തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് മഴക്കെടുതി രൂക്ഷമായി. വിവിധ ജില്ലകളിലായി മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ രാവിലെ 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
എൻഡിആർഎഫ്, പൊലീസ്, മറ്റ് രക്ഷാസേനകൾ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ദുരിതബാധിതരുടെ പുനരധിവാസ നടപടികൾ വേഗത്തിലാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. അടൂർമലയിൽ ഉരുൾപൊട്ടലിൽ ഒരു വീട്ടമ്മയും, പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് ഒരു യുവാവും മരിച്ചു. യുവാവിന്റെ അമ്മയെ കാണാതായതായി റിപ്പോർട്ടുണ്ട്. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72 വയസ്സുകാരനും മരിച്ചു.
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ സ്ഥിതി അതീവ ഗുരുതരമാണ്. റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം സ്തംഭിച്ചു. പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആശങ്ക ശക്തമാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിവരികയാണ്. രക്ഷാപ്രവർത്തനം ശക്തിപ്പെടുത്താൻ കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തെത്തിക്കും.
തൂമ്പാക്കുളത്ത് ഉരുൾപൊട്ടലുണ്ടായതായും അരയാഞ്ഞിലിമണ്ണ് കോസ്‌വേ പൂർണമായും മുങ്ങിയതായും റിപ്പോർട്ടുണ്ട്. ഇതോടെ ഏകദേശം 400 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.



