കോതമംഗലം: കോതമംഗലത്ത് സ്വകാര്യ ബസ് ഹോണടിച്ചതും അമിത വേഗവും ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രിയുടെ നിർദേശാനുസരണം സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കിയാൽ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് തിരിയുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മേഖലാ ഭാരവാഹികൾ പറഞ്ഞു.
കോതമംഗലത്ത് ശനിയാഴ്ച മന്ത്രി കെ.ബി. ഗണേഷ്കുമാറും ആന്റണി ജോൺ എംഎൽഎയും പങ്കെടുത്ത കെഎസ്ആർടി സി ബസ് ടെർമിനലിന്റെ ഉദ്ഘാടന വേളയിൽ നിർത്താതെ ഹോൺമുഴക്കി അമിതവേഗത്തിൽ പോയെന്ന കാരണം ചൂണ്ടിക്കാട്ടി ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ പ്രസംഗത്തിലൂടെ മന്ത്രി നിർദേശിക്കുകയായിരു ന്നു. ഇതേത്തുടർന്ന് മോട്ടോർ വാഹന അധികൃതർ രണ്ട് ബസുകൾ പിടിച്ചെടുത്തിരുന്നു. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിശദീകരണത്തിന് ഡ്രൈവർമാർക്ക് നോട്ടീസും നൽകിയിരുന്നു.
രണ്ടുബസുകളും മൂവാറ്റുപുഴ ആർടിഒ മുൻപാകെ ഹാജരാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ആർടിഒ നടപടിക്ക് അനുസരിച്ച് സമരത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷൻ ജന റൽ സെക്രട്ടറി സി.ബി. നവാസ് പറഞ്ഞു. ഹോൺ സ്റ്റക്കായി പോ യതാണ് കാരണം.പ്രധാന റോഡിൽ നിന്ന് കെ എസ് ആർ ടി സി ഡിപ്പോ, ഹൈറേഞ്ച് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോകുവാൻ കയറ്റമുള്ള റോഡിൻ്റെ ഇരുവശത്തും ഉദ്ഘാടനത്തിനെത്തിയ വാഹനങ്ങളുടെ പാർക്കിങ്ങും ഉള്ളപ്പോൾ ബസ് വേഗത്തിൽ ഓടിച്ചെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
മിനിമം വേഗത്തിലും താഴെയാണ് പോയത്. എയർ ഹോണല്ല മുഴക്കിയത്. അനുവദനീയമായ ഇലക്ട്രിക് ഹോണാണ്. ഹോണിന് തകരാർ സംഭവിച്ച കാര്യം സ്ഥലത്ത് പരിശോധനക്കെ ത്തിയ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കും കെഎസ്ആർടിസി ഇലക്ട്രിക് ടെക്നീഷ്യനും ബോധ്യപ്പെട്ടതാണെന്നും നവാസ് പറഞ്ഞു. ബസ് ഡ്രൈവർ മന്ത്രിയെ കണ്ട് മാപ്പുപറയാൻ തയ്യാറായെങ്കിലും അവസരം ലഭിച്ചില്ല. വേഗത്തിൽ പോയ ബസിന് പിഴ അടയ്ക്കാനുള്ള നിർദേശം പാലിക്കും. പെർമിറ്റ് റദ്ദാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും നവാസ് പറഞ്ഞു. പണിമുടക്കിലേക്ക് പോയാൽ പകരം നൂറ് ബസുകൾ ഇറക്കുമെന്ന് മന്ത്രിയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇറക്കിയ ബസ് തിരികെ കൊണ്ടുപോകില്ലെന്നും ഗണേഷ്‌കുമാർ സൂചിപ്പിച്ചിരുന്നു.



