കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ഒരു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു.
സെലക്ഷൻ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും നടപടികൾ പൂർത്തിയായതിന് ശേഷം പരീക്ഷാ രേഖകൾ നൽകാമെന്നും പിഎസ്സി കോടതിയിൽ വാദിച്ചു. ഇപ്പോൾ രേഖകൾ പുറത്തുവിട്ടാൽ പരീക്ഷയുടെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്സി ചൂണ്ടിക്കാട്ടി. അഭിമുഖം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
പിഎസ്സിയുടെ വാദം പരിഗണിച്ച ശേഷമാണ് ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.
വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ പിഎസ്സി സമർപ്പിച്ച റിട്ട് ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജിയിൽ സാങ്കേതിക പിഴവുണ്ടെന്ന് കണ്ടെത്തിയ കോടതി അത് തിരുത്തി വീണ്ടും സമർപ്പിക്കാൻ നേരത്തെ നിർദേശിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരൻ നൽകിയ വിവരാവകാശ അപേക്ഷയിലാണ് പരീക്ഷയുടെ ഉത്തരക്കടലാസുകളും ഇന്റർവ്യൂ മാർക്ക് ലിസ്റ്റും ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും നൽകാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടത്.
എന്നാൽ ഉത്തരവ് നടപ്പാക്കാൻ പിഎസ്സി തയ്യാറായിരുന്നില്ല. ഇതിനെതിരെ വിവരാവകാശ കമ്മീഷണർ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ച് റിട്ട് ഹർജി നൽകിയത്.



