പാടൂർ: ഇടിയഞ്ചിറ ബണ്ട് റോഡിലെ കെഎൽഡിസി കനാലിൽ വൻതോതിൽ ചത്ത മത്സ്യങ്ങളെ തള്ളിയ നിലയിൽ കണ്ടെത്തി. കനാലിന്റെ ഇരുകരകളിലും ദുർഗന്ധം വമിക്കുന്ന തരത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ അടിഞ്ഞുകൂടിയിട്ടുണ്ട്.
രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധരാണ് ചത്ത മത്സ്യങ്ങൾ കനാലിലേക്ക് തള്ളിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. കനാൽ മലിനമാക്കിയ സംഭവത്തിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ കുളിക്കാനും അലക്കാനും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കനാലിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ചത്ത മത്സ്യങ്ങൾ കൂട്ടത്തോടെ കിടക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവച്ചു.
കനാൽക്കരയിൽ തള്ളിയ ചീഞ്ഞുനാറുന്ന മത്സ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കൂടാതെ, കനാലിലും പരിസര പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കനാൽ ബണ്ട് റോഡിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



