Fri Aug 07, 2026 4:56 am
FLASH
X

ഹോസ്ദുർഗ്ഗ് -പാണത്തൂർ സംസ്ഥാന പാത നാലുവരിപ്പാതയായി അഭിവൃദ്ധിപ്പെടുത്തണം; മലനാട് വികസന സമിതി.

HOME / Kerala October 3, 2025

പാണത്തൂർ: കണ്ണൂർ ജില്ലയുടെ വടക്കൻ മേഖലയിലും, , കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ മുതൽ കാസർകോട് വരേയുമുള്ള ജനങ്ങൾക്ക് ഏറ്റവും ദൂരക്കുറവിൽ കർണ്ണാടക സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന എളുപ്പ മാർഗ്ഗമാണ്, ഹോസ്ദുർഗ്ഗ് -പാണത്തൂർ – ബാഗമണ്ഡല – മടിക്കേരി റോഡ്. ടൂറിസം, വാണിജ്യം, വിദ്യാഭ്യാസം, തീർത്ഥാടനം, തൊഴിൽ, കാർഷികം തുടങ്ങിയ എല്ലാ ദൈനംദിന ആവശ്യങ്ങൾക്കുമായി നൂറുകണക്കിന് വാഹനങ്ങളും, പൊതു ജനങ്ങളും ആണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഈ സംസ്ഥാന പാത ഭാവിയിൽ ഭാരത് മാല പദ്ധതിയിൽ നാഷണൽ ഹൈവേ ആകുമെന്ന പ്രതീക്ഷയിലാണ് കാസർകോട് ജില്ലയിലേയും, കുടക് മേഖലയിലേയും ബഹുജനങ്ങൾ. എന്നാൽ ഇത് സാധ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ ചുമതലയേറ്റ, എംപി യും, എംഎൽഎ യും, കേന്ദ്ര – സംസ്ഥാന ഗവൺമെൻ്റുകളും, ഭാരത് മാല പദ്ധതിയുടെ രണ്ടാം ഫെയ്സിലെ എട്ടാം പദ്ധതിയായ, ഹോസ്ദുർഗ്ഗ് -പാണത്തൂർ – ബാഗമണ്ഡല – മടിക്കേരി റോഡിൻ്റെ ഫയലിന് മുകളിൽ അടയിരിക്കുകയാണ്.

2018 ൽ സ്വകാര്യ കരാർ കമ്പനിയെ കൊണ്ട്,വിശദ പദ്ധതി രേഖ ( DPR) തയ്യാറാക്കിച്ചുവെങ്കിലും, അത് ഇപ്പോഴും അട്ടത്ത് തന്നെയാണ്.അന്ന് തയ്യാറാക്കിയ 57 കിലോമീറ്റർ നാഷണൽ ഹൈവേ വിശദ പദ്ധതി രേഖയിൽ കാഞ്ഞങ്ങാട് നിന്നും പാണത്തൂരേക്കുള്ള 44.40 കിലോമീറ്റർ ദൂരം 7.80 കിലോമീറ്റർ ദൂരം കുറഞ്ഞ് 36.60 കിലോമീറ്റർ ആയിചുരുങ്ങും എന്നാണ് DPR രേഖപ്പെടുത്തുന്നത്. ഇതുപ്രകാരം കർണ്ണാടക സംസ്ഥാനത്തിലെ കരിക്കെ,ചെത്തുകയ വരേയുള്ള നാഷണൽ ഹൈവേ റോഡ് മാപ്പാണ് ഔദ്യോഗികമായി തയ്യാറാക്കിയത്.എന്നാൽ അതിനുശേഷം,ഈ വിശദ പദ്ധതി രേഖ എവിടെയും പരിഗണിക്കപ്പെട്ടില്ല.ഖജനാവിൽ നിന്ന് മൂന്നരക്കോടി രൂപ ചെലവായത് മാത്രം മിച്ചം.

കർണ്ണാടക ഗവൺമെൻ്റ് ഈ ഭാരത് മാല പദ്ധതിയുടെ DPR തയ്യാറാക്കാൻ ഒരു രൂപ പോലും ബജറ്റിൽ ഉൾപ്പെടുത്തി ഒരു നീക്കവും ഈ പദ്ധതിക്കായി നടത്തിയിട്ടില്ല. ഭാരത് മാല പദ്ധതിയുടെ രണ്ടാം ഫെയ്സിലെ എട്ടാം പദ്ധതിയായ ഹോസ്ദുർഗ്ഗ് -പാണത്തൂർ – മടിക്കേരി റോഡ് NH ആയി ഉയർത്താതിരിക്കാൻ ചില കടലാസ് പരിസ്ഥിതി സംരക്ഷണ സംഘടനകളെ കൊണ്ട് തുടർച്ചയായി കോടതിയിൽ കേസുകൊടുത്ത് ഇത് മുടക്കാൻ, ആസൂത്രിത നീക്കം, ചില രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി കർണ്ണാടക സംസ്ഥാനത്തിൽ നടന്നു വരുകയാണ്. ഇതിൽ മിക്കവാറും എല്ലാ കേസുകളും ഒന്നും, രണ്ടും വട്ടം വിവിധ കോടതികൾ തള്ളിക്കളഞ്ഞു എങ്കിലും, വീണ്ടും അപ്പീലുകളുടെ സാധ്യത തേടി കോടതി കയറിക്കൊണ്ടിരിക്കുന്നു. ഇവിടെ ഏറ്റവും പ്രധാന കാര്യം ഹോസ്ദുർഗ്ഗ് -പാണത്തൂർ – മടിക്കേരി ഭാരത് മാല റോഡ് സംബന്ധിച്ച്, കർണ്ണാടക ഗവൺമെൻ്റ് ഒരു അനുകൂല നയം സ്വീകരിച്ചിട്ടില്ല എന്നതാണ്.

രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായപ്പോഴും, മുൻപും, മൈസൂരു, കാസർകോട്, മംഗളൂരു എംപിമാരും, ഇരു സംസ്ഥാനത്തേയും ഗവൺമെൻ്റുകളും, ഒരുമിച്ച് നയരൂപീകരണ ചർച്ചക്ക്, മലനാട് വികസന സമിതി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും, കേരളത്തിലെ ഇടതുപക്ഷവും, കർണ്ണാടകയിലെ ബിജെപി യും, കോൺഗ്രസ്സും മുഖം തിരിച്ചു നിൽക്കുകയാണ്. മധ്യസ്ഥ ചർച്ചക്ക് മുൻകൈ എടുക്കാം എന്ന് ഉറപ്പു നൽകിയ കാസർകോട് എംപി രാജ് മോഹൻ ഉണ്ണിത്താൻ വർഷം 6 കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട ഒരു നീക്കവും നടത്തിയിട്ടില്ല. അതേപോലെ മൈസൂരു മുൻ എംപി പ്രതാപ് സിൻഹ യും, മലനാട് വികസന സമിതി ഭാരവാഹികളായ സൂര്യനാരായണ ഭട്ട്, അഡ്വ എം വി ഭാസ്കരൻ, ബി അനിൽകുമാർ എന്നിവരുൾപ്പെട്ട നിവേദക സംഘത്തോട് നൽകിയ ഉറപ്പ് ഇന്നും കടലാസിൽ പോലും എത്തിയിട്ടില്ല. എങ്കിലും ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ഇങ്ങനെ അനിശ്ചിതത്വത്തിൽ ആയ ഭാരത് മാല പദ്ധതിയുടെ വരവും കാത്ത് നിന്നാൽ കാഞ്ഞങ്ങാട് അസംബ്ലി നിയോജക മണ്ഡലത്തിലെ ഭാവി വികസന സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്ന ബോധ്യത്തിലാണ് മലനാട് വികസന സമിതി, നിലവിൽ ഒരു നാഷണൽ ഹൈവേ പദ്ധതിക്ക് ഉതകുന്ന ഭൂമി സ്വന്തമായി ഉള്ള, ഹോസ്ദുർഗ്ഗ് -പാണത്തൂർ സംസ്ഥാന പാത നാലുവരിപ്പാത ആയി അഭിവൃദ്ധിപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത്.

ബ്രിട്ടീഷ് ഭരണകാലത്ത് 1920 ലും, 1927 ലും, 1937 ലും തയ്യാറാക്കിയ മൂന്ന് FMB ( Field Measurement Book)പ്രകാരം 30 മുതൽ 60 മീറ്റർ വരെ വീതിയുള്ള സംസ്ഥാന പാതയാണ് ഹോസ്ദുർഗ്ഗ് -പാണത്തൂർ സംസ്ഥാന പാത. അതിൽനിന്ന് 7.80 കിലോമീറ്റർ ദൂരം, 2018 ൽ തയ്യാറാക്കിയ DPR പ്രകാരം കുറയും. ഈ നിർദ്ദിഷ്ട നാലുവരിപ്പാതക്കായി ഒരു സെൻ്റ് ഭൂമി പോലും പുതിയതായി അക്വയർ ചെയ്യേണ്ടതില്ല. ആകെ വേണ്ടത് ഇതിൻ്റെ കയ്യേറ്റങ്ങൾ പൂർണ്ണമായും ഒഴിപ്പിക്കാൻ നിയമനടപടികൾ കൈക്കൊള്ളുക എന്നത് മാത്രമാണ്.ഏറ്റവും വാണിജ്യ സാധ്യതയും, റവന്യൂ വരുമാനവും ലഭ്യമാകുന്ന ഈ പദ്ധതിക്ക് സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മുൻഗണന കൊടുക്കേണ്ടതാണെന്ന് മലനാട് വികസന സമിതി ചൂണ്ടിക്കാട്ടുന്നു.

ഇരു സംസ്ഥാനങ്ങളിലേയു നൂറു കണക്കിന് ആളുകളും, വാഹനങ്ങളും ആശ്രയിക്കുന്ന ഈ സംസ്ഥാനാന്തരപാത ഭാവിയിൽ എന്തായാലും വികസിപ്പിക്കാതെ ഇരിക്കുവാൻ, ഭരണകൂടങ്ങൾക്ക് കഴിയില്ല. ഏറ്റവും പരിഗണനാർഹമായ കാര്യം  30 മീറ്റർ മുതൽ 60 മീറ്റർ വരെ വീതിയുള്ള സംസ്ഥാന പാതയാണ് ഹോസ്ദുർഗ്ഗ് -പാണത്തൂർ റോഡ്.ഈ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി , ഏറ്റവും വാഹനത്തിരക്ക് അനുഭവപ്പെടുന്ന,H P  റോഡ് നാലുവരിപ്പാത ആക്കണം എന്നാണ് മലനാട് വികസന സമിതിയുടെ ശക്തമായ ആവശ്യം. നിരവധി കണക്റ്റിവിറ്റി റോഡുകൾ ഉള്ള സംസ്ഥാന പാതയാണ് HP റോഡ്.ഏഴ് അന്തർസംസ്ഥാന റോഡുകൾ, ഒരു മേജർ ജില്ലാ റോഡ്, മലയോര ഹൈവേ, ജില്ലാ കേന്ദ്രത്തിലേക്കുള്ള, എട്ടോളം റോഡുകൾ, അന്തർ ജില്ലാ കണക്റ്റിവിറ്റി റോഡുകൾ എന്നിവ വന്നുചേരുന്ന.

 ഈ സംസ്ഥാന പാത, കോട്ടച്ചേരി ജംഗ്ഷൻ മുതൽ പാണത്തൂർ കർണ്ണാടക അതിർത്തി വരേയുള്ള ഭാഗം നാല് വരിപ്പാത ആക്കി അഭിവൃദ്ധിപ്പെടുത്തുവാൻ ആവശ്യമായ സത്വര നടപടികൾ കൈക്കൊള്ളണമെന്ന്, മലനാട് വികസന സമിതി,   ചെയർമാൻ ആർ സൂര്യനാരായണ ഭട്ട്, കൺവീനർ ബാബു കദളിമറ്റം, ജനറൽ സെക്രട്ടറി ബി അനിൽകുമാർ,വർക്കിംഗ് ചെയർമാൻ കെ ജെ ജോസ്, ട്രഷറർ അജി ജോസഫ്, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഏ കെ ശശി, പി പി ഗോപാലകൃഷ്ണൻ മാസ്റ്റർ, കൃഷ്ണകുമാർ കെ യു, ശശി ബി സി, അബു താഹിർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന്  നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനേയും കണ്ട് തുടർ നടപടികൾ കൈക്കൊള്ളുമെന്നും, ഹോസ്ദുർഗ്ഗ് -പാണത്തൂർ സംസ്ഥാന പാത നാലുവരിപ്പാത ആയി അഭിവൃദ്ധിപ്പെടുത്തുന്നതിന് മലനാട് വികസന സമിതി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും, സഹായവും, സഹകരണവും തേടി പദ്ധതി നടപ്പിലാക്കാൻ അക്ഷീണം പ്രവർത്തിക്കുമെന്നും.അത് നാളെയുടെ വികസന, പുരോഗമന കുതിപ്പിന് നട്ടെല്ലായി മാറുമെന്നും, മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി അനിൽകുമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.