വിഎസിന് ലാൽസലാം ; ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതം വിടപറയുമ്പോൾ പതിനായിരങ്ങൾ ഇന്നും ഏറ്റ് വിളിക്കുന്നത് കണ്ണേ… കരളേ….വിഎസ്സേ.. എന്നാണ്
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു.
കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികൾ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇൻക്വിലാബിൻറെ ഇടിമുഴക്കം കുട്ടനാടിൻറെ വയലേലകളിൽ കൊടുങ്കാറ്റായി. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാൻ ജന്മിമാർ ഉത്തരവിട്ടു. കൊടിയ മർദ്ദനങ്ങൾ, ചെറുത്ത് നിൽപുകൾ പ്രതിഷേധങ്ങൾ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാർ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങൾ നീണ്ട പൊലീസ് മർദ്ദനം. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്നാണ് വിഎസ് തിരിച്ച് വന്നത്
1965ൽ വിഎസ് അച്യുതാനന്ദൻ ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും അമ്പലപ്പുഴയിൽ പരാജയപ്പെട്ടു. പിന്നീട് 1967 ലും, 1970ലും അമ്പലപ്പുഴയിൽ നിന്ന് വിജയിച്ചെങ്കിലും 1977 ൽ വീണ്ടും അച്യുതാനന്ദനെ അമ്പലപ്പുഴ കൈവിട്ടു. പിന്നീട് 1991ലായിരുന്നു വി എസ് തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് വരുന്നത്. അന്ന് മാരാരിക്കുളത്ത് നിന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിഎസ് മത്സരിച്ചത്. 1991ൽ രാജീവ് ഗാന്ധിയുടെ ആകസ്മിക മരണം തുടർഭരണം പ്രതീക്ഷിച്ചിരുന്ന ഇടതുമുന്നണിക്ക് തിരിച്ചടിയായി. മാരാരിക്കുളത്ത് നിന്നും വിജയിച്ച വിഎസ് അച്യുതാനന്ദൻ പിന്നീട് 1992ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ഇടതുമുന്നണി അധികാരത്തിൽ വന്നെങ്കിലും മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദൻ പരാജയപ്പെട്ടു. സിപിഐഎം വിഭാഗീയതയുടെ തുടർച്ചയായിരുന്നു വി എസ് അച്യുതാനന്ദന്റെ പരാജയം. പിന്നീട് 2001ൽ മലമ്പുഴയിൽ നിന്ന് വിഎസ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്ന് യുഡിഎഫ് സർക്കാരാണ് അധികാരത്തിൽ വന്നത്. അതോടെ വിഎസ് വീണ്ടും പ്രതിപക്ഷ നേതാവായി. 2006ൽ മലമ്പുഴയിൽ നിന്നും വിജയിച്ച് വിഎസ് ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് 2011ൽ വീണ്ടും മലമ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിരലിലെണ്ണാവുന്ന സീറ്റുകളുടെ കുറവിൽ ഇടതുമുന്നണിക്ക് തുടർഭരണം നഷ്ടമായി. വിഎസ് അച്യുതാനന്ദൻ വീണ്ടും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ വിഎസ് വീണ്ടും മലമ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിണറായി വിജയനെ സിപിഐഎം പൊളിറ്റ്ബ്യൂറോ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിക്കുകയായിരുന്നു



