തിരുവനന്തപുരം : കേരളത്തിലെ സ്ഥലനാമങ്ങളുടെ അടിസ്ഥാനവിവരങ്ങളടങ്ങിയതും ഉച്ചാരണ ലേഖനവ്യവസ്ഥകൾ ചിട്ടപ്പെടുത്തിയതുമായ ‘കേരള സ്ഥലനാമകോശം ഡോ. ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. തിരുവനന്തപുരം എന്‍.വി. ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രനാണ് ഗ്രന്ഥം രചിച്ചത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. വെള്ളനാട് രാമചന്ദ്രൻ പുസ്തകകം പരിചയപ്പെടുത്തി. ഡോ. അച്യുത്ശങ്കർ എസ്, സുദർശൻ കാർത്തികപ്പറമ്പിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് അസി. ഡയറക്ടര്‍ സുജാ ചന്ദ്ര പി. ഡോ. വിളക്കുടി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും സബ് എഡിറ്റര്‍ ശ്രീരാജ് കെ.വി. നന്ദിയും പറഞ്ഞു.
ഇന്ത്യൻഭാഷകളിൽ ആദ്യമായാണ് ചിട്ടപ്പെടുത്തിയ ഒരു സ്ഥലനാമകോശം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. 1984, 1999 വര്‍ഷങ്ങളില്‍ 2 വാല്യങ്ങളായി പുറത്തിറങ്ങിയ ഈ ഗ്രന്ഥം പരിഷ്കരിച്ച് ഒറ്റ വാല്യമായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുതിയ താലൂക്കുകളും വില്ലേജുകളും പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളുമായി ഇതിനിടെ മാറ്റങ്ങൾ അനവധി ഉണ്ടായിട്ടുണ്ട്. അതിർത്തി നിർണയത്തിലും മാറ്റമുണ്ടായി. പേരുകളുടെ എണ്ണവും വർധിച്ചു. കേരളത്തില്‍ നിരവധി സ്ഥലനാമങ്ങളുണ്ട്. സർക്കാർ രേഖകളിലുൾപ്പെടെ പലതരത്തിലാണ് ഇവ എഴുതുകയും അച്ചടിക്കുകയും ചെയ്യുന്നത്. പ്രാദേശികോച്ഛാരണവും എഴുത്തുരീതികളും മാനദണ്ഡമാക്കിയാണ് ഈ പേരുകൾ ചിട്ടപ്പെടുത്തിയത്. സ്ഥലനാമങ്ങൾ എഴുതുന്നതിലും ഉച്ചരിക്കുന്നതിലും അവ്യവസ്ഥകൾക്ക് വലിയൊരതിർത്തിയോളം പരിഹാരമുണ്ടാക്കാൻ സാധിക്കുന്ന 900 രൂപ മുഖവിലയുള്ള ഈ ഗ്രന്ഥം ഇൻസ്റ്റിറ്റ്യുട്ട് പുസ്തകശാലകളിലും ഓണ്‍ലൈനായും വിലക്കിഴിവില്‍ ലഭിക്കും.



