തിരുവനന്തപുരം: കരമനയാറിലെ വട്ടിയൂർക്കാവ് മുന്നാംമൂട് ആയിരവല്ലി ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കേശവദാസപുരം കോരകുളം പുതുവല്‍ പുത്തന്‍വീട് കെ.കെ.ആര്‍.എ 5 -ല്‍ രാഹുല്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടുകൂടി നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു രാഹുല്‍. കുളിക്കുന്നതിനിടെ കാല്‍ വഴുതി ആറിലെ താഴ്ചയുളള ഭാഗത്ത് വീണ് മുങ്ങിതാഴുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കെട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിവരം തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ സേനാംഗങ്ങളും സ്‌ക്യൂബ ടീംമും സംയുക്തമായി നടത്തിയ തിരച്ചിലില്‍ വൈകിട്ട് 5 മണിയോടുകൂടി ബോഡി കണ്ടെത്തുകയായിരുന്നു. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജിഖാന്‍ , ഗ്രേഡ് എ.എസ്.ടി.ഒ സുഭാഷ് , എസ്,എഫ്.ആര്‍.ഒ ഷാഫി എന്നിവരുടെ നേതൃത്വത്തിലുളള സേനാംഗങ്ങളായിരുന്നു തിരച്ചിലില്‍ പങ്കെടുത്തത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ജിനി ആണ്് മരണപ്പെട്ട രാഹുലിന്റെ ഭാര്യ. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു.