തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം. അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.
ഡിജിപി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ നൽകിയിരിക്കുന്നത്. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാർശ. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിർദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും. ഇന്നലെ നടത്ത സംസ്ഥാന ക്യാബിനറ്റ് യോഗത്തിലടക്കം എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഐ വലിയ വിമർശനമുയർത്തിയിരുന്നു. പിന്നാലെയാണ് റിപ്പോർട്ട് തളളി പുതിയ അന്വേഷണത്തിന് സാഹചര്യം ഒരുങ്ങിയത്.
തൃശൂര്‍പൂരം കലക്കിയതില്‍ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സിപി ഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വിഷയം ഗൗരവമായി കാണുന്നുവെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ അറിയിച്ചത്.