പ്രവാസികൾക്കായി നടത്തിയത് മറക്കാനാകാത്ത ഇടപെടലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന് അന്ത്യാജ്ഞലി നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ.എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം അർപ്പിച്ചു. രാവിലെയോടെ ദർബാർ ഹാളിൽ ആരംഭിച്ച പൊതുദർശന ചടങ്ങിലേക്കാണ് എം.എ യൂസഫലി എത്തിയത്. വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിൽ പങ്കുചേർന്നു.
ഗവർണർ രാജേന്ദ്ര അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗം വൃന്ദാ കാരാട്ട്, മുൻ പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.എം പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. വി.എസിന്റെ നിര്യാണത്തിൽ ദുഖം പങ്കുവച്ചു. മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ചും മകൾ വി.വി ആശയുടെ ഭർത്താവിനെ കണ്ട് ആശ്വസ വാക്ക് നൽകിയുമാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട സഖാവിനെ അവസാനമായി കണ്ട് മടങ്ങിയത്. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് എന്നും അതിലുപരി നല്ലൊരു രാഷ്ട്രീയ നേതാവും ആയിരുന്നു വി.എസ്. പ്രവാസികൾക്കായി നോർക്ക റൂട്സ് ചെയർമാനായിരിക്കെ നടത്തിയത് ബൃഹത്തായ ഇടപെടലുകളെന്നും എം.എ യൂസഫലി പ്രതികരിച്ചു.

സ്മാർട്സ് സിറ്റി അടക്കമുള്ള പദ്ധതികൾക്കായി വി.എസ് നടത്തിയ ഇടപെടുകൾ യൂസഫലി ഒർത്തെടുത്തു. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്നിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗം തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുശോചിച്ചു. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായത്. വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമാണ് ഞാൻ വെച്ചു പുലർത്തിയിരുന്നതെന്നും യൂസഫലി പ്രതികരിച്ചത്.. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ തന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം എനിക്ക് അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നുള്ള അനുഭവവും അദ്ദേഹം പങ്കുവച്ചു. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്ത് ഇടപഴകാൻ ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം കേരളത്തിലെ എൻ്റെ ആദ്യത്തെ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് എനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ല. ചെളിയിൽ നിന്നും വിരിയിച്ച താമര എന്നായിരുന്നു കൺവെൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം അന്ന് പരാമർശിച്ചതെന്നും അദ്ദേഹം കുറിച്ചു..എൻ്റെ സഹോദരതുല്യനായ സഖാവ് വി.എസ്സിൻ്റെ ഈ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നെന്നും എം.എ യൂസഫലി പ്രതികരിച്ചു



