വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ വിവാദങ്ങളോടെയാണ് കേരളത്തിൻ്റെ അഭിമാന പദ്ധതിയുടെ കപ്പലോടി തുടങ്ങുന്നത്.ഇന്നലെ എത്തിയ സാൻ ഫെർണാണ്ടൊ എന്ന കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിതുടങ്ങിയിരുന്നു. കപ്പൽ ഇന്നലെ എത്തിയെങ്കിലും ഇന്നാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്.എന്നാൽ ഇന്നത്തെ സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
പദ്ധതിയുടെ ക്രെഡിറ്റ് കൈവിട്ടുപോകുമെന്ന ഭയമാണ് സർക്കാരിനെന്നാണ് പ്രതിപക്ഷ നേതാക്കളുടെ വാദം. സ്ഥലത്തെ എം.പിയായ ശശി തരൂരും ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് പൂർണ്ണ പിന്തുണയെങ്കിലും മത്സ്യത്തൊഴിലാളികളോട് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം എന്നാണ് അറിയിപ്പ്.വിഴിഞ്ഞത്തെത്തുന്ന മദർഷിപ്പുകളിൽ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താൻ കഴിയുന്ന തുറമുഖങ്ങളാണ് ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.




