Mon Aug 03, 2026 11:55 pm
FLASH
X

തൃശൂർ എടിഎം കവർച്ച: രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികൾ തമിഴ്നാട്ടിൽ പിടിയിൽ, ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു, പൊലീസുകാരന് കുത്തേറ്റു.

Web Desk September 27, 2024

തൃശൂർ എടിഎം കവർച്ചയിൽ പ്രതികൾ പിടിയിൽ. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് അഞ്ചം​ഗ സംഘത്തെ പൊലീസ് അതിസാഹസികമായി പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പ്രതികൾ. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തിൽ ഒരു പൊലീസുദ്യോ​ഗസ്ഥന് കുത്തേറ്റു. നിലവിൽ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതികൾ. തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

നാമക്കലിലെ കുമാരപാളയാത്തുവെച്ചാണ് കൊള്ളസംഘം പോലീസിന്റെ വലയിലായത്. പോലീസ് കൈകാണിച്ച് നിർത്താതെ പോയ ടാങ്കർ ബൈക്കിലിടിച്ച് തെറിപ്പിച്ചു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ടാങ്കർ തടയാൻ ശ്രമിച്ചു. ഇതിനിടെ സംഘം രണ്ട് പോലീസുകാരെ ആക്രമിച്ചു. ഇതേത്തുടർന്നാണ് പോലീസ് വെടിയുതിർത്തതെന്നാണു വിവരം.

പുലർച്ചെ 2.10നാണ് സംഘം ആദ്യ കവർച്ച നടത്തുന്നത്. പിന്നീട് 3.10ന് രണ്ടാം കവർച്ചയും നടത്തി. മൂന്നാമത് കോലാഴിയിലും കവർച്ച നടത്തിയ സംഘം ടോളുകളിലോ സിസിടിവികളിലോ പെടാതെയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. കോലാഴിയിൽ എടിഎം കൗണ്ടറിൽ കവർച്ച നടത്തിയ പ്രതികൾ തിരിച്ച് മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്ത് പൊലീസ് അക്കാദമിക്ക് മുൻപിലൂടെയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. മണ്ണുത്തി ഹൈവേയിലേക്ക് കടന്ന ശേഷം കാർ കണ്ടെയ്നർ ലോറിയിലേക്ക് കയറ്റുകയുമായിരുന്നു.