ഓച്ചിറ : ഒട്ടും മായം കലരാത്ത സംശുദ്ധമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തു തുടങ്ങിയ വനിതാ സഹകരണ കൂട്ടായ്മ ഇന്ന് നാടിൻ്റെ അഭിമാനമായി മാറുന്നു. കുലശേഖരപുരം, കോട്ടയ്ക്കുപുറം കേന്ദ്രമായി പ്രവർത്തനം തുടങ്ങിയ ഓച്ചിറ ബ്ലോക്ക് വനിതാ സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഭക്ഷ്യ സംസ്കരണ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. രണ്ടു പതിറ്റാണ്ട് മുമ്പ് പ്രവർത്തനം ആരംഭിച്ച വനിതാ സംഘത്തിൽ രണ്ടുവർഷം മുമ്പാണ് ഭക്ഷ്യ സംസ്കരണ യൂണിറ്റ് എന്ന ആശയം രൂപം കൊള്ളുന്നത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന വസന്ത രമേശ് മുൻകൈയെടുത്ത് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും സംഘത്തിൻ്റെ മൂലധനവും കൂടി ചേർത്ത് വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സംസ്കരണ യൂണിറ്റ് തുടങ്ങുന്നതിന് ആവശ്യമായ യന്ത്ര സാമഗ്രികളും യൂണിറ്റും സജ്ജമാക്കി. നാട്ടിൻപുറങ്ങളിൽ നിന്നും സാധാരണക്കാരും ക്ഷീരകർഷകരുമായ ആളുകൾ സംഭരിച്ചു നൽകുന്ന പച്ചത്തേങ്ങ ഏറ്റെടുത്ത് ഉണക്കി ആട്ടി വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച് തിരികെ നൽകുന്ന പ്രവർത്തനമാണ് പ്രധാനമായും ആദ്യഘട്ടത്തിൽ ഏറ്റെടുത്തത്. തുടർന്ന് മുളക്, മഞ്ഞൾ, മല്ലി, അരിപ്പൊടി, പുട്ടുപൊടി, ഇടിയപ്പ പൊടി, കൂരക്, ചോളം, മസാല, കുരുമുളക് തുടങ്ങി വ്യത്യസ്തങ്ങളായ ഭക്ഷ്യ ഇനങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് പാക്കറ്റുകളിൽ ആക്കി വിപണനം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. ഓച്ചിറ വനിത എന്ന ബ്രാൻഡ് നെയിമിലാണ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചത്.
സ്കൂളുകൾ, വിവിധ സഹകരണ സംഘങ്ങൾ മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ ലഭിച്ചതോടെ പദ്ധതി വിജയത്തിലേക്ക് കുതിച്ചു. ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകാനും തുടങ്ങി. 10 കിലോയിൽ അധികം വാങ്ങുന്നവർക്ക് ആവശ്യമായ ഡിസ്കൗണ്ടുകൾ കൂടി അനുവദിച്ചതോടെ കച്ചവടം മെച്ചപ്പെട്ടു. പ്രസിഡൻ്റ് ശോഭന രവിയും, സെക്രട്ടറി അർച്ചനയും കൂടാതെ ഭരണസമിതി അംഗങ്ങളായ ബി സുധർമ, മിനിമോൾ നിസാം, ജയന്തി, അശ്വതി, ഷീജ ,ഗംഗാലാൽ, വത്സല, അംബിക എന്നിവരുടെയും ജീവനക്കാരുടെയും കൂട്ടായ്മയോടെയാണ് എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്. സ്ഥാപനത്തിൽ ലഭിക്കുന്ന ഓർഡറുകൾ അനുസരിച്ച് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ സ്ഥാപനത്തിലെത്തി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും പാക്കറ്റുകളിൽ നിറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകും. വീടുകളിൽ നിന്നും എത്തിക്കുന്ന മുളക്, മല്ലി, ഗോതമ്പ് തുടങ്ങിയവ കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ച് നൽകുകയും ചെയ്യും. ഇത് കൂടാതെ മലയോരമേഖലകളിൽ നേരിട്ട് ചെന്ന് ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും തേയില നേരിട്ട് ശേഖരിച്ച് ആവശ്യക്കാർക്ക് മായം കലരാത്ത തേയില എത്തിച്ചു നൽകുന്ന പ്രവർത്തനവും തുടങ്ങി. വ്യാപാരം മെച്ചപ്പെട്ടതോടെ ഉത്പാദന പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനും അനുബന്ധ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കാനുമുള്ള ഒരുക്കത്തിലാണ് ഈ വനിത കൂട്ടായ്മ.
രാജ്‌കുമാർ കരുനാഗപ്പള്ളി



