ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന്(കൊല്ലവർഷം 1200 മിഥുനം 29). ജൂലൈ 13ന് പകൽ 11 നും 12 നും നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക.
മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ യ്ക്കായി ശബരിമല ക്ഷേത്രനട ജൂലൈ 11ന് വൈകിട്ട് 5ന് പ്രത്യേകമായി തുറക്കാൻ ദേവ സ്വം ബോർഡ് തീരുമാനിച്ചു. 13നു രാവിലെ 11നും 12നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രിമാരായ കണ്ഠര് രാജീവര് കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ പ്രതിഷ്ഠ നടക്കും.
11ന് വൈകിട്ട് നട തുറന്ന ശേഷം ആചാര്യ വരണത്തോടെ ചടങ്ങുകൾ തുടങ്ങും. ശുദ്ധിക്രിയയാണു പ്രധാനം. അതിന്റെ ഭാഗമായി ഗണപതി പൂജ, പ്രാസാദ ശുദ്ധി, രാക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസപുണ്യാഹം, വാസ്തു കലശം, രക്ഷാ കലശം എന്നിവ നടക്കും. 12ന് ഗണപതി ഹോമത്തിനു ശേഷം ബിംബശുദ്ധി ക്രിയകൾ തുടങ്ങും. ചതുർശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, നവകം എന്നിവ പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യും.
വൈകിട്ട് ജലദ്രോണി പൂജ, കുംഭേശ കർക്കരി പൂജ, ബ്രഹ്മകലശ പൂജ, പരികലശ പൂജ, അദിവാസ ഹോമം എന്നിവയും നടക്കും. 13ന് കലശത്തിങ്കൽ ഉഷഃപൂജ, മരപ്പാണി എന്നിവയ്ക്കു ശേഷമാണ് നവഗ്രഹ പ്രതിഷ്ഠ നടക്കുക.പ്രതിഷ്ഠയ്ക്കു പറ്റിയ മുഹൂർത്തം നിശ്ചയിച്ച് ദേവസ്വം അധികൃതർ തന്ത്രിയെ അറിയിച്ചു. തന്ത്രിയുടെ ശുപാർശയോടെ ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചു. ദേവസ്വം ബോർഡിന്റെ പ്രത്യേക അനുമതിയോടെയാണ് നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയ്ക്കായി നട തുറക്കുന്നത്. ഈ ദിവസങ്ങളിൽ തീർഥാടകർക്ക് ദർശനം, നെയ്യഭിഷേകം, മറ്റു വഴിപാടുകൾ എന്നി വയ്ക്ക് അവസരം ഉണ്ടാകും



