കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിന് പൊലീസ് വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആലുവ റൂറൽ സൈബർ പൊലീസാണ് നോട്ടീസ് നൽകിയത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ടി. നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആലുവ റൂറൽ സൈബർ പൊലീസ് നിഹാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയതിനെ തുടർന്ന് നിഹാദിനെതിരെ പൊലീസ് നേരത്തെ ലുക്ക്ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. നിഹാദിന് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ചോദ്യം ചെയ്യലിൽ നിന്ന് നിഹാദ് ഒഴിഞ്ഞുമാറിയിരുന്നു. ഇതിനിടെ മുഹമ്മദ് നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അടുത്തിടെ വിധി പറഞ്ഞിരുന്നു. ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കാവുന്നതാണെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തീർപ്പാക്കിയത്.
ഇതിനുപിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.



