കാസറഗോഡ് / രാജപുരം : രോഹിണി നിലയത്തിൽ നാരായണന് ഇനി സന്തോഷജീവിതം. പനത്തടി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ചെറുപനത്തടിയിലെ ഭിന്നശേഷി കുടുംബാംഗമായ പി കെ നാരായണനെയാണ് പഞ്ചായത്ത് വീട് നൽകി ചേർത്തുപിടിച്ചത്.അതി ദരിദ്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി പ്രകാരമാണ് ഇയാൾക്ക് വീട് നൽകിയത്. 2022ലാണ് സംസ്ഥാന സർക്കാർ അതി ദരിദ്രകുടുംബങ്ങളെ കണ്ടെത്തുന്നതിന് പഞ്ചായത്ത് തലത്തിൽ സർവ്വേ നടത്തിയത്. സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്ത് ചെറിയ കുടിൽകെട്ടി കഴിയുന്ന നാരായണനെയും ഭാര്യ രോഹിണിയെയും സർവ്വേയിൽ കൂടിയാണ് കണ്ടെത്തിയത്. ലൈഫ് ഭവന പദ്ധതിക്ക് കൃത്യസമയത്ത് അപേക്ഷ സമർപ്പിക്കാത്തതുമൂലംഇവർ ക്ക് വീടൊന്നു സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. പഞ്ചായത്തിന്റെ അദി ദരിദ്ര കുടുംബങ്ങളുടെ ലിസ്റ്റിൽ പെടുത്തിയ നാരായണന് ആദ്യഘട്ടത്തിൽ ഭിന്നശേഷി സർട്ടിഫിക്കറ്റും തുടർന്ന് വികലാംഗ പെൻഷനും അനുവദിച്ചു നൽകി .

തുടർന്ന് വീടും അനുവദിച്ചു. വീട് നിർമ്മാണം ആരംഭിച്ചപ്പോഴാണ് ഭാര്യ രോഹിണിയുടെ പെട്ടെന്നുള്ള മരണം സംഭവിച്ചത്. അതോടെ വീട് നിർമ്മാണം പാതിവഴിയിലായി. കഴിഞ്ഞ മാസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് നാരായണന്റെ ഓല ഷെഡിന് മുകളിലേക്ക് തെങ്ങുവീണ് ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടത്. തുടർന്നാണ് പഞ്ചായത്തംഗം എൻ. വിൻസന്റിന്റെ നേതൃത്വത്തിൽ വീട് നിർമ്മാണം പുനരാരംഭിച്ചത്. സ്നേഹനിധി ഭാര്യയുടെ ഓർമ്മയ്ക്കായി പുതിയതായി പണിത വീടിന് രോഹിണി നിലയം എന്ന പേരും നൽകി. പനത്തടി പഞ്ചായത്തിൽ സർവേയിൽ കൂടി കണ്ടെത്തിയ അതി ദരിദ്ര കുടുംബങ്ങളുടെ എണ്ണം 32 ആണ്. ഇതിൽ ആറു പേര് മരണപ്പെട്ടു. ശേഷിക്കുന്ന വീടില്ലാത്ത ഏഴു കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണം നടന്നുവരികയാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടും പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പി.കെ നാരായണന് വീടിന്റെ താക്കോൽ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ അധ്യക്ഷ ലത അരവിന്ദൻ പഞ്ചായത്ത് അംഗങ്ങളായ എൻ. വിൻസന്റ്, കെ.കെ വേണുഗോപാൽ,കെ.ജെജെയിംസ്, രാധാ സുകുമാരൻ,പഞ്ചായത്ത് സെക്രട്ടറി ഇ. എം ഷിബു, അസി:സെക്രട്ടറി ജോസഫ് ഡാനിയേൽ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മിനിഷ തുടങ്ങിയവർ പ്രസംഗിച്ചു.



