Fri Aug 07, 2026 4:08 am
FLASH
X

ശബരിമല സ്വര്‍ണക്കവര്‍ച്ച; അന്വേഷണം മുന്‍ ബോര്‍ഡ് പ്രസിഡന്‍റുമാരിലേക്കും

HOME / Kerala October 8, 2025

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ രണ്ട് മുന്‍ ദേവസ്വം പ്രസിഡന്‍റുമാരടക്കം 12 ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം. എ.പത്മകുമാറിനെയും എന്‍.വാസുവിനെയും പ്രത്യേകസംഘം ചോദ്യം ചെയ്യും. സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം കമ്മീഷണര്‍മാരും അറിഞ്ഞിരുന്നതായി ദേവസ്വം വിജിലന്‍സ്. 2018 മുതല്‍ 2021 വരെയുള്ള മൂന്ന് വര്‍ഷക്കാലം ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ വന്‍ സ്വാധീനം ചെലുത്തിയിരുന്നതായും കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥരുടെ മാത്രം തലയിലിട്ട് രക്ഷപെടാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ശബരിമലയിലെ സ്പോണ്‍സര്‍ വേഷത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ദുരൂഹ ഇടപാടുകള്‍ തുടങ്ങുന്നത് 2018 ജൂലൈയിലാണ്. ശ്രീകോവിലിന്‍റെ വാതില്‍ സ്വര്‍ണം പൂശി നല്‍കാമെന്ന വാഗ്ദാനത്തോട് കൂടി. പിന്നീട് കട്ടിളയും ദ്വാരപാലക ശില്‍പവും പീഠവുമൊക്കെയായി 2021 മെയ് വരെ ഇടപാടുകള്‍ തുടര്‍ന്നു. ഇതില്‍ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയിലേക്ക് കേന്ദ്രീകരിക്കുന്ന അന്വേഷണസംഘത്തിന്‍റെ ചോദ്യങ്ങള്‍ നീളുന്നത് രണ്ട് മുന്‍ ദേവസ്വം പ്രസിഡന്‍റുമാരിലേക്കാണ്.ദ്വാരപാലക ശില്‍പ്പം അഴിച്ചുകൊണ്ടുപോകുമ്പോളും പുനസ്ഥാപിക്കുമ്പോളും പ്രസിഡന്‍റ് എ.പത്മകുമാറാണ്. ഉണ്ണികൃഷ്ണന്‍റെ ഇടപെടലുകള്‍ പത്മകുമാര്‍ അറിഞ്ഞിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

എന്‍.വാസുവാണ് രണ്ടാമത്തെ പ്രസിഡന്‍റ്. ശ്രീകോവിലിന്‍റെ വാതിലുമായി ബന്ധപ്പെട്ട ഇടപാടുകളുടെ സമയത്ത് അദ്ദേഹം ദേവസ്വം കമ്മീഷണര്‍ കൂടിയാണ്. കൂടാതെ ദുരൂഹ ഈമെയില്‍ വരുന്ന സമയത്ത് പ്രസിഡന്‍റും. അതിനാല്‍ രണ്ട് കാര്യങ്ങളിലും ഉത്തരം പറയേണ്ടിവരും.