Thu Feb 12, 2026 1:41 am
FLASH
X
booked.net

ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരം;മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ.

Kerala / Latest News September 11, 2024

സംസ്ഥാന രാഷ്ട്രീയത്തെ കലുഷിതമാക്കി പോലീസിനെതിരെ ഭരണ കക്ഷി എംഎല്‍എ ആയ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലെ ചര്‍ച്ചകള്‍ പുതിയ തലത്തിലേത്ത്. അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടി. പുറത്തുവരുന്ന വാര്‍ത്തകള്‍ ഗുരുതരമാണെന്ന പ്രതികരണത്തോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയത്.

ഗവർണ്ണറിന്റ കത്തിൽ സർക്കാരിനും അൻവരിനും വിമര്‍ശനമുണ്ട്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണ്ണറിന്റ കത്തിൽ വ്യക്തമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണ്ണറിന്റ കത്തിൽ പറയുന്നുണ്ട്. പുറത്ത് വന്ന സംഭാഷണങ്ങളിൽ പൊലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണ്ണറിന്റ കത്തിൽ പറയുന്നു.

ഗവര്‍ണറുടെ ഇടപെടലോടെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പുതിയ മാനം കൈവരുമെന്നാണ് വിലയിരുത്തല്‍. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ വിഷയം പുതിയ തര്‍ക്കവിഷയമാകും.അതേസമയം, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അടക്കം അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെ എല്‍ഡിഎഫ് യോഗം ഉടൻ ആരംഭിക്കും. തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കുന്ന യോഗത്തിൽ അജിത്കുമാറിനെ മാറ്റണമെന്ന നിലപാട് സിപിഐയും ആര്‍ജെഡിയും ഉന്നയിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.