തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ‘ബ്രേക്ക് ദ ചെയിന്‍’ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍. ചെലവുകളുടെ പൂര്‍ണ്ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്ന് സാമൂഹ്യ സുരക്ഷാ മിഷന് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോര്‍ട്ട്.
ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് 44.63 ലക്ഷം രൂപ അഡ്വാന്‍സ് നല്കി. 19.64 ലക്ഷം ചെലവിട്ട് കോണ്‍ഫറന്‍സ് ഹാള്‍ നവീകരിച്ചതിലും ക്രമക്കേട് നടന്നതായി ധനകാര്യ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകൾ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയത്. സാനിറ്റൈസർ, മാസ്ക് എന്നിവയുടെ നിർമ്മാണത്തിനായി സർക്കാർ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകൾക്ക് മുൻകൂറായി നൽകിയെന്ന് കണ്ടെത്തൽ. വരവ് ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ബില്ലുകളിലും വൗച്ചറുകളിലും വ്യക്തതയില്ലെന്നും സ്പോൺസർഷിപ്പ് ആയി ലഭിച്ച സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഡോ.മുഹമ്മദ് അഷീലിൻ്റെ വിശദീകരണത്തിൽ തൃപ്തിയില്ലെന്നും വകുപ്പുതല അച്ചടക്ക നടപടി വേണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു




