കെവി മധു
മഞ്ഞുമ്മല്‍ ബോയ്‌സ് എന്നവമ്പന്‍ സിനിമയില്‍ ഒരുകഥാപാത്രമുണ്ട്. കൊടൈക്കനാലിലേക്ക് യാത്രപുറപ്പെടുന്ന സംഘത്തിനൊപ്പം യാദൃച്ഛികമായി എത്തുന്ന അപരിചിതനായ ടാക്‌സി ഡ്രൈവര്‍ പ്രസാദ്. യുവാക്കളുടെ ആവേശത്തിനിടയില്‍ പലപ്പോഴും ഒരുകാഴ്ചക്കാരനെ പോലെ നില്‍ക്കുകയും അപകടഘട്ടങ്ങളില്‍ മാറി നില്‍ക്കാനുള്ള മനസ്സ് പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രസാദ്. ഒടുക്കം മഞ്ഞുമ്മലിലെ പിള്ളേര്‍, ഒരുവലിയ അപകടത്തില്‍ പെട്ടപ്പോള്‍ അവരുമായി ഒരുമുന്‍പരിചയവുമില്ലാത്ത പ്രസാദ് അവരുടെ കൂട്ടുകാരന്റെ ജീവന് രക്ഷിക്കാന്‍ അവസാന നിമിഷം വരെ കൂടെ നില്‍ക്കുന്നു. പ്രസാദ് അപരസഹായത്തിന്റെ മലയാളി പ്രാതിനിധ്യമാണ്. പ്രസാദിനെ കുറിച്ച് പറയാനല്ല, ആ കഥാപാത്രത്തെ അവതരിപ്പിച്ച നടനെ കുറിച്ച് പറയാനാണ്. ആ നടന്റെ പേര് ഖാലിദ് റഹ്മാന്‍ എന്നായിരുന്നു. ഖാലിദ് റഹ്മാന്‍ നടന്‍ എന്ന നിലയിലല്ല മുഖ്യസിനിമാപ്രവര്‍ത്തനം നടത്തുന്നത്. മലയാളത്തിലെ വമ്പന്‍വിജയം നേടിയ സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. ഏറ്റവും ഒടുവില്‍ ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായി മലയാളിക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഖാലിദ് റഹ്മാന്റെ സിനിമാ ജീവിതം ആവേശകരമാണ്.1990 നവംബര്‍ 15ന് ജനിച്ച ഖാലിദ് റഹ്മാന്‍ ഈ 35 വയസ്സിനുള്ളില്‍ സഞ്ചരിച്ചത് അതിശയകരമായ സിനിമകളിലൂടെയാണ്. മലയാളികള്‍ക്ക് സുപരിചിതനായ നടനായിരുന്നു വിപി ഖാലിദ്. വിപി ഖാലിദിന്റെ മക്കള്‍ക്ക് സിനിമ ആഗ്രങ്ങള്‍ പൊട്ടിമുളച്ചപ്പോഴേ ഇഷ്ടമായിരുന്നു. സിനിമാക്കാരാകാന്‍ അവര്‍ ഇറങ്ങിപ്പുറപ്പെട്ടു. അച്ഛന്റെ വഴിയേ സഞ്ചരിക്കാന്‍ വലിയ ബുദ്ധമുട്ടൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അവിടെ വിജയിക്കുക എന്നത് എളുപ്പമേയല്ല. അതും ഒരിക്കലല്ല, തുടരെ തുടരെ വിജയങ്ങളുണ്ടാക്കുക. മലയാള സിനിമയുടെ ഭാഗമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുക.അങ്ങനെ വിപി ഖാലിദിന്റെ മക്കള്‍ ഇന്ന് മലയാളസിനിമയിലെ ഒരുവലിയ പ്രതിഭാസംഗമമായി മാറി.ഒരാള്‍ സംവിധായകനും ഛായാഗ്രഹകനും കൂടിയായ ഷൈജു ഖാലിദ്.
രണ്ടാമന്‍ ഛായാഗ്രഹകന്‍ ജിംഷി ഖാലിദ്.മൂന്നാമന്‍ സാക്ഷാല്‍ ഖാലിദ് റഹ്മാന്‍.സഹസംവിധായകനായാണ് ഖാലിദ് റഹ്മാന്റെ തുടക്കം.ഉസ്താദ് ഹോട്ടല്‍, നോത്ത് 24 കാതം, സപ്തമശ്രീ തസ്‌കര തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചാണ് സംവിധാന രംഗത്തേക്കുള്ള വരവ്. പറവയിലും മായാദനദിയിലും അഭിനയിച്ചിട്ടുമുണ്ട്. 2016ല്‍ ആദ്യസിനിമ. നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതിയ അനുരാഗ കരിക്കിന്‍ വെള്ളമാണ് ഖാലിദ് റഹ്മാന്‍ ആദ്യസംവിധാന സംരംഭം. ആശശരത്, രജിഷ വിജയന്‍, ബിജുമേനോന്‍, ആസിഫലി എന്നിവരായിരുന്നു സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയുമടക്കം നിരവധി പേര്‍ അണിനിരന്ന സിനിമ കുടുംബവും തലമുറവ്യത്യാസങ്ങളും കാഴ്ചപ്പാടുകളിലെ സംഘര്‍ഷങ്ങളും ഒക്കെ അതിമനോഹരമായും വൈകാരികമായും കൈകാര്യം ചെയ്തു. കുടുംബം എന്ന സ്ഥാപനത്തില്‍ ഭാര്യാഭര്‍തൃബന്ധങ്ങളിലെ യാന്ത്രികതയും കുടുംബബന്ധങ്ങളില്‍ പുരുഷാധിപത്യആശയങ്ങളുടെ ഇരയായി സ്ത്രീ അവഗണിക്കപ്പെടുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളും തിരിച്ചറിവും ഒക്കെ ഗംഭീരമായി ചര്‍ച്ച ചെയ്തു. അതുംപുതുതലമുറയിലെ ഒരുപെണ്‍കുട്ടിയിലൂടെ സിനിമ മുന്നോട്ട് കൊണ്ടുപോയി എന്നിടത്ത് ഖാലിദ് റഹ്മാന്‍ ആദ്യസിനിമയില്‍ തന്നെ തന്റെ ദിശ ഏതാണ് എന്ന് പ്രഖ്യാപിച്ചു. കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമ 2016ല്‍ ഒറുവലിയ ഹിറ്റായി മാറി.
എന്നാല്‍ തന്റെ രണ്ടാമത്തെ ചിത്രവുമായി ഖാലിദ് റഹ്മാന്‍ സമൂഹത്തിന്റെ അടരുകളില്‍ മുഖ്യധാരാ സിനിമ കണ്ടില്ലെന്ന് നടിക്കുന്ന ഒരുപ്രശ്‌നത്തെ കൂടി വലിച്ചുപുറത്തിട്ടു ഖാലിദ്. അത് തുല്യതയുടെ പ്രശ്‌നമായിരുന്നു. ഹര്‍ഷാദ് പികെയ്‌ക്കൊപ്പം ഖാലിദ് റഹ്മാന്‍ തന്നെ തിരക്കഥാപ റങ്കാളിത്തവും നിര്‍വഹിച്ച് സംവിധാനം ചെയ്ത ഉണ്ട 2019ലാണെത്തിയത്. . മമ്മൂട്ടി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം അവഗണിക്കപ്പെടുന്ന സമൂഹപ്രാതിനിധ്യങ്ങളുടെ പ്രയാസങ്ങളിലൂടെയും അതിജീവനത്തിലൂടെയും സഞ്ചരിച്ചു. ജാതി, ഒഫീഷ്യല്‍ ഹയരാര്‍ക്കി, സമ്പത്ത്, സ്ത്രീ തുടങ്ങി വിവേചനത്തിന്റെ അടരുകള്‍ ഓരോന്നോരോന്നായി ഉണ്ടയെടുത്ത് പുറത്തിട്ടു. അധികാരത്തിന്റെ മര്‍ദ്ദനോപാധിയായി അടയാളപ്പെടുത്തുമ്പോള്‍ തന്നെ പൊലീസ് എന്ന സംവിധാനത്തിന്റെ ഭാഗമായിരിക്കുന്നവര്‍പോലും വിവേചനത്തിന് ഇരയാകുന്നു എന്ന കഠിനയാഥാര്‍ത്ഥ്യമാണ് ഉണ്ട പുറത്തിട്ട് പൊട്ടിച്ചത്. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ എവിടെയും ഒരുപോലെ ദൃശ്യമാകുന്നു എന്ന് സിനിമകാണിച്ചുതന്നു. അതോടൊപ്പം സമകാലിക ഇന്ത്യ, എന്താണ് എന്ന് കൂടി ഒരുത്തരേന്ത്യന്‍ തെരഞ്ഞെടുപ്പ് കാലത്തിലൂടെ വരച്ചിട്ടു സിനിമയില്‍. ലുക്മാന്‍, ആസിഫലി, അര്‍ജുന്‍ അശോകന്‍ തുടങ്ങി ഒരുപിടി അഭിനേതാക്കള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സിനിമയില്‍ തലയെടുപ്പോടെ യാഥാര്‍ത്ഥ്യത്തെ വരച്ചിട്ടു. ഉണ്ടയും വലിയൊരു കമേഴ്‌സ്യല്‍ വിജയമായി.ഉണ്ടയ്ക്ക് പിന്നാലെയെത്തിയത് ലൗ എന്ന ചിത്രമാണ് ഖാലി് റഹ്മാനൊപ്പം നൗഫല്‍ അബ്ദുള്ളയും ഇത്തവണ തിരക്കഥയെഴുത്തിലുണ്ടായിരുന്നു. 2020ല്‍ ഒടിടി. കൊവിഡാനന്തരം. ആദ്യരണ്ട് ചിത്രങ്ങളിലുണ്ടായതുപോലെ ഒരുകമേഴ്‌സ്യല്‍ സ്വീകാര്യത ലൗവിലൂടെ ലഭിച്ചില്ല. എന്നാലും ഒടിടി റിലീസായി എത്തിയ സിനിമ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി നീണ്ട താരനിരയെ വെച്ചെടുത്ത ലൗ ഒരുസൈക്കോളജിക്കല്‍ ത്രില്ലറായാണ് ഒരുക്കിയത്. ബന്ധങ്ങളെ കുറിച്ചുതന്നെയാണ് സിനിമ പറയുന്നത്. പ്രണയബന്ധം, പങ്കാളിത്ത ജീവിതം, കുടുംബം എന്നീ വഴിയിലൂടെ പുതിയ കാലത്തുയരുന്ന ആശങ്കകളിലൂടെ ഒക്കെ സഞ്ചരിക്കുന്ന ചിത്രം ബന്ധങ്ങള്‍ക്കിടയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അവതരണമാണ്. ഇതരമനുഷ്യരുടെ മുന്നില്‍ അവതരിപ്പിക്കുന്ന ബന്ധങ്ങള്‍ക്കുള്ളിലെ കാപട്യവും യാഥാര്‍ത്ഥ്യവും സിനിമ തേടിപ്പോകുന്നുണ്ട്. ഒടുവില്‍ ഒരുകൊലപാതകത്തിന്റെ വിഭ്രമിപ്പിക്കുന്ന കാഴ്ചയും നായിക ഓടിക്കുന്ന കാറിന്റെസഡിക്കിയില്‍ നിന്ന് ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്യുന്ന നിമിഷത്തില്‍ കാഴ്ചക്കാരന്‍ സ്തബ്ദനാകുന്നു. പ്രക്ഷേകന്റെ ഭാവനയെ കുടി സിനിമയുടെ ക്ലൈമാക്‌സിലേക്ക് ക്ഷണിക്കുകയും മാനസികാവസ്ഥകളുടെ ക്രയവിക്രയത്തില്‍ വ്യക്തികള്‍ മൂല്യനിര്‍ണയം ചെയ്യപ്പെടുകയും ചെയ്യുന്ന അവസരം നല്‍കുന്നുണ്ട് സിനിമ.നാലാമതായി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 2022-തല്ലുമാല മലയാള സിനിമയില്‍ വ്യത്യസ്തമായ ആശ്വാദനാനുഭൂതി നല്‍കിക്കൊണ്ടാണ് കടന്നുവന്നത്.മഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ തല്ലുമാല 70 കോടിയിലധികം കളക്ട് ചെയ്ത തിയേറ്ററുകളെ ഇടിക്കൂട്ടിലാക്കിയ ചിത്രമായി. ടൊവിനോ തോമസിന്റെ താരമൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയ ചിത്രം ന്യൂജനറേഷനെ തിയേറ്ററുകളിലേക്ക് എത്തിച്ചു. ഖാലിദ് റഹ്മാന്റെ ഏറ്റവും വലിയ വിജയചിത്രം കൂടിയായി തല്ലുമാല മാറി. മുഖ്യധാര കണ്ടില്ലെന്ന് നടിക്കുന്ന ഉത്തരവാദിത്തമില്ലാത്ത യുവത്വത്തിന്റെ വഴിയിലൂടെ ഷൈജു ക്യാമറയും പിടിച്ച് നടക്കുകയയായിരുന്നു. തല്ലുമാലയിലൂടെ.കെജി ജോര്‍ജ്ജിന്റെ സിനിമകളെ പറ്റി പൊതുവേ നടത്താറുളള ഒരുവിലയിരുത്തലുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിഷയങ്ങളുടെ ആഴത്തില്‍ സഞ്ചരിച്ച് അതിന്മേല്‍ മറ്റൊരുയാത്ര അത്രമികവോടെ നടത്തല്‍ സാധ്യമോ എന്ന് ഒരു സിനിമാപ്രതിഭയ്ക്ക് പേടിയുണ്ടാക്കും വിധമാണ്. അത് സറ്റയറായാലും മനശ്ശാസ്ത്രമായാലും കുറ്റാന്വേഷണമായാലും സ്ത്രീപ്രശ്‌നമായാലും അങ്ങനെയോരോന്നും. ഓരോ സിനിമയും ഓരോപാഠപുസ്തകമായി നില്‍ക്കും.ഒരുപരിധിവരെ ഖാലിദ് റഹ്മാന്റെ വഴി കെജി ജോര്‍ജ്ജിന്റേതാണോ എന്ന് സംശയിക്കാവുന്നതാണ്. അത് ഭാര്യാഭര്‍തൃസ്‌നേഹബന്ധമാായാലും പ്രണയികള്‍ തമ്മിലുള്ള പ്രണയബന്ധമായാലും അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നമായാലും ബന്ധങ്ങളിലെ കാട്ടിക്കൂട്ടലുകളായാലും സൗഹൃദമായാലും തല്ലിപ്പൊളിക്കുന്ന യുവത്വത്തിന്റെ കഥയായാലും.ഒടുക്കം ആലപ്പുഴ ജിംഖാനയിലെത്തിയപ്പോള്‍ ഖാലിദ് റഹ്മാന്‍ സൗഹൃതദ്ദിന്റെ പുതിയ രസക്കൂട്ടാണ് അഠയാളപ്പെടുത്തുന്നത്. വിജയപരാജയങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകാനിടയുള്ള കൂട്ടുകെട്ടുകളുടെ സങ്കീര്‍ണതലങ്ങളിലൂടെ ഒരു യാത്ര. നമ്മുടെ കാഴ്ചയില്‍ അവശേഷിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഒരുപരാജയത്തിന്റെ അഠയാളമുണ്ടാകും. അതില്‍ അതിജീവനത്തിലൂടെ അവര്‍ നേടിയെടുത്ത തിരിച്ചറിയപ്പെടാത്ത ഒരു ജീവിത വിജയത്തിന്റെ അടരുമുണ്ടാകും. പരാജയത്തിന്റെ കയ്പ്പിങ്ങനെ നിരന്തരം കുടിച്ചുകൊണ്ടിരിക്കാന്‍ പക്ഷേ ഓരോരുത്തരും തീരുമാനിക്കുകയാണ് പതിവ്. ആ പരാജ്യങ്ങള്‍ക്കൊക്കെ അപ്പുറത്ത് അതിനെയൊക്കെ അതിജീവിച്ച് സ്‌നേഹബന്ധങ്ങളുടെ ബലത്തില്‍ ജീവിതം മുന്നോട്ട് പോകുന്നു എന്ന വിജയത്തിന്റെ കഥ പക്ഷേ ആരും കാണാറില്ല. എന്നാല്‍ ഖാലിദ് റഹ്മാന്‍ അതുകണ്ടു. ആലപ്പുഴ ജിംഖാന പറഞ്ഞ കഥയിലും കൂടുതാലണ് പറയാത്ത കഥ.
ലുക്മാന്‍ അവറാന്റെ ആന്റണി ജോഷ്വയുടെ ഭൂതകാലം എന്തായിരുന്നു.ഗണപതിയുടെ ദീപക് പണിക്കര്‍ ആ നിര്‍ണായക മത്സരത്തില്‍ പിന്മാറിയത് എന്തിനായിരുന്നു.കോട്ടയം സലിം എന്ന കോച്ച് മത്സരം കാണാന്‍ വരാതെ മുങ്ങിയത് എന്തുകൊണ്ടായിരുന്നുഅലക്‌സ് പോളിന്റെ ജോണ്‍സണിന്റെ ജീവിതം എന്തായിരുന്നു. ആലപ്പുഴ ജിംഖാന ഒരു രണ്ടാംഭാഗത്തിനായി ദാഹിക്കുന്നുണ്ട്. അടുത്ത ഖാലിദ് റഹ്മാന്‍ സിനിമയ്ക്കായും. വമ്പന്‍ സിനിമകളിലൂൂടെ കാത്തിരിക്കാം നല്ല സിനിമാനുഭവത്തിനായി.

കെവി മധു



