ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. പി സി ജോർജിനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയിൽ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ തുടരുന്ന പി സി ജോർജിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും. പാലാ ഡിവൈഎസ്പിയുടെ നേത്യത്വത്തിലാണ് പിസി ജോർജിനെ ചോദ്യം ചെയ്യുന്നത്.
നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്ന് പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്.കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു. ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പിസി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.