നഗരങ്ങളിലെ കൂറ്റൻ കെട്ടിടങ്ങളോ ആകാശപാതകളോ മാത്രമല്ല വായുവിൽ തെളിയാത്ത ഡിജിറ്റൽ പാതകൾ കൂടിയാണ് ഒരു നാടിന്റെ വികസനവേഗം നിർണയിക്കുന്നത്. വിവര സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജിൻസും ലോകത്തിന്റെ മുൻഗണനകളെ മാറ്റിമറിച്ച ഈ കാലഘട്ടത്തിൽ, ഇന്റർനെറ്റ് ലഭ്യമാക്കുക എന്നത് ഒരു ആഡംബരമല്ല, മറിച്ച് കുടിവെള്ളവും വൈദ്യുതിയും പോലെ പൗരന്റെ പ്രാഥമിക അവകാശമാണ്. ഈ ഡിജിറ്റൽ വിപ്ലവത്തിന്റെ മുന്നണിയിൽ നിന്ന് കേരളം പടുത്തുയർത്തിയ സാങ്കേതിക മുന്നേട്ടമാണ് കെഫോൺ.
കേവലം കണക്ഷനുകളുടെ എണ്ണത്തിലോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ നീളത്തിലോ ഒതുങ്ങുന്നതല്ല കെഫോണിന്റെ പ്രസക്തി. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള ഒരു ശരാശരി മലയാളിയുടെ നിത്യജീവിതത്തെയും തൊഴിൽ സംസ്കാരത്തെയും സാമ്പത്തിക വ്യവസ്ഥയെയും ഭരണസംവിധാനങ്ങളെയും കെഫോൺ എങ്ങനെ നിശബ്ദമായി മാറ്റിമറിക്കുന്നു എന്നതിന്റെ അന്വേഷണമാണ് താഴെ നൽകുന്നത്.
സർക്കാർ സേവനങ്ങൾ ക്യൂവില്ലാതെ പൂർണത കൈവരിക്കുമ്പോൾ!
ജനങ്ങളുടെ സമയം ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് സർക്കാർ ഓഫീസുകളിലെ ക്യൂ നിരകളിലെ കാത്തുനിൽപ്പുകളിലാണ്. ജനന-മരണ സർട്ടിഫിക്കറ്റുകൾ, ഭൂമി സംബന്ധമായ രേഖകൾ, വിവിധ പെൻഷനുകൾ, നികുതി അടയ്ക്കൽ എന്നിവയ്ക്കായി വില്ലേജ് ഓഫീസുകളിലും പഞ്ചായത്തുകളിലും കയറിയിറങ്ങുന്ന പരമ്പരാഗത രീതി ഇന്ന് മാറി വരികയാണ്. ഈ മാറ്റത്തിന് സാങ്കേതികമായി നേതൃത്വം നൽകുന്നത് കെഫോണിന്റെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ്.
സംസ്ഥാനത്തെ 30,000-ത്തിലധികം സർക്കാർ സ്ഥാപനങ്ങളെയാണ് കെഫോൺ ഇതിനോടകം ബന്ധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ കെ-സ്മാർട്ട് (K-SMART) പോലെയുള്ള സമഗ്ര ഇ-ഗവേണൻസ് പ്ലാറ്റ്ഫോമുകൾ കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ തടസ്സമില്ലാത്ത ഇന്റർനെറ്റ് ബാക്കെൻഡ് സിസ്റ്റം അത്യാവശ്യമാണ്. സെക്രട്ടറിയേറ്റ് മുതൽ ഗ്രാമപഞ്ചായത്ത് വരെയുള്ള ഓഫീസുകൾ ഒരൊറ്റ അതിവേഗ നെറ്റ്വർക്കിലേക്ക് വരുമ്പോൾ, ഫയൽ നീക്കം വേഗത്തിലാകുന്നു. അക്ഷയ കേന്ദ്രങ്ങൾ വഴി സാധാരണക്കാർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ ഈ കണക്റ്റിവിറ്റി വലിയൊരു കാരണവുമാകുന്നുണ്ട്. ഇത് ഭരണസംവിധാനത്തെ കൂടുതൽ സുതാര്യമാക്കുകയും അഴിമതി കുറയ്ക്കുകയും ജനങ്ങളുടെ വിലയേറിയ സമയം ലാഭിക്കുകയും ചെയ്യുന്നു.
നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന ഐ.ടി വികസനം
കേരളത്തിന്റെ ഐ.ടി വികസനം കൊച്ചിയിലെ ഇൻഫോപാർക്കിലോ തിരുവനന്തപുരത്തെ ടെക്നോപാർക്കിലോ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല. ചെറുകിട ഐ.ടി പാർക്കുകളും വർക്ക് സ്റ്റേഷനുകളും ടയർ-2, ടയർ-3 (Tier 2 & 3) നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്ന ഒരു വലിയ മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ചെറിയ ഐ.ടി ഹബ്ബുകൾക്കും പ്രാദേശിക സംരംഭങ്ങൾക്കും വലിയ കമ്പനികളുടേതിന് തുല്യമായ അതിവേഗ കൊമേഴ്സ്യൽ ലീസ്ഡ് ലൈൻ (Commercial Leased Line) കണക്റ്റിവിറ്റി നൽകാൻ ഇന്ന് കെ-ഫോണിന് സാധിക്കുന്നുണ്ട്.
വൻകിട സ്വകാര്യ കമ്പനികളുടെ ഉയർന്ന നിരക്കുകൾ താങ്ങാൻ കഴിയാത്ത പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല. ഐ.ടി മേഖലയുടെ വികേന്ദ്രീകരണം (Decentralization) സാധ്യമാകുന്നതോടെ, വലിയ നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറയുകയും, പ്രാദേശികമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി കെ-ഫോൺ നൽകുന്ന എന്റർപ്രൈസ് സേവനങ്ങൾ പ്രാദേശിക ബിസിനസുകൾക്ക് ആഗോള തലത്തിലേക്ക് വളരാനുള്ള അടിസ്ഥാന സൗകര്യമാണ് ഒരുക്കി കൊടുക്കുന്നത്.
ഗ്രാമങ്ങളിലേക്ക് റിവേഴ്സ്മൈഗ്രേറ്റ് ചെയ്യുന്ന പുതിയ തൊഴിൽ സംസ്കാരം
പ്രാദേശിക കമ്പനികൾക്ക് പുറമെ, ഓരോ വ്യക്തികളുടെ തൊഴിൽ രീതികളിലും വലിയ മാറ്റം വന്നിട്ടുണ്ട്. ഒരു പതിറ്റാണ്ട് മുൻപ് വരെ, ഐ.ടി മേഖലയിലോ ബന്ധപ്പെട്ട ഡിജിറ്റൽ മേഖലയിലോ ജോലി ലഭിക്കുന്ന ഒരു ഒരാൾക്ക് തങ്ങളുടെ നാടും വീടും വിട്ട് ബെംഗളൂരുവിലോ ചെന്നൈയിലോ മറ്റു സിറ്റികളിലോ പോയി താമസിക്കേണ്ടി വന്നിരുന്നു. മികച്ച ഇന്റർനെറ്റ് സൗകര്യം നഗരങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നതായിരുന്നു ഇതിന് പ്രധാന കാരണം.
ഇന്ന് ഗ്രാമങ്ങളിലെ വൈദ്യുതി തൂണുകളിലൂടെ കെ-ഫോൺ കണക്ഷനുകൾ പായുമ്പോൾ, അത് ഈ ജനവിഭാഗത്തിന് നൽകുന്നത് ഒരു പുതിയ സ്വാതന്ത്ര്യമാണ്. ഗ്രാമപ്രദേശങ്ങളിൽ പോലും തടസ്സങ്ങളില്ലാത്ത അതിവേഗ ഇന്റർനെറ്റ് ലഭ്യമായതോടെ ‘വർക്ക് ഫ്രം ഹോം’ (Work from Home) അല്ലെങ്കിൽ ‘വർക്ക് ഫ്രം എനിവെയർ’ എന്ന ആശയം പൂർണ്ണമായും പ്രായോഗികമായി കൊണ്ടിരിക്കുന്നു. തങ്ങളുടെ ഗ്രാമങ്ങളിലിരുന്ന് അമേരിക്കയിലെയോ യൂറോപ്പിലെയോ വൻകിട കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്ന ഫ്രീലാൻസർമാരുടെയും ഗിഗ് വർക്കർമാരുടെയും (Gig workers) എണ്ണം കേരളത്തിൽ വർദ്ധിച്ചുവരികയാണ്. തങ്ങളുടെ ശമ്പളം സ്വന്തം നാട്ടിൽ തന്നെ ചിലവഴിക്കാൻ ഇവർക്ക് കഴിയുന്നത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ നേരിട്ട് സഹായിക്കുകയും ചെയ്യുന്നു.
ഗ്ലോബലായ കേരള ക്ലാസ് മുറികൾ.
വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ വെറുമൊരു സ്മാർട്ട് ടിവിയോ പ്രൊജക്ടറിലോ മാത്രം ഒതുക്കുവാൻ സാധിക്കില്ല. കെ-ഫോൺ വഴി കേരളത്തിലെ ആറായിരത്തിലധികം സ്കൂളുകളിൽ അതിവേഗ ഇന്റർനെറ്റ് എത്തിയപ്പോൾ, ലോകത്തെ ഏറ്റവും വലിയ ലൈബ്രറികളാണ് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കപ്പെട്ടത്.
വയനാട്ടിലെ മലയോര ഗ്രാമത്തിലുള്ള കുട്ടിയെന്നോ എറണാകുളം നഗരത്തിലുള്ള കുട്ടിയെന്നോ ഉള്ള വ്യത്യാസമില്ലാതെ, ഏവർക്കും ഒരേ വേഗതയിൽ കോഡിംഗും റോബോട്ടിക്സും ഡിജിറ്റൽ വിജ്ഞാനവും ഓൺലൈനിലൂടെ സ്വന്തമാക്കാൻ ഇന്ന് സാതിക്കുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും മികച്ച ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ആരും പിന്നാക്കം പോകാത്ത വലിയൊരു മാറ്റമാണ് വിദ്യാഭ്യാസ മേഖലയിൽ കെ-ഫോൺ കൊണ്ടുവരുന്നത്. വിജ്ഞാനവും അവസരങ്ങളും സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള കുട്ടികൾക്ക് തുല്യമായി ലഭിക്കാൻ ഇത് വഴിയൊരുക്കുന്നു.
ഇന്റർനെറ്റ് കുത്തകകൾക്കെതിരെയുള്ള ഡിജിറ്റൽ സ്വാതന്ത്ര്യം
കമ്പ്യൂട്ടർ ലോകത്ത് ലിനക്സ് പോലെയുള്ള ഓപ്പൺ സോഴ്സ് സിസ്റ്റങ്ങൾ വൻകിട സോഫ്റ്റ്വെയർ കമ്പനികളുടെ കുത്തക തകർത്തതിന് സമ്മാനമായ വിപ്ലവമാണ് ടെലികോം ഡാറ്റ മേഖലയിൽ ഫോൺ സൃഷ്ടിക്കുന്നത്. ആഗോളതലത്തിൽ ഇന്റർനെറ്റ് ശൃംഖലകളും ഡാറ്റയും ഏതാനും ചില കോർപ്പറേറ്റ് ശക്തികളുടെ മാത്രം നിയന്ത്രണത്തിൽ ഒതുങ്ങുന്ന കാലത്താനിത്. ഭാവിയിൽ ഏറ്റവും വിലപിടിപ്പുള്ള വിഭവമായി ഡാറ്റ മാറുമ്പോൾ പൗരന്മാരെ സ്വകാര്യ കമ്പനികളുടെ ഡിജിറ്റൽ കുത്തക വൽക്കരണത്തിന് (digital Monopoly) വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാവ്യാണമാണ് ഈ പദ്ധതി. ഇന്റർനെറ്റ് കേവലം ഒരു കച്ചവടച്ചരക്കല്ല, മറിച്ച് പൗരന്റെ അടിസ്ഥാന അവകാശമാണെന്ന തിരിച്ചറിവിലാണ് കെ-ഫോൺ പ്രവർത്തിക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണം (Data Democratization) ഉറപ്പാക്കുന്ന ഈ ബദൽ മാതൃക, സ്വകാര്യ ടെലികോം കമ്പനികളുടെ അനിയന്ത്രിതമായ നിരക്കുവർദ്ധനവിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നു. സ്വന്തമായി കെട്ടിപ്പടുത്ത ഈ വിപുലമായ ഫൈബർ ശൃംഖലയിലൂടെ ഡിജിറ്റൽ രംഗത്ത് പൂർണ്ണ സ്വാതന്ത്ര്യവും സുരക്ഷയും കൈവരിക്കുന്ന കേരളം, ഭാവിയിലെ ഡാറ്റാ ചൂഷണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ കോട്ടയാണ് തീർക്കുന്നത്.
ദൂരങ്ങളെ മറികടന്ന് ആരോഗ്യ സേവനം, കെഫോൺ തുറക്കുന്ന ടെലിമെഡിസിൻ സാധ്യതകൾ
ആരോഗ്യ മേഖലയിൽ മികച്ച ഇന്റർനെറ്റിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പലപ്പോഴും നാം തിരിച്ചറിയാറില്ല. മലയോര മേഖലകളിലെയും ഗ്രാമങ്ങളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (PHC) താലൂക്ക് ആശുപത്രികളിലും കെ-ഫോൺ എത്തിയതോടെ ആതുരസേവന രംഗത്തും വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. അത്യാഹിത ഘട്ടങ്ങളിൽ നഗരങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായി തടസ്സങ്ങളില്ലാതെ വീഡിയോ കോൺഫറൻസ് വഴി ബന്ധപ്പെടാനും, രോഗിയുടെ എക്സ്-റേ, സ്കാനിംഗ് റിപ്പോർട്ടുകൾ സെക്കൻഡുകൾക്കുള്ളിൽ കൈമാറാനും ഇന്ന് സാധിക്കുന്നു. ടെലിമെഡിസിൻ എന്ന ആശയം പൂർണ്ണമായും ഫലപ്രദമാകുന്നത് ഇത്തരം മികച്ച അടിസ്ഥാന സൗകര്യങ്ങൾ വരുമ്പോഴാണ്. രോഗികളുടെ വിവരങ്ങൾ സുരക്ഷിതമായി ഇ-ഹെൽത്ത് (e-Health) പ്ലാറ്റ്ഫോമുകളിൽ സൂക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു.
വിനോദത്തിന്റെയും കലയുടെയും ജനാധിപത്യവൽക്കരണം
ഇന്റർനെറ്റ് നമ്മുടെ വിനോദ രംഗത്ത് സമാനതകളില്ലാത്ത മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. തിയേറ്ററുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സിനിമകൾ ഇന്ന് ഒ.ടി.ടി (OTT) പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരുടെ കൈകളിലെത്തി. എന്നാൽ ഇവിടെയും സ്വകാര്യ കമ്പനികളുടെ വിലയേറിയ സബ്സ്ക്രിപ്ഷനുകൾ സാധാരണക്കാർക്ക് ഒരു തടസ്സമായിരുന്നു. ഇതിനൊരു കൃത്യമായ പരിഹാരമായാണ് കെ-ഫോൺ അവരുടെ സ്വന്തം ഒ.ടി.ടി സേവനം (KFON OTT) അവതരിപ്പിച്ചത്.
വളരെ കുറഞ്ഞ ചിലവിൽ നിലവിൽ ഇരുപത്തിയൊൻപതോളം മുൻനിര ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350-ലധികം ലൈവ് ചാനലുകളും നൽകുന്നതിലൂടെ വിനോദത്തെ പൂർണ്ണമായും സാധാരണക്കാരന് പ്രാപ്യമാക്കുകയാണ് കെ-ഫോൺ ചെയ്യുന്നത്. സ്പോർട്സ്, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികൾ, ഡോക്യുമെന്ററികൾ എന്നിവയെല്ലാം ₹444 മുതൽ തുടങ്ങുന്ന പ്ലാനുകളിൽ ലഭ്യമാക്കുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അയ്യായിരത്തിലധികം വീടുകൾ ഈ വിനോദ പാക്കേജിന്റെ ഭാഗമായത് ആ മാറ്റത്തിന്റെ സൂചനയാണ്.
ദുരന്ത നിവാരണവും പരിസ്ഥിതി സൗഹൃദ സ്മാർട്ട് ഗ്രാമകളും
കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും ശക്തമായി നേരിടുന്ന കേരളം പോലായൊരു സംസ്ഥാനത്ത് തടസമില്ലാത്ത ആശയവിനിമയ സംവിധാനങൾ ഉണ്ടാകേണ്ടത് ജീവന്റെ തന്നെ ആവിശ്യമാണ്. മുൻകാലങ്ങളിലെ പ്രളയ സമയങ്ങളിലും ഉരുൾപൊട്ടലുകളിലും സ്വകാര്യ ടെലികോം ടവറുകളുo നെറ്റ്വർക്കുകളും തകരാറിലായപ്പോൾ ജനങ്ങൾ ഒറ്റപ്പെട്ടുപോയ അനുഭവങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. എന്നാൽ കെ-ഫോൺ നിർമിച്ചിരിക്കുന്ന ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ഏതൊരു അടിയന്തര സാഹചര്യത്തിലും സർക്കാർ സംവിധാനങ്ങളും ദുരന്ത നിവാരണ സേവനങ്ങളും താസമില്ലാത്ത കമ്മ്യൂണികേഷൻ ബാക്കപ്പ് നൽകുന്നു. മലയോര തീരദേശ മേഖലകളെ ദുരന്ത നിവാരണ കേന്ദ്രങ്ങളുമായി തത്സമയം ബന്ധിപ്പിക്കാനും, മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകാനും ഈ നെറ്റ്വർക്ക് സഹായിക്കുന്നു.
ഇതിനുപുറമെ, കേരളത്തിലെ ഗ്രാമങ്ങളെ ‘സ്മാർട്ട് വില്ലേജുകൾ’ ആയി മാറ്റുന്നതിൽ കെ-ഫോൺ നിർണ്ണായക പങ്ക് വഹിക്കുന്നു. കൃഷി, വനംവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തത്സമയ വിവരങ്ങൾ കൈമാറാൻ കെ-ഫോണിന്റെ ഹൈ-സ്പീഡ് നെറ്റ്വർക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.പ്രതേകിച്ച് വനാതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ വണ്യജീവി സാന്നിധ്യം മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള എ.ഐ ക്യാമറകളും സെൻസറുകളും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കെഫോൺ കണക്ടിവിറ്റി പൂർണമായി ലഭ്യമായിരുന്നെങ്കിൽ അത് ഏറെ പ്രയോജനകരമാകുമായിരുന്നു. ഇത് കാട്ടുപന്നികളുടെയോ ആനകളുടെയോ ആക്രമണത്തിൽ നിന്നും ഗ്രാമീണരുടെ ജീവനും സ്വത്തിനുംകൃത്യമായ സംരക്ഷണം ഉറപ്പാക്കാൻ ഇത്തരം ഒരു തടസ്സമില്ലാത്ത ശൃംഖലയ്ക്ക് സാധിക്കും.വാഗമൺ, വയനാട് മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിദൂര സ്റ്റേകളിൽ പോലും കെഫോൺ കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ സാധിച്ചാൽ Shows ‘വർക്കേഷൻ ‘ (workation – work +vacation ) സംസ്ക്കാരം കൂടുതൽ ജനപ്രിയമറക്കാനും വലിയ സാധ്യതകളുണ്ട്
മാറ്റത്തിന്റെ ഭാവി രേഖ
ഒരു പുതിയ പാത നിർമ്മിക്കപ്പെടുമ്പോൾ ആ നാടിന്റെ മുഖച്ഛായ മാറുന്നത് നാം കണ്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് വിവരസാങ്കേതിക രംഗത്തെ ഈ അതിവേഗ ഡാറ്റാ പാതയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ വരും കാലങ്ങളിൽ നമ്മുടെ നിത്യജീവിതത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ, അതിനെ ഉൾക്കൊള്ളാൻ തക്കവണ്ണമുള്ള ശക്തമായൊരു അടിസ്ഥാന സൗകര്യമാണ് കെ-ഫോൺ കേരളത്തിനായി ഒരുക്കുന്നത്.
ഒരു വശത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇന്റർനെറ്റ് നൽകി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു. മറുവശത്ത് നൂതന ബിസിനസ്സുകൾക്കും ഗവേണൻസിനും വിനോദത്തിനും വിദ്യാഭ്യാസത്തിനും ആവശ്യമായ ഫൈബർ നെറ്റ്വർക്ക് ലഭ്യമാക്കുന്നു. ഡിജിറ്റൽ ലോകത്തെ അന്തരം കുറച്ച്, ജനങ്ങൾക്ക് ഡിജിറ്റൽ സ്വാതന്ത്ര്യം നൽകി സാങ്കേതിക മുന്നേറ്റങ്ങളിൽ കേരളത്തെ മുൻനിരയിൽ നിർത്താൻ കെഫോണിന്റെ ഈ ശൃംഖല വലിയൊരു പങ്കുവഹിക്കുമെന്നതിൽ സംശയമില്ല



