നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. അപ്പീൽ തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്.ആവശ്യം ഹൈക്കോടതി അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കോടതി വിധിയിൽ ദുഃഖമുണ്ട്. ആലോചിച്ച് അടുത്ത തീരുമാനമെടുക്കുമെന്നും മഞ്ജുഷ വ്യക്തമാക്കി.
പൊലീസിൽ നിന്ന് നീതി കിട്ടാത്തതുകൊണ്ടാണ് കോടതിയിൽ പോയതെന്ന് മഞ്ജുഷ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ല.കേസ് കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും എസ്‌ഐടി സുതാര്യമായ അന്വേഷണം നടത്തണമെന്നും നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എസ്‌ഐടി അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണമെന്നും ഡിഐജിയുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം നല്‍കാവൂ എന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി പറഞ്ഞാൽ കേസിന്റെ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും ഹൈക്കോടതിയെ അറിയിച്ചു. അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉന്നത ഉദ്യോഗസ്ഥന് മേൽനോട്ട ചുമതല നൽകിയാൽ മതിയോ എന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താൻ മതിയായ തെളിവ് വേണമെന്നും വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.