതുജനങ്ങളെയും ഇരുട്ടിൽ നിർത്തി ഇടതു സർക്കാർ കേന്ദ്രവുമായി ധാരണപത്രം ഒപ്പിട്ടിരിക്കുന്നുവെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് സിപിഎം ബിജെപി ഡീൽ ഉണ്ടാക്കിയെന്നുമാണ് അന്ന് പ്രതിഷേധിച്ചത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ പദ്ധതി നടപ്പിലാക്കില്ലെന്നും,, കേന്ദ്രസർക്കാരിൻറെ പുതിയ വിദ്യാഭ്യാസ നയം ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നും,, സംഘപരിവാർ അജണ്ടയായ കാവിവൽക്കരണം കേരളത്തിൽ അനുവദിക്കുന്നില്ലെന്നും അന്നു പറഞ്ഞിരുന്നു എന്നതോർമ്മയുണ്ടോ ആവോ.


എന്നാൽ മുഖ്യന് അതൊന്നും ഓർമ്മയില്ല,, പണ്ടെങ്ങോ പറഞ്ഞ കാര്യമായതുകൊണ്ടാവാം ഓർമയില്ലാത്തത്. പുതിയ മലക്കംമറിച്ചിലിൽ ഒരു പ്രത്യേക കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അന്ന് ഒപ്പുവെച്ച പദ്ധതിയായതിനാൽ നിർബന്ധം മൂലം തുടർന്നേ പറ്റൂ… നിർബന്ധിക്കാതിരുന്നാൽ തുടരില്ലായിരുന്നു. എന്നാൽ കേന്ദ്രത്തെ പാഠ്യപദ്ധതിയിൽ ഇടപെടാൻ അനുവദിക്കില്ലെന്നും സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനായിരിക്കും എന്ന് കർശന ഉപാധികളോടെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറയുന്നു.


തടഞ്ഞുവെച്ച വലിയൊരു വിഹിതം കേന്ദ്രം ഇങ്ങോട്ട് തന്നിട്ട് വേണം ഇവിടെ കുറെ കാര്യങ്ങൾ ചെയ്തുതീർക്കാൻ. പണ്ടെന്തോ മണ്ടത്തരം വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് വെച്ച് മുഖ്യമന്ത്രി കസേരയിലിരുന്നു കഴിഞ്ഞാൽ ഇതൊന്ന് മുമ്പോട്ട് കൊണ്ടുപോകണ്ടേ. അവിടെ തത്വവും പറഞ്ഞുകൊണ്ടിരുന്നാൽ ഭരണം കുഴഞ്ഞു മറിഞ്ഞിരിക്കും. അതുകൊണ്ട് പണ്ടത്തെ കവലപ്രസംഗം ഒക്കെ മാറ്റിവെച്ച് നമ്മുടെ മുഖ്യൻ സാമ്പത്തിക ഭദ്രത തേടുമ്പോളാണോ ഓരോന്ന് ഓർമ്മപ്പെടുത്തുന്നത്. ചെറിയൊരു വിട്ടുവീഴ്ചയൊക്കെ നടത്തിയാലേ കേന്ദ്രം കനിയുകയുള്ളൂ. ഭരണചക്രം ഉരുളണമെങ്കിൽ വാക്കല്ല പ്രവർത്തിയാണ് വേണ്ടതെന്ന് അങ്ങേർക്ക് നന്നായിയറിയാം. മുഖ്യമന്ത്രി തന്റെ ഭാഗം വളരെ തന്ത്രപരമായി നീക്കുന്നുണ്ട് എന്നാൽ അതിനിടയിൽ പെട്ടുപോയത് മുസ്ലിം ലീഗ് മന്ത്രിമാരാണ്.


ഇപ്പോളത്തെ മന്ത്രിയും മുൻപ് പ്രതിപക്ഷത്തുമായിരുന്ന കെഎം ഷാജി നേതാവാണ് ഘോരഘോരം പ്രസംഗിക്കുന്നതിൽ മുസ്ലിം ലീഗിലെ തിളക്കക്കാരൻ. അന്നത്തെ തിളക്കത്തിനിടയിൽ മൈക്ക് തനിക്ക് മാത്രമായി കിട്ടിയപ്പോൾ തിളച്ചു മറിയുന്ന കർണ്ണകഠോര വാക്കുകളാണ് വേദിയിൽനിന്ന് ചിതറിത്തെറിച്ചത്. അന്ന് ചിതറിത്തെറിച്ച ഒരു ചെറിയ വാക്ക് പറയാം,, ‘സിപിഎംകാരാ ആർഎസ്എസും നിങ്ങളും തമ്മിൽ ഡിലുണ്ടാക്കിയ പി എം ശ്രീ എന്ന പദ്ധതി വലിച്ച് ചവറ്റുകൊട്ടയിലേക്ക് ഞങ്ങളെറിയും… ഇങ്ങനെയൊക്കെ സിപിഎമ്മിനെതിരെ അലറി വിളിച്ചാലെ നാലഞ്ചുപേർ ശ്രദ്ധിക്കുകയുള്ളൂ. അന്ന് ഡീൽ ഉണ്ടാക്കിയത് സിപിഎമ്മും ആർഎസ്എസും തമ്മിലാണെങ്കിൽ ഇന്നത് യുഡിഎഫും ആർഎസ്എസും തമ്മിലാണെന്ന് മാത്രം.


അന്ന് അങ്ങനെ പറഞ്ഞുവെന്ന് വെച്ച് ഇന്നതിപ്പോ മാറ്റിപ്പറയാനെന്താ പറ്റാത്തത്. വാക്കല്ലേ മാറ്റാനാകൂ തല മാറ്റാനൊന്നുമാകില്ലല്ലോ. എന്നാപ്പിന്നെ വാക്ക് അങ്ങ് മാറ്റിയേക്കാം. മാറ്റിയ വാക്കും കേൾക്കാം. ‘ഞാനിപ്പോൾ ഉത്തരവാദിത്തപ്പെട്ട മിനിസ്റ്ററാണ്,, കഴിഞ്ഞ ഗവൺമെൻറ് എടുത്ത തീരുമാനത്തിൽ നിന്ന് ഒറ്റയടിക്ക് മാറിപ്പോരാനൊന്നും പറ്റില്ല. നമ്മൾ വിചാരിക്കുന്ന നിരീക്ഷണങ്ങളിലേക്ക് കടന്നു കയറുന്ന ആശയപരമായ പ്രശ്നങ്ങളോട് ഞങ്ങൾക്ക് വിയോജിപ്പുണ്ടാകാം. സ്വാഭാവികമാണ്,, അതേസമയത്ത് സെൻട്രൽ ഗവൺമെന്റിന്റെ എല്ലാ പണത്തെയും വേണ്ടെന്നു പറയുന്ന രീതിയിലേക്കുള്ള സമീപനം ഞങ്ങൾ എടുക്കില്ല’. മന്ത്രി കെ എം ഷാജിക്ക് കാര്യങ്ങൾ മനസ്സിലായത് കൊണ്ട് തന്നെയാണ് പ്രസംഗവും പ്രവർത്തിയും രണ്ടാണെന്ന് തീരുമാനിച്ചത്.


അന്ന് അങ്ങനെ പിഎം ശ്രീ യൊക്കെ കടലിലെറിയുമെന്നൊക്കെ പറഞ്ഞെന്നേയുള്ളൂ, എന്നാൽ മന്ത്രി ആയി കഴിഞ്ഞാൽ അങ്ങനെ എറിയാൻ പറ്റില്ല. എറിയാതെ സൂക്ഷിച്ചാൽ അതിനെ പണമാക്കി മാറ്റാവുന്ന പദ്ധതിയാണ് പി എം ശ്രീ. ഒന്നാമതേ കടത്തിൽ മുങ്ങിയ കേരളം,,, കേന്ദ്രം പണം തരാമെന്ന് പറയുന്നുമുണ്ട്. മലക്കംമറിയുന്നതല്ലേ ഈ സാഹചര്യത്തിൽ ഉത്തമം. മലക്കംമറിയുന്ന മുസ്ലിം ലീഗ് മന്ത്രിമാർക്കും കൂട്ടർക്കും മുന്നിൽ മറ്റൊരു കടമ്പയുള്ളത് വോട്ട് നൽകി വിജയിപ്പിച്ച ജനങ്ങൾ മാത്രമാണ്. എതിർക്കാതെ നോക്കിനിന്നതിൽ പ്രതിഷേധത്തിലാണ് അവർ. ആയിരം കോടിക്കുവേണ്ടി സമുദായത്തെ വഞ്ചിച്ചുവെന്നും സർക്കാർ ആർഎസ്എസിനെ പൂർണമായി കീഴടങ്ങി എന്നുമാണ് ജനസംസാരം. ഇനി പ്രതിഷേധങ്ങൾക്കൊന്നും യാതൊരു അർത്ഥവുമില്ല. പി എം ശ്രീയുമായി യുഡിഎഫ് സർക്കാർ മുൻപോട്ട് തന്നെയാണ്. കേന്ദ്രത്തോട് തലകുനിച്ചു നിന്നാൽ ലഭിക്കുന്നത് തടഞ്ഞു വച്ചിരിക്കുന്ന 1200 കോടിക്ക് മുകളിലുള്ള തുകയുമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ധാരണാ പത്രം ഒപ്പിട്ടിരുന്നുവെങ്കിലും വൻ പ്രതിഷേധത്തോടെ അതിൽനിന്നും പിന്മാറിയിരുന്നു. പദ്ധതി പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പിട്ട കലക്ടർ വാസുകിയുടെ പേരിലുള്ള കുറിപ്പും പുറത്തുവന്നു.


ധാരണ പത്രത്തിലെ ഒപ്പിലൂടെ പുതിയ സർക്കാർ കരാർ ഒപ്പിടാൻ തന്നെയാണ് തീരുമാനം. പിൻവലിക്കണമെങ്കിൽ പി എം ശ്രീ യിൽ നിന്നും സർക്കാരിന് പുറകോട്ട് പോകാവുന്നതാണ്, എന്നാൽ അതല്ല ലക്ഷ്യം,, കിട്ടാനുള്ള പണം മാത്രമാണ് ലക്ഷ്യമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. പി എം ശ്രീ യിൽ തടഞ്ഞു വെച്ച പണമായ 99 കോടി രൂപ അന്നത്തെ എൽഡിഎഫ് സർക്കാരിന് കിട്ടിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ അത് എസ് എസ് കെ ഫണ്ടാണെണെന്ന് തെളിഞ്ഞതുമാണ്. തുടക്കം മുതൽ തന്നെ നിലപാട് മാറ്റുന്ന യുഡിഎഫിന് മുമ്പിൽ ഇനിയും അഗ്നിപരീക്ഷകൾ അനവധിയാണെന്ന് മറക്കണ്ട. പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞതും ഭരണത്തിലേറുമ്പോൾ പറയുന്നതും മറക്കുന്ന നിലപാടുകൾ മികച്ച ഭരണാധികാരികൾക്ക് ചേർന്നതല്ല. തിരുത്താനും ചിന്തിക്കാനും ഉചിതമായ തീരുമാനമെടുക്കാനും ഇനിയും സമയമുണ്ട്. വൻഭൂരിപക്ഷത്തിൽ ജനങ്ങൾ നിങ്ങളെ വിജയിപ്പിച്ചു വിട്ടത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേരായ മാർഗ്ഗം തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷയിലാണ്. ജനഹിതം മറക്കാതിരിക്കുക അവസാനവാക്ക് ജനങ്ങളുടേതാണ്.