തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡയറക്ടറുടെ വെളിപ്പെടുത്തൽ ആരോഗ്യ മേഖലയുടെ സമ്പൂർണ്ണ തകർച്ച വെളിവാക്കുന്നതാണ്.അതീവ ഗൗരവമായ ചില ആശങ്കകൾ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉയർന്നു വന്നിട്ടുണ്ട്.ആരോഗ്യ മേഖലയിൽ നമ്പർ വൺ ആണെന്ന് ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ ബോധപൂർവ്വമായി ഒരു നാറേറ്റീവ് സൃഷ്ടിച്ചെടുത്തു. ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കാട്ടിയാണ് ഈ പ്രചാരണം.ഒരുകാലത്ത് പശ്ചാത്യ രാജ്യങ്ങളോടൊപ്പം തലയുയർത്തി നിന്നിരുന്നു നമ്മുടെ ആരോഗ്യ മേഖല. എന്നാൽ ഇടതും വലതും ഭരിച്ചപ്പോൾ അതിൽ കൂപ്പുകുത്തി.നിർമാർജനം ചെയ്ത പല രോഗങ്ങളും തിരികെ വരുന്നു. അതീവ ഗുരുതരമായി ചികിത്സാ പിഴവ് തുടരുന്നത് ആരോഗ്യ മേഖലയോടുള്ള വിശ്വാസം തകർക്കുന്നു.മരുന്ന് ലഭിക്കാതെ സാധാരണക്കാർ കഷ്ടപ്പെടുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ പോലും സർജിക്കൽ ഉപകരണവും വാങ്ങി ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണ്.
മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെ മരുന്നുമില്ല, ജീവനക്കാരുമില്ല. ഐസിയുവിൽ പോലും തീപിടിത്തം ഉണ്ടാകും. ഓക്സിജൻ സിലിണ്ടറുകൾ കിട്ടാനില്ല. കുട്ടികൾ പോലും ആശുപത്രിയിൽ മരിക്കുന്നു.വീണാ ജോർജ് മന്ത്രിയായ അഞ്ചുവർഷംകൊണ്ട് ആരോഗ്യ മേഖല നാഥനില്ലാത്ത കളരിയായി.മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആദ്യം പറഞ്ഞത് സർക്കാർ ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിർത്തലാക്കുമെന്നതായിരുന്നു. എന്നാൽ ഇപ്പോഴും നല്ലൊരു ശതമാനം ഡോക്ടർമാരുടെയും പ്രാഥമിക പരിഗണന പ്രൈവറ്റ് പ്രാക്ടീസിനാണ്.പറഞ്ഞ കാര്യങ്ങളൊന്നും കഴിഞ്ഞ ഒൻപത് വർഷമായി എൽ.ഡി.എഫ് സർക്കാർ പാലിച്ചിട്ടില്ല. കേരളത്തിലെ ആരോഗ്യ മേഖല പ്രവർത്തിക്കുന്നത് കേന്ദ്രസർക്കാരിൻറെ ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാനം പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ ഒന്നും നടപ്പിലാക്കുന്നില്ല. പ്രഖ്യാപിച്ച തുക പോലും വെട്ടിച്ചുരുക്കുന്നു.വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ നടത്തും. മെഡിക്കൽ കോളേജിനും ജില്ലാ ആശുപത്രികൾക്കും താലൂക്ക് ആശുപത്രികൾക്കും കോടികൾ നൽകുന്നു എന്ന് പറയും. എന്നാൽ നാലിലൊന്ന് തുക പോലും ചിലവഴിക്കില്ല.കേന്ദ്രസർക്കാർ നൽകുന്ന തുക പോലും കൃത്യമായി ഉപയോഗിക്കുന്നില്ല. 2022-23 വർഷത്തെ കണക്കിൽ മാത്രം പരിശോധിച്ചാൽ, കേന്ദ്രം നൽകിയ തുകയിൽ 37 ശതമാനം മാത്രമാണ് ഉപയോഗിച്ചത്.ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും സർക്കാരിൻറെ അലംഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷത്തെ കേന്ദ്രം നൽകിയ പണത്തിന്റെ കണക്ക് പോലും നൽകാൻ കേരളം ഇതുവരെ തയ്യാറായിട്ടില്ല.ഈ സാമ്പത്തിക വർഷം ഇതുവരെ മാത്രം കേരളത്തിന് എൻ.എച്ച്.എം പദ്ധതി പ്രകാരം ₹1351.79 കോടി നൽകി. എന്നിട്ടും “പണമില്ല” എന്നാണ് പിണറായി സർക്കാർ പറയുന്നത്.പി.എം.എസ്.എസ്.വൈ. പദ്ധതി പ്രകാരം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ₹120 കോടി രൂപയുടെ പദ്ധതി കേന്ദ്രം അനുവദിച്ചു. ഇതിൽ ₹90 കോടി രൂപ കേന്ദ്ര വിഹിതമാണ്.
കോഴിക്കോട് കാൻസർ സെന്ററിനായി ₹26.7 കോടി രൂപയും നൽകിയിട്ടുണ്ട്.സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ പി.ജി കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം കേന്ദ്രം വർദ്ധിപ്പിച്ചു നൽകി. ഇതിന് ആവശ്യമായ ₹27 കോടി രൂപയിൽ ₹18 കോടി രൂപയും കേന്ദ്രം സംസ്ഥാനത്തിന് കൈമാറി (ആദ്യ ഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്).തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നവീകരണത്തിനായി ₹120 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയും അതിൽ കേന്ദ്ര വിഹിതമായ ₹100 കോടി നൽകുകയും ചെയ്തു.കോഴിക്കോട് മെഡിക്കൽ കോളേജിന് സമാനമായ പദ്ധതിയിൽ ₹195 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. അതിൽ ₹120 കോടി രൂപ കേന്ദ്ര വിഹിതം കൈമാറി.ആലപ്പുഴ മെഡിക്കൽ കോളേജ് ഉന്നത നിലവാരത്തിലേക്ക് ഉയർത്താൻ ₹173 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇതിൽ കേന്ദ്ര വിഹിതം ₹120 കോടി രൂപയാണ്.തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനായി ₹230 കോടി രൂപയുടെ പദ്ധതിയും രൂപീകരിച്ചു.മോദി സർക്കാർ നൽകിയ തുക മര്യാദയ്ക്ക് ചിലവഴിച്ചാൽ മാത്രം മതി. എന്നാൽ അതും ചെയ്യുന്നില്ല.കേന്ദ്രം പ്രഖ്യാപിച്ച തുക കേരളത്തിന്റെ ഖജനാവിൽ വന്നു കഴിഞ്ഞു. കേരളത്തിന്റെ കയ്യിൽ എന്താണ് നീക്കിയിരിപ്പ് എന്ന് വ്യക്തമാക്കണം.കഴിഞ്ഞ 11 വർഷം കൊണ്ട്, യു.പി.എ സർക്കാർ നൽകിയതിലും 15 ഇരട്ടി പദ്ധതികൾ മോദി സർക്കാർ നടപ്പിലാക്കി.ആരോഗ്യ മേഖലയിലെ ജനങ്ങൾക്ക് സഹായമായിരുന്ന പല പദ്ധതികളും കേരളം നിർത്തലാക്കി. കാരുണ്യ പദ്ധതിയുടെ അവസ്ഥ ഉദാഹരണമാണ്.ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുന്നില്ല.70 വയസ്സിന് മേൽ പ്രായമുള്ളവർക്കായി കേന്ദ്രം നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ കേരളം ഒപ്പിടാൻ തയ്യാറാകുന്നില്ല.
സർക്കാരിന്റെ പിടിപ്പു ടുകൊണ്ട് പ്രായമായവർക്ക് കിട്ടിക്കൊണ്ടിരുന്ന സഹായം നിൽക്കുകയും ചെയ്തു. കേന്ദ്രസഹായം ലഭ്യമാകാതിരിക്കുകയും ചെയ്യുകയാണ്.കേരളത്തിൻറെ കയ്യിൽ കാശില്ലാത്തതുകൊണ്ട് കേന്ദ്ര പദ്ധതികൾ പലതും ഇവർ തന്നെ മുടക്കുകയാണ്.ബജറ്റിൽ പ്രഖ്യാപനം അല്ലാതെ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല.പാലക്കാട് പിന്നാക്ക വിഭാഗക്കാർക്ക് ഒരു മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചിട്ടും മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ല.കോന്നി മെഡിക്കൽ കോളേജ്, കാസർഗോഡ് ബദിയടുക്ക മെഡിക്കൽ കോളജിന്റെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കണം.ഇതിൽ ഇതിൻറെ പേരിലാണ് സർക്കാർ ഊറ്റം കൊള്ളുന്നത്?മൂന്ന് വർഷം എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നു ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ വിതരണം ചെയ്ത സംവിധാനമാണ് ഇവിടെയുള്ളത്.20 പൈസ മാത്രം വിലയുള്ള ഗുളികയ്ക്ക് ഒന്നര രൂപ വാങ്ങുന്നു. പി.പി. കിറ്റിന്റെ കാര്യത്തിൽ നടന്നത് വമ്പൻ തട്ടിപ്പാണ്.മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ നൽകിയ കമ്പനികൾക്ക് കോടികൾ കുടിശ്ശികയാണ്.ഗുണനിലവാരമുള്ള കമ്പനികൾ ഒന്നും ഇപ്പോൾ സംസ്ഥാന സർക്കാരിന് ഉപകരണങ്ങളും മരുന്നും നൽകുന്നില്ല.216 കമ്പനികൾ കരാറിൽ ഉണ്ടായിരുന്നത് ഇപ്പോൾ 187 ആയി കുറഞ്ഞു.30 ശതമാനത്തിൽ അധികം വിലവർദ്ധനയാണ് കരാറുകാർ വരുത്തിയത്.യാതൊരു വിധ ഓഡിറ്റിങ്ങും നടക്കാത്തതുകൊണ്ട് തീവെട്ടിക്കൊള്ളയാണ് മെഡിക്കൽ പർച്ചേസിൽ നടക്കുന്നത്.
ഞെട്ടിക്കുന്ന അഴിമതിയാണ് ദാരുണമായ ഈ അവസ്ഥയിലും നടക്കുന്നത്.ആരോഗ്യ മേഖലയെ സംബന്ധിച്ച് സംസ്ഥാന സർക്കാർ ധവളപത്രം പുറത്തിറക്കണം.കേന്ദ്രം എത്ര തരുന്നുണ്ട്, കേരളം എത്ര ചെലവഴിക്കുന്നുണ്ട്, അഴിമതി എത്രയാണ് എന്നതെല്ലാം വ്യക്തമാകണം.സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം.ഗുരുതര മനുഷ്യാവകാശ ലംഘനവും തീവെട്ടി കൊള്ളയും ആണ് ആരോഗ്യ മേഖലയിൽ നടക്കുന്നത്.സമഗ്രമായ അന്വേഷണം ഈ വിഷയത്തിൽ നടക്കണം.കേരളത്തിൻറെ ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ വരും ദിവസങ്ങളിൽ ബിജെപി അതിശക്തമായ സമര-പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുകയാണ്.കേരളത്തിലുടനീളം ശക്തമായ പ്രതിഷേധങ്ങൾക്കാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്, കെ സുരേന്ദ്രന കൂട്ടിച്ചേർത്തു. അനൂപ് ആന്റണി വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.കോർ കമ്മറ്റി യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി,മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പി കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ എ എൻ രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, സി കൃഷ്ണകുമാർ, പി സുധീർ, സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് എന്നിവർ പങ്കെടുത്തു



