Tue Jul 08, 2025 10:01 am
FLASH
X
booked.net

കോവിഡ് 19 വ്യാപനം: നിലമ്പൂരിൽ ആൾക്കൂട്ട പ്രചാരണം വിലക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala / Latest News June 7, 2025

കോവിഡ് 19 വ്യാപനം: നിലമ്പൂരിൽ ആൾക്കൂട്ട പ്രചാരണം വിലക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയം: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ആൾക്കൂട്ട പരസ്യ പ്രചാരണങ്ങൾ ഉടനടി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടു പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നൽകി. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 5575 കോവിഡ് 19 കേസുകൾ റിപ്പോർട്ടു ചെയ്യുകയും കേരളത്തിൽ മാത്രം അത് രണ്ടായിരത്തിൽ മുകളിലെത്തുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് ആൾക്കൂട്ട പ്രചാരണം വിലക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശോധനകൾ നടത്തിയ കേസുകളുടെ കാര്യം മാത്രമാണ് പുറത്തു വന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആൾക്കൂട്ട പ്രചാരണം കോവിഡ് 19 വ്യാപകമാക്കുമെന്നും ജാഗ്രതാ നിർദ്ദേശങ്ങൾക്കു വിരുദ്ധവുമാണ്. പത്രമാധ്യമങ്ങൾ തിരഞ്ഞെടുപ്പ് കാര്യങ്ങൾ വ്യാപകമായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ജനങ്ങളിൽ എത്തുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളും ടെലിഫോണുകളും വഴി മാത്രമേ പ്രചാരണം ഇനി അനുവദിക്കാവൂവെന്നും എബി ജെ ജോസ് നൽകിയ പരാതിയിൽ പറഞ്ഞു.തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് രാഷ്ട്രീയ കക്ഷികളുടെ അജണ്ട. ജനങ്ങളെ കോവിഡ് 19 ബാധിക്കുന്നതിനെക്കുറിച്ച് ആശങ്ക പോലുമില്ലാത്തത് ദുഃഖകരമാണ്. നിർദ്ദേശം വരുന്നതിനു മുമ്പ് തന്നെ ആൾക്കൂട്ട പ്രചാരണം ഒഴിവാക്കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണം. രോഗവ്യാപനത്തിന് കാരണക്കാരായതിനുശേഷം ഭയം വേണ്ട ജാഗ്രത മതി എന്നു പറയുന്നതിൽ അർത്ഥമില്ല. ജനങ്ങൾ ആൾക്കൂട്ട പ്രചാരണങ്ങളിൽ നിന്നും സ്വയം വിട്ടു നിൽക്കാൻ തയ്യാറാകണമെന്നും ഫൗണ്ടേഷൻ അഭ്യർത്ഥിച്ചു.