തീയിൽ കരിഞ്ഞ കുഞ്ഞുങ്ങൾ ബലാൽക്കാരത്തിനിരയായ സ്ത്രീകൾ വെന്തു വെണ്ണീറായ വീടുകൾ സംസ്കാരത്തിനു സാക്ഷ്യപത്രങ്ങളാകുന്നില്ല. ദേശസ്നേഹത്തിനു മുദ്രകളുമാകുന്നില്ല. മൃഗീയതയുടെ വിളംബരങ്ങൾ മാത്രമാണത്. ധർമച്യുതികൾ. മുടിയന്മാരായ മക്കളെ ജനിപ്പിക്കുന്നതിലും ഉചിതം അമ്മയുടെ വന്ധ്യതയാണ്. നിഷ്കളങ്കരുടെ രക്തം പുരണ്ട സിംഹാസനം ശവപ്പറമ്പിലെ മൺതരിയേക്കാൾ നികൃഷ്ടമാണ്.”
ഗുജറാത്ത് കലാപകാലത്ത് ധാർമ്മിക രോഷത്തോടെ ഇന്ത്യയിലെ വളരെ പ്രശസ്തനായ ഒരു കവി എഴുതിയ വരികളുടെ പരിഭാഷയാണ് ഇത്. കവിതയുടെ പേര് ‘അധികാരം’ . കവിയുടെ പേര് അടൽ ബിഹാരി വാജ്പേയ്…
കവിതയെയും സംഗീതത്തെയും സിനിമയെയും സ്‌നേഹിച്ച രാഷ്‌ട്രീയക്കാരനായിരുന്നു അടൽ ബിഹാരി വാജ്‌പേയി. വാക്കുകൾ കൊണ്ട് അമ്മാനമാടാനും ഏതാനും വാചകങ്ങളിലൂടെ അണികളെ പ്രചോദിപ്പിക്കാനും കഴിഞ്ഞ നേതാവ്. പ്രസംഗകലയിൽ സ്വന്തം ശൈലിയുണ്ടാക്കിയ ഭാഷാപണ്ഡിതൻ. സൗമ്യമായി സംസാരിച്ചു തുടങ്ങി, ഇടയ്ക്ക് അല്പം മൗനം ചാലിച്ച്, വീണ്ടും മൃദുവായി തുടങ്ങി ഒടുവിൽ കത്തിക്കയറുന്ന ശൈലി. അളന്ന് തൂക്കിയുള്ള സംസാരം. മൂർച്ചയുള്ള വാക്കുകൾ തമ്മിൽ കൃത്യമായ ഇടവേള. കുറിക്കുകൊള്ളുന്ന ഫലിതം.നെഹ്റു പോലും വിസ്മയിച്ച വാഗ്വൈഭവം. രാഷ്‌ട്രീയത്തിലെ കാറും കോളുമെല്ലാം സൗമ്യമായി നേരിട്ട്, അതിനെ മെരുക്കിയ രാഷ്‌ട്രതന്ത്രജ്‌ഞൻ.
1926–ലെ ക്രിസ്‌മസ് ദിനത്തിലാണു വാജ്‌പേയി ജനിച്ചത്. ഉത്തർപ്രദേശിലെ ആഗ്രയ്‌ക്കടുത്തുള്ള ബടേശ്വർ ഗ്രാമത്തിലായിരുന്നു മൂലകുടുംബമെങ്കിലും വാജ്‌പേയി വളർന്നതു മധ്യപ്രദേശിലെ ഗ്വാളിയറിലായിരുന്നു. പിതാവ് കൃഷ്‌ണ ബിഹാരി വാജ്‌പേയി സ്‌കൂളധ്യാപകൻ. അമ്മ കൃഷ്‌ണാദേവി. ഏഴുമക്കളായിരുന്നു ദമ്പതികൾക്ക്. അവധ്, സാഭാ, പ്രേം, അടൽ, വിമല, കമല, ഊർമിള. അടൽ രാഷ്‌ട്രീയത്തിൽ സജീവമായിത്തുടങ്ങിയ 1951ൽ കാൻസർ രോഗത്തെത്തുടർന്നു മാതാപിതാക്കൾ ആറുമാസത്തെ വ്യത്യാസത്തിൽ മരിച്ചു.
പിതാവ് ഹെഡ്‌മാസ്‌റ്ററായിരുന്ന സ്‌കൂളിൽ പഠിച്ച അടൽ അക്കാലത്തുതന്നെ ആർഎസ്‌എസ് പ്രവർത്തകനായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നു അദ്ദേഹം. ഗ്വാളിയറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും കാൺപൂർ ഡി.എ.വി. കോളേജിൽ (ദയാനന്ദ് ആൻഗ്ലോ വൈദിക് മഹാവിദ്യാലയം) നിന്ന് രാഷ്ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി.
1940 -ൽ അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ (CPI) വിദ്യാർത്ഥിവിഭാഗമായ എഐഎസ്എഫിൽ അംഗത്വമെടുത്തു വാജ്‌പേയി. രണ്ടാം ലോകമഹായുദ്ധം നടക്കുന്നതിനിടെ ബ്രിട്ടനെതിരെ നടത്തുന്ന സമരങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഫാസിസ്റ്റുവിരുദ്ധ പോരാട്ടങ്ങൾക്ക് ക്ഷീണമുണ്ടാക്കും എന്നതുകൊണ്ട് സിപിഐ സ്വാതന്ത്ര്യസമരത്തിന് അന്ന് എതിരായിരുന്നു. വാജ്‌പേയിയുടെ ഈ ഇടതുഭ്രമം താത്കാലികമായിരുന്നു. താമസിയാതെ അദ്ദേഹം സംഘ് പാളയത്തിലേക്കുതന്നെ തിരിച്ചുപോന്നു. അടിസ്ഥാനപരമായി ആർഎസ്എസ് പ്രത്യയശാസ്ത്രമായിരുന്നു ഉള്ളിൽ എന്നതിനാൽ സ്വാതന്ത്ര്യസമരം നടക്കുന്നകാലത്ത് രാഷ്ട്രീയമായി സജീവമായിരുന്നിട്ടും, ഗാന്ധിജിയുടെ ആശയങ്ങളോട് അനുഭവം പ്രകടിപ്പിക്കാനോ ദേശീയതലത്തിൽ നടക്കുന്ന സമരങ്ങളോട് ചേർന്ന് പ്രവർത്തിക്കാനോ വാജ്‌പേയിക്ക് സാധിച്ചിരുന്നില്ല. എന്നിട്ടുപോലും 1942 -ൽ ആർഎസ്എസ് പ്രവർത്തകരായിരിക്കെ വാജ്‌പേയിയും സഹോദരൻ പ്രേമും ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ അറസ്റ്റിലായി. ആൾക്കൂട്ടത്തിന്റെ ഭാഗമായിരുന്നു എങ്കിലും, ബഡേശ്വറിൽ അന്ന് നടന്ന അക്രമങ്ങളിലൊന്നും തനിക്കോ സഹോദരനോ പങ്കില്ല എന്ന് എഴുതി നല്കിയിട്ടാണ് അന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി.
അലഹബാദിൽ സർവകലാശാല തലത്തിൽ നടന്ന പ്രസംഗമത്സരത്തിലൂടെയാണ് അടൽ ബിഹാരി വാജ്‌പേയി എന്ന നാടറിയുന്ന പ്രസംഗകൻ ജന്മമെടുത്തത്. ട്രെയിൻ വൈകിയതിനാൽ വിക്‌ടോറിയ കോളജിന്റെ പ്രതിനിധിയായ വാജ്‌പേയ് എത്താൻ വൈകി. സംഘാടകർ സമ്മതിച്ചില്ലെങ്കിലും വിധികർത്താക്കൾ തയാറാണെന്നു വന്നതോടെ അദ്ദേഹത്തിനും അവസരം കിട്ടി. പ്രശസ്‌ത ഹിന്ദി കവിയും അമിതാഭ് ബച്ചന്റെ പിതാവുമായ ഹരിവംശറായ് ബച്ചൻ അടക്കമുള്ള വിധികർത്താക്കൾ വാജ്‌പേയിയിലെ പ്രസംഗകനെ തിരിച്ചറിഞ്ഞത് അന്നാണ്. പിന്നീട് പാർലമെന്റിലും ഐക്യരാഷ്‌ട്രസഭയിലും രാജ്യത്തെ പല നഗരങ്ങളിലും നെഹ്‌റുവിനുശേഷം ഇന്ത്യ കണ്ട മികച്ച ഈ രാജ്യതന്ത്രജ്‌ഞന്റെ വാഗ്‌ധോരണി ഒഴുകി ത്തുടങ്ങി.
ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ച വാജ്‌പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1951ൽ ശ്യാമപ്രസാദ് മുഖർജി ഭാരത ജനസംഘം തുടങ്ങിയപ്പോൾ അതിന്റെ സ്‌ഥാപകാംഗമായി. അക്കാലത്തു തന്നെ ആർഎസ്‌എസ് വാരികയായ പാഞ്ചജന്യത്തിന്റെ എഡിറ്ററുമായി. തന്നെ പലവട്ടം ജയിപ്പിച്ച ലക്‌നൗ മണ്ഡലത്തിൽ ആദ്യ തോൽവിയോടെയാണ് അദ്ദേഹം പാർലമെന്ററി രാഷ്‌ട്രീയം തുടങ്ങുന്നത്. 1955ൽ അദ്ദേഹം ലക്‌നൗവിൽ തോറ്റു. 1957ൽ ബൽറാംപൂരിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തി.
1958 ഓഗസ്റ്റ് 19നായിരുന്നു ലോക്സഭയിൽ മുപ്പതുകാരനായ വാജ്പേയിയുടെ കന്നി പ്രസംഗം. വിദേശ നയത്തെക്കുറിച്ചായിരുന്നു ആദ്യ പ്രസംഗം. ലോക്സഭയിൽ അന്നുവരെ പ്രധാന പ്രസംഗങ്ങളെല്ലാം ഇംഗ്ലിഷിലായിരുന്നു. എന്നാൽ വാജ്പേയി സംസാരിച്ചതാകട്ടെ ഹിന്ദിയിലും ! നെഹ്രുവിന്റെ വിദേശനയത്തെ വാജ്‌പേയ് നിശിതമായി വിമർശിച്ചു; പക്ഷെ അത് നർമ്മത്തിൽ ചാലിച്ചായിരുന്നു. ആ വാക്കുകൾ ഇങ്ങനെയാണ്. ‘ഒരാൾക്ക് പ്രസംഗിക്കാൻ വാചാലത മതി; എന്നാൽ നിശബ്ദനായിരിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഇന്ത്യ പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു’.
പിറ്റേന്ന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വാജ്പേയിയുടെ വാചകം എടുത്തുകാട്ടി പ്രശംസിച്ചുവെന്നു മാത്രമല്ല അതിനോടു പൂർണമായും യോജിക്കുകയും ചെയ്തു. അംഗങ്ങൾ കരഘോഷത്തോടെയാണ് നെഹ്റുവിന്റെ മറുപടി കേട്ടത്. അന്നു മുതൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശബ്ദങ്ങളിലൊന്നായി എ.ബി. വാജ്പേയി മാറി. ഇംഗ്ലിഷും ഹിന്ദിയും ഒരുപോലെ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവു രാജ്യാന്തര വേദികളിലും തിളങ്ങാൻ വാജ്പേയിയെ തുണച്ചു. പ്രതിപക്ഷത്തിരുന്നപ്പോഴും ‘ആദ്യം രാജ്യം’ എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. 1971-ലെ യുദ്ധകാലത്ത് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചതും കശ്മീർ വിഷയത്തിൽ പി.വി. നരസിംഹറാവുവിന്റെ അഭ്യർത്ഥനപ്രകാരം പ്രതിനിധി സംഘത്തെ നയിച്ചതും അദ്ദേഹത്തിന്റെ ജനാധിപത്യപരമായ ഔന്നത്യത്തിനു തെളിവാണ്. ലോക്സഭയിലെ കന്നി പ്രസംഗത്തിലെപ്പോലെതന്നെ ഐക്യരാഷ്ട്ര സംഘടനയിലും ചരിത്രം സൃഷ്ടിക്കാൻ വാജ്പേയിക്കു കഴിഞ്ഞു. ‘ഇന്ത്യയുടെ ശബ്ദം ഹിന്ദിയിൽത്തന്നെ മുഴങ്ങട്ടെ എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്.
അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി അദ്ദേഹം ജയിൽവാസം അനുഭവിച്ചു. പിന്നീട് 1977 -ൽ അടിയന്തരാവസ്ഥ കഴിഞ്ഞ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാ ഗവണ്മെന്റുണ്ടായപ്പോൾ വാജ്‌പേയി വിദേശകാര്യമന്ത്രിയായി. 1979 -ൽ വാജ്‌പേയിയുടെ രാജിയും, ജനത ഗവണ്മെന്റിന്റെ തകർച്ചയും ഒക്കെയുണ്ടാകുന്നു. അടുത്ത വർഷം, അതായത് 1980 -ൽ ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇന്ദിരയുടെ മരണത്തിനു ശേഷം 1984 -ൽ നടന്ന തെരഞ്ഞെടുപ്പിൽ ഗ്വാളിയോറിൽ നിന്ന് മാധവറാവു സിന്ധ്യയോട് വാജ്‌പേയി പരാജയപ്പെട്ടു.
എൽ കെ അദ്വാനിയുടെ തീവ്ര ഹിന്ദുത്വ ശൈലി ആയിരുന്നില്ല വാജ്‌പേയ് പിന്തുടരുന്നത്. ഒരു മൃദു ഹിന്ദുത്വ മുഖം കാത്തുസൂക്ഷിക്കുമ്പോഴും മറ്റു മതങ്ങളോട് സഹിഷ്ണുത പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചു. 1995 -ലെ ബിജെപി സമ്മേളനത്തിൽ അദ്വാനി പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വാജ്‌പേയിയുടെ പേര് പ്രഖ്യാപിച്ചു. 1992 -ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം നടന്ന 1996 -ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നേരത്തേ പ്രഖ്യാപിച്ചിരുന്നതുപോലെതന്നെ വാജ്‌പേയിയുടെ നേതൃത്വത്തിൽ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എന്നാൽ, പാർലമെന്റിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ ആകാതെ, സ്ഥാനമേറ്റ് 13 ദിവസങ്ങൾക്കുള്ളിൽ തന്നെ ആ മന്ത്രിസഭയ്ക്ക് രാജിവെച്ചൊഴിയേണ്ടി വന്നു. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ദേവഗൗഡയുടെയും, ഗുജ്‌റാളിന്റെയും രണ്ടു ഗവൺമെന്റുകൾ വന്നുപോയി. ആവശ്യത്തിനു ഭൂരിപക്ഷമില്ലാതെ രണ്ടു ഐക്യ മുന്നണി മന്ത്രിസഭകളുടെ പതനങ്ങൾ കാരണം 1998ൽ ലോകസഭ പിരിച്ചുവിട്ടു വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി. ഈ തിരഞ്ഞെടുപ്പിലും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കക്ഷികളുമായി ചേർന്ന് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) എന്ന മുന്നണിയുണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
1998 മെയ് മാസത്തിൽ രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽവെച്ച് ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി. ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി. അതീവ രഹസ്യമായി നടന്ന പരീക്ഷണങ്ങൾ വിവിധ അന്താരാഷ്ട്ര ചാരസംഘടനകൾക്കോ ഉപഗ്രഹങ്ങൾക്കോ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യ നടത്തിയ ആണവപരീക്ഷണങ്ങൾ വിവിധ ലോകരാജ്യങ്ങളുടെ പ്രതിഷേധങ്ങൾക്കും നിരോധനങ്ങൾക്കും കാരണമായി. പ്രധാനമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവും ഡി.ആർ.ഡി.ഒ തലവനുമായിരുന്ന എ.പി.ജെ. അബ്ദുൽ കലാം, ആണവോർജ കമ്മീഷൻ ചെയർമാൻ ആർ. ചിദംബരം, ഡി.ആർ.ഡി.ഒ യിലെയും ബാർകിലെയും ഉന്നത ശാസ്ത്രജ്ഞന്മാർ എന്നിവരാണ് പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഓപ്പറേഷൻ ശക്തി എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാൻ-2 എന്നാ പേരിലാണ് അറിയപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയിയുടെ നേതൃപാടവത്തിനു ഉദാഹരണമാണ്. ഇന്ത്യ ആണവായുധം പരീക്ഷിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാകിസ്താനും ആണവപരീക്ഷണം നടത്തിയത് മേഖലയിലെ സമാധാനത്തിനു വെല്ലുവിളികളുയർത്തി.
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ നിലനിന്നിരുന്ന വൈരത്തിന് അയവു വരുത്താൻ പരമാവധി ശ്രമിച്ച നേതാവാണ് വാജ്പേയി. സമാധാനം ലക്ഷ്യമിട്ട് അദ്ദേഹം 1999 ഫെബ്രുവരി 20-ന് ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ സദാ-എ-സർഹദ് എന്ന പേരിൽ ഒരു ലക്ഷ്വറി ബസ് സർവീസ് തുടങ്ങി. വാഗാ ബോര്‍ഡര്‍ കടന്ന് ചാരനിറത്തിലുള്ള ആ ബസ് പാക്കിസ്ഥാന്റെ മണ്ണിലേക്ക് കടന്നു ചെന്നു.
ആ ബസ്സിന്റെ വരവും കാത്ത് അവിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നില്‍പ്പുണ്ടായിരുന്നു. വാജ്പേയി സൗഹൃദത്തിന്റെ വാഗ്ദാനമെന്നോണം ഷെരീഫിനെ ഒന്നാലിംഗനം ചെയ്തു. ഏറെക്കാലം പരസ്പരം കണ്ടിരുന്ന, പരസ്പരം ഇടയ്ക്കിടെ യുദ്ധത്തിലേര്‍പ്പെടുന്ന രണ്ടയല്‍ രാജ്യങ്ങള്‍ക്കിടയിലെ മഞ്ഞ് ഒടുവില്‍ ഉരുകാന്‍ തുടങ്ങി എന്നുതന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കരുതി. എഴുതി. പ്രധാനമന്ത്രി വാജ്പേയി പാകിസ്ഥാനി സദസ്സിനോട് പറഞ്ഞു, ‘ ശത്രുതയ്ക്കായി നമ്മള്‍ ഏറെക്കാലം ചെലവിട്ടില്ലേ..? ഇനി സൗഹൃദത്തിനും ഒരു അവസരം കൊടുത്തുകൂടെ..? പതിറ്റാണ്ടുകൾക്കുശേഷം അയൽരാജ്യവുമായി സൗഹൃദം സ്ഥാപിക്കാൻ വേണ്ടി ഇന്ത്യ ഏറെ ആത്മാർത്ഥമായിത്തന്നെ നടത്തിയ ഒരു സമാധാനശ്രമം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തി മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ വാജ്‌പേയി മന്ത്രിസഭ നിരവധി നടപടികളുടെ അനന്തര ഫലമാണ് സുപ്രധാന ലാഹോർ കരാർ. 1999 ഫെബ്രുവരി 21നു ഇരു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ച്ചകൾക്ക് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആണവനിരായുധീകരണത്തിനും കരാറിൽ വ്യവസ്ഥ ചെയ്യുന്നു.
എന്നാൽ ഈ സമാധാനം അധികനാൾ പോയില്ല. സൗഹൃദത്തിന്റെ ഒരു പുതിയ അധ്യായത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പാക് സൈന്യം കാര്‍ഗിലിലെ 135 ഇന്ത്യന്‍ മിലിട്ടറി പോയിന്റുകളില്‍ കയ്യേറ്റം നടത്തി, അവരുടെ പച്ചക്കൊടി പാറിച്ചുകഴിഞ്ഞിരുന്നു. 130 ചതുരശ്രകിലോമീറ്റര്‍ ഇന്ത്യന്‍ മണ്ണ് വളച്ചുപിടിച്ചുകഴിഞ്ഞിരുന്നു. വാജ്പേയിക്ക് അപ്പോള്‍ ഇതേപ്പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. നവാസ് ഷെരീഫിനുപോലും ലഭിച്ചുകാണില്ല എന്നുവേണം കരുതാന്‍. കാർഗിലിൽ പാക് സൈന്യം നുഴഞ്ഞുകയറി ബങ്കറുകൾ കയ്യേറിയ കാര്യത്തെപ്പറ്റി ബോധ്യമില്ലാതെയാണ് വാജ്പേയിയും ഷെരീഫും ചേര്‍ന്ന് ‘ലാഹോര്‍ പ്രഖ്യാപന’ത്തില്‍ ഒപ്പുവെച്ചത്. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു.
കാർഗിൽ യുദ്ധത്തിൽ തന്ത്രപ്രധാനമായ ടൈഗർ ഹിൽസ് കയ്യടക്കിയ പാക്ക് സേനയ്ക്കു മേൽ 500 കിലോ ബോംബാണ് യുദ്ധവിമാനത്തിൽനിന്നു വർഷിച്ചത്. നിയന്ത്രണ രേഖ കടക്കരുതെന്ന് സർക്കാർ നിർദേശിച്ചിരുന്നെങ്കിലും സൈന്യം പല തവണ നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്തി. ടൈഗർ ഹിൽ പിടിച്ചെടുത്തതോടെ ബാക്കി മലകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇന്ത്യൻ സൈന്യം പാക്ക് സൈന്യത്തിന് അന്ത്യശാസനം നൽകി. ജൂലൈ അവസാന വാരത്തോടെ, ശത്രു പിടിച്ചെടുത്ത മലകളെല്ലാം ഒഴിപ്പിച്ചതായി സൈന്യം പ്രഖ്യാപിച്ചു. 527 ജവാന്മാരെ യുദ്ധത്തിൽ രാജ്യത്തിനു നഷ്ടമായി. 1999 ജൂലൈ 26ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് കാർഗിൽ വിജയ പ്രഖ്യാപനം നടത്തി. ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു. ഭാരതത്തിന്റെ സൈന്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ച യുദ്ധമായിരുന്നു ഇത്. അടൽ ബിഹാരി വാജ്‌പേയ് ഭാരതത്തിന്റെ ഹീറോയായി മാറി.
എന്നാൽ പതിമൂന്ന് എന്ന നമ്പർ വാജ്‌പേയിയെ വേട്ടയാടിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്ക് പതിമൂന്ന് മാസമായിരുന്നു ആയുസ്സ്. തുടർച്ചയായി സമ്മർദം ചെലുത്തിയിരുന്ന എ. ഐ. എ. ഡി. എം. കെ. യുമായുള്ള അനുരഞ്ജനചർച്ചകളെല്ലാം പരാജയപ്പെട്ട് മുന്നണി വിട്ടപ്പോൾ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്‌പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ ഒരു വോട്ടിനു പരാജയപ്പെട്ടു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിപദം രാജിവെച്ചിറങ്ങി. വീണ്ടും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു.
കാർഗിൽ യുദ്ധം പകർന്ന ദേശീയവികാരത്തിന്റെ ചിറകിലേറി തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ സഖ്യത്തിന് ചരിത്രത്തിൽ ഏറ്റവും അധികം സീറ്റുനേടിക്കൊടുത്ത തെരഞ്ഞെടുപ്പായിരുന്നു 1999 -ലേത്. 543 -ൽ 303 സീറ്റും അവർ തൂത്തുവാരി. ഒന്നിൽ പിഴച്ചാൽ മൂന്നെന്നാണല്ലോ. തെഹെൽക്ക സ്റ്റിങ് ഓപ്പറേഷൻ, പാർലമെന്റ് ആക്രമണം, ഇന്ത്യൻ എയർലൈൻസ് വിമാനാപഹരണം, 2002 ഗുജറാത്ത് കലാപം തുടങ്ങിയ പല നിർണായക സംഭവങ്ങളെയും അതിജീവിച്ച് അഞ്ചുകൊല്ലം തികച്ചു ഭരിക്കാനുള്ള ഭാഗ്യം വാജ്‌പേയിക്ക് സിദ്ധിച്ചു. ദേശീയപാതാ വികസന പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, സർവശിക്ഷാ അഭിയാൻ തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നത് ഇക്കാലയളവിലാണ്. രാജ്യത്തിന്റെ ജിഡിപി തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. ആ സംതൃപ്താവസ്ഥ പ്രയോജനപ്പെടുത്താം എന്ന് കരുതി കാലാവധി പൂർത്തിയാകുന്നതിന് ആറുമാസം മുമ്പുതന്നെ ലോക്സഭ പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ബിജെപി സർക്കാർ. എന്നാൽ, ഫലം വന്നപ്പോൾ അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി കോൺഗ്രസ് നേതൃത്വം നൽകിയ ഐക്യ മുന്നണി അധികാരത്തിലേറി. സർക്കാർ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം വാജ്‌പേയി ഏറ്റെടുത്തു. വാജ്‌പേയി തുടർന്നും എൻ.ഡി.എയെ നയിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും പാർലമെന്റിൽ അഡ്വാനി പ്രതിപക്ഷനേതാവായി. എൻഡിഎ ചെയർമാൻ പദവിയുമായി വാജ്‌പേയി അകന്നുനിന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും പിന്നീടുള്ള വര്‍ഷങ്ങളിലും രാമജന്മ ഭൂമി വിഷയമോ ബാബ്‌റി മസ്ജിദിന്റെ തകര്‍ക്കലോ തന്റെ രാഷ്ട്രീയ വ്യവഹാരത്തിലും ഇന്ത്യയുടെ പൊതു രാഷ്ട്രീയ വ്യവഹാരത്തിലും വരാതിരിക്കാന്‍ വാജ്‌പേയി ശ്രദ്ധിച്ചു എന്ന് നമുക്ക് കാണാം. ഇതിനുള്ള കാരണം, വാജ്‌പേയി ഹിന്ദുത്വയുടെ അജണ്ടയെ പാടെ നിരാകരിച്ചു എന്നല്ല, നേരെ മറിച്ച്, ഇന്ത്യ എന്ന ഫെഡറല്‍ സംവിധാനത്തിനെ നിലനിറുത്തണമെങ്കില്‍ ആ ഒരു അജണ്ടയുമായി മുന്നോട്ടു പോകാന്‍ കഴിയുകയില്ല എന്ന് അദ്ദേഹത്തിന് വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നത് കൊണ്ട് തന്നെയാണ്. 1991ല്‍ നരസിംഹ റാവു സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന ഡോക്ടര്‍ മന്‍മോഹന്‍ സിങ് തുടങ്ങി വെച്ച ഉദാര സാമ്പത്തിക നയത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ തന്നെ വാജ്‌പേയി ശ്രമിച്ചു, എന്ന് മാത്രമല്ല കോണ്‍ഗ്രെസ്സുമായി പരസ്പരം പോരടിക്കുന്ന തരത്തിലുള്ള ഒരു സന്ദര്‍ഭത്തിലും കാര്യങ്ങളെ കൊണ്ടെത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചുമില്ല. ഇത് കൊണ്ട് തന്നെയാകണം വാജ്‌പേയി ബി ജെ പിയുടെ മുഖമല്ല മുഖംമൂടിയാണ് എന്ന ആരോപണം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ വന്നത്.
2015ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചു. അനാരോഗ്യം കാരണം ദീർഘകാലമായി വിശ്രമത്തിലായിരുന്ന വാജ്‌പേയിക്ക് കൃഷ്‌ണമേനോൻ മാർഗിലെ വസതിയിലെത്തിയാണ് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ഭാരതരത്നം പതക്കം അണിയിച്ചത്. 1992 ൽ പത്മവിഭൂഷണും 1994ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡും ലഭിച്ചു. മേരി ഇക്യാവൻ കവിതായേൻ, സങ്കൽപ്‌കാൽ, കൈദി കവിരാജ് കി കുണ്ടാലിയൻ, അമർ ബലിദാൻ എന്നീ കൃതികൾ രചിച്ച വാജ്‌പേയി ‘രാഷ്‌ട്രധർമ’ ‘പാഞ്ചജന്യ‘ എന്നീ വാരികകളുടെ എഡിറ്റർ പദവിയും വഹിച്ചു.
ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിച്ച വ്യക്തിയാണ് വാജ്പേയി. കോളേജ് വിദ്യാഭ്യാസകാലത്ത് അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്ന രാജകുമാരി കൗൾ എന്ന സുഹൃത്തിന്റെ കുടുംബത്തെ അദ്ദേഹം അവരുടെ വിവാഹശേഷവും തന്റേതെന്നപോലെ കണ്ടു. അവരുടെ മകളെ അദ്ദേഹം തന്റെ മകളായി ദത്തെടുത്തു. വാർധക്യസഹജമായ അസുഖങ്ങൾ മൂർച്ഛിച്ച് 2018 ആഗസ്ത് 16-ന് വാജ്‌പേയി അന്തരിച്ചു അദ്ദേഹത്തിന്റെ ചിതക്ക് തീ കൊളുത്തിയത് നമിതാ കൗൾ ഭട്ടാചാര്യ എന്ന അദ്ദേഹത്തിന്റെ ദത്തുപുത്രി തന്നെയായിരുന്നു.
അടിമുടി ഭാരതീയനായിരുന്നു അടൽ ബിഹാരി വാജ്‌പേയി. ഉറുദു സാഹിത്യം ഇഷ്ടപ്പെട്ട, സംസ്കൃതത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന , ഹിന്ദിയിലും ഇംഗ്ളീഷിലും അനായാസം സംസാരിച്ച ബഹുഭാഷാ പണ്ഡിതൻ. അദ്ദേഹത്തിന്റെ പിൻഗാമികളായ വന്നവരൊക്കെ ആ വ്യക്തി പ്രഭാവത്തിന്റെ അംശം ഉൾക്കൊണ്ടവരാണോ എന്നറിയില്ല. കാരണം അടൽ ബിഹാരി വാജ്‌പേയ് തികച്ചും വേറിട്ട വ്യക്തി തന്നെയായിരുന്നു. മൃദു ഹിന്ദുത്വത്തിന്റെ മുഖം മൂടിയെന്നൊക്കെ പ്രതിപക്ഷം വിമർശിക്കുമ്പോഴും അദ്ദേഹത്തിന്റെ ദേശസ്നേഹത്തിലോ പ്രതിഭയിലോ ആർക്കും രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല.
എക്സ്പ്രസ്സ് വാർത്ത പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം https://www.youtube.com/@expressvarthayoutubechannel




