ബെംഗളൂരു: ധർമ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്. ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ സാക്ഷി നല്‍കിയ കസ്റ്റോഡിയനായ മഹേഷ് തിമറോടിയെ കഴിഞ്ഞ ദിവസം കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സാക്ഷിയെ എസ്‌ഐടി കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.
1995നും 2014നുമിടയില്‍ ധര്‍മസ്ഥല ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന സമയത്ത് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയുമടക്കം നിരവധി പേരുടെ മൃതദേഹം കുഴിച്ചിട്ടുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മൃതദേഹം അടക്കിയ ഒരു സ്ഥലത്ത് താന്‍ പോയെന്നും അവിടെ നിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും ഫോട്ടോഗ്രാഫുകള്‍ സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. നേത്രാവതി നദിക്ക് സമീപമുള്ള വനത്തില്‍ നിന്ന് മനുഷ്യന്റേതെന്ന് കരുതുന്ന 15 അസ്ഥികള്‍ എസ്‌ഐടി കുഴിച്ചെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 13 സ്ഥലങ്ങളില്‍ ആറാമത്തെ സ്‌പോട്ടില്‍ നിന്നാണ് അസ്ഥി ലഭിച്ചത്. അസ്ഥികള്‍ പുരുഷന്റേതാണെന്നായിരുന്നു പ്രാഥമിക നിഗമനം. സ്ഥലപരിശോധന ആരംഭിച്ച് രണ്ടാമത്തെ ദിവസം തന്നെ എസ്‌ഐടിക്ക് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടുകിട്ടുകയായിരുന്നു. ഒന്നാമത്തെ സ്‌പോട്ടില്‍ നിന്നും ഒരു പാന്‍ കാര്‍ഡും ഡെബിറ്റ് കാര്‍ഡും എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്.



