Tue Aug 11, 2026 6:33 pm
FLASH
X

80-ാം സ്വാതന്ത്ര്യദിനാഘോഷം: നിശാഗന്ധിയിൽ 14ന് വിപുലമായ പരിപാടികൾ

Kerala / Latest News August 11, 2026

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്ന് നിശാഗന്ധിയിൽ കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 14ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

യുവതലമുറയിൽ ഗാന്ധിയൻ മൂല്യങ്ങളും ദേശസ്‌നേഹബോധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് 80 തിരികൾ തെളിയിക്കുന്ന പ്രത്യേക ചടങ്ങും സംഘടിപ്പിക്കും. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് ‘സബർമതി’യുടെ ആഭിമുഖ്യത്തിൽ 80 ഗായകർ അണിനിരക്കുന്ന വിപുലമായ ദേശഭക്തിഗാനാലാപനം നടക്കും. ദേശസ്‌നേഹവും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കുന്ന ഗാനങ്ങളിലൂടെ പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന സംഗീതാവിഷ്‌കാരം ആഘോഷത്തിന്റെ പ്രധാന ആകർഷണമാകും.

റിഗാറ്റാ സ്‌കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ 80 നർത്തകർ പങ്കെടുക്കുന്ന പ്രത്യേക നൃത്തശിൽപവും അരങ്ങേറും. സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശവും ഇന്ത്യയുടെ വൈവിധ്യവും പുരോഗതിയും നൃത്തത്തിലൂടെ അവതരിപ്പിക്കും. അനശ്വര ഗായിക എസ്. ജാനകിയുടെ സ്മരണയ്ക്കായി പ്രശസ്ത പിന്നണിഗായകർ പങ്കെടുക്കുന്ന ‘മലർക്കൊടിപോലെ’ ഗാനസന്ധ്യയും സംഘടിപ്പിക്കും.

ആഗസ്റ്റ് 14ന് രാവിലെ 10 മുതൽ നിശാഗന്ധിയിൽ തിരുവാതിര മത്സരം നടക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മേളനത്തിൽ വിതരണം ചെയ്യും. ഉപന്യാസ, ചിത്രരചന മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകും.

പരിപാടിയോടനുബന്ധിച്ച് ‘ഐ ഭാരത്’ ബ്രാൻഡ് ലോഞ്ചിംഗും നടക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിംസ് മെഡിസിറ്റി ആഗസ്റ്റ് 15ന് നിർവഹിക്കും.

വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പൊതുജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കണമെന്ന് കേരള ഗാന്ധിസ്മാരക നിധി അഭ്യർഥിച്ചു.

പത്രസമ്മേളനത്തിൽ ഗാന്ധിയൻ രാധാകൃഷ്ണൻ, ആർക്കിടെക്റ്റ് സുധീർ, ജ്യോതിസ് ചന്ദ്രൻ, റിഗാറ്റ ഗിരിജ, സി. ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.