കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.
1956 ഏപ്രിൽ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസൻ കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി. 2018 ൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരക്കഥ എഴുതിയ ചിത്രം. വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.



