കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ മന്ത്രി എൻ. ഷംസുദ്ദീന് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ 10 ബിജെപി–യുവമോർച്ച പ്രവർത്തകർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു പ്രതിഷേധം.
കാസർകോട് സ്കൂളുകളിലെ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് പ്രതിഷേധം.
വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ വ്യക്തിപരമായ ആശയങ്ങളോ രാഷ്ട്രീയ അജണ്ടകളോ പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.



