Wed Sep 23, 2026 1:45 am
FLASH
X

സുകൃതം 2025 ശ്രദ്ധേയമായി സാസ്കാരിക സദസും; ലഹരിക്കെതിരെയുള്ള ബോധവത്കരണം

HOME / Kerala June 4, 2025

തിരുവനന്തപുരം : നെയ്യാറ്റിന്‍കര അസോസിയേഷന്‍ ഫോര്‍ റൂറല്‍ ഡവലപ്പ്മെന്‍റി (നാര്‍ഡ്) ന്‍റെ ആഭിമുഖ്യത്തില്‍ പെരുമ്പഴുതൂർ ക്ഷീരസംഘം ഹാളില്‍ സംഘടിപ്പിച്ച സുകൃതം 2025 വൈവിധ്യമാര്‍ന്ന പരിപാടികളാലും വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്താലും ശ്രദ്ധേയമായി. നാര്‍ഡിന്‍റെ പ്രതിമാസ സാസ്കാരിക സദസും ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പുകയില വിരുദ്ധ ദിനാചരണവും എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി ഉന്നത പരീക്ഷാ ജേതാക്കള്‍ക്കുള്ള അനുമോദനസംഗമവും ഉള്‍പ്പെട്ട സുകൃതം മുന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. എസ്. രവീന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ നന്മയുടെ അംബാസഡര്‍മാരാകണമെന്നും ഉന്നത നിലവാരമുള്ള ജീവിത രീതി തുടരാനാവുന്ന പൗരന്മാരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാര്‍ഡ് ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ അധ്യക്ഷനായിരുന്നു. മുന്‍ പി.എസ്.സി അംഗം അഡ്വ. വി.എസ് ഹരീന്ദ്രനാഥ് പ്രതിഭകളെ ആദരിച്ചു. നെയ്യാറ്റിന്‍കര ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജി ആര്‍ നായര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. അഡ്വ. പി.എസ് അനില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാറശാല സി.എസ്.ഐ ലോ കോളജിലെ അസി. പ്രൊഫസര്‍ എസ്. അജിത, നാര്‍ഡ് ചീഫ് കോര്‍ഡിനേറ്റര്‍ ജി.ആര്‍ അനില്‍, കോ- ഓര്‍ഡിനേറ്റര്‍ ഇളവനിക്കര സാം, ജവഹര്‍ ബാല്‍മഞ്ച് തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ തുഷാര എന്നിവര്‍ പ്രസംഗിച്ചു. മികച്ച പബ്ലിക് ഹെല്‍ത്ത് നഴ്സിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം നേടിയ ഫ്ളോറന്‍സ് ജോണിനെ ആദരിച്ചു. വിവിധ പരീക്ഷാ ജേതാക്കളെ അനുമോദിച്ചു. നിംസ് മെഡിസിറ്റിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ ലഹരിവിരുദ്ധ ബോധവത്കരണ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.