Sun Aug 09, 2026 4:08 pm
FLASH
X

അവഗണനയിൽ നിലച്ചുപോയ കാസർഗോഡിലെ ഹോസ്ദുർഗ് പാണത്തൂർ സംസ്ഥാന പാത.

HOME / Kerala September 24, 2024

സംസ്ഥാനത്ത് ഏറ്റവുമധികം അവഗണന നേരിടുന്ന സംസ്ഥാന പാതയാണ് ഹോസ്ദുർഗ്ഗ് പാണത്തൂർ റോഡ്.രേഖകളിൽ ഇത് സ്റ്റേറ്റ് ഹൈവേ ആണെങ്കിലും ഇന്നും ഒരു കൂപ്പ് റോഡിന്റെ അലൈൻമെന്റ് ആണ് ഈ റോഡിന്. സംസ്ഥാനത്ത് എല്ലാ പ്രധാന റോഡുകളും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ച് പുതിയ കാലത്തിന്റെ വേഗത്തിനനുസരിച്ച് അഭിവൃദ്ധി പ്പെടുത്തി.പക്ഷെ വടക്കൻ ജില്ലയായ കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ, പ്രധാനപ്പെട്ട, അന്തർസംസ്ഥാന പാതയായ, ഹോസ്ദുർഗ്ഗ് പാണത്തൂർ റോഡ് ഇന്നും 1927 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച വളവുകളും, കയറ്റങ്ങളും, ആയി തുടരുന്നു. 28 മീറ്റർ മുതൽ 55 മീറ്റർ വരേ വീതിയുള്ള റോഡിന്റെ ഭൂമി ഏകദേശം 493 കയ്യേറ്റങ്ങളുടെ ഭാഗമായി വികസനം വഴിമുട്ടി നിൽക്കുകയാണ്. 2018 ൽൽ മലനാട് വികസന സമിതി നൽകിയ പരാതിയുടേയും ,ഇടപെടലിന്റേയും ഫലമായി 91 വർഷത്തിന് മുൻപ് തുറന്ന ഹോസ്ദുർഗ്ഗ് പാണത്തൂർ റോഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി, കയ്യേറ്റങ്ങൾ കണ്ടെത്തി.എങ്കിലും അതിർത്തി നിർണ്ണയം നടത്തിയ ഈറോഡിന്റെ സ്ഥലം വീണ്ടെടുക്കാൻ വേണ്ട നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല.

  മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ ,ഈ റോഡിനായി നിരവധി മെമ്മോറാണ്ടങ്ങളും, പരാതികളും എംഎൽഎ മുതൽ മുഖ്യമന്ത്രിയുടെ മുമ്പാകെ വരെ കൊടുത്തതിന്റെ കൂടെ ഫലമായി ആണ് 2021 ൽ 59.94 കോടി രൂപ റോഡ് നവീകരണത്തിന് അനുവദിച്ചത്. 2017-18 ൽ ഒരു സ്വകാര്യ ഏജൻസിയെ വച്ച് ഹോസ്ദുർഗ്ഗ് പാണത്തൂർ സ്റ്റേറ്റ് ഹൈവേ,, ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീപാതയാക്കുന്നതിന്റെ മുന്നോടിയായി DPR  തയ്യാറാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൊടുത്തു.അതിൽ ഈ സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് വിലയിരുത്തിയ തുക 120 കോടി രൂപയാണ്, അത് പിന്നീട് ചില ആസൂത്രിത നീക്കങ്ങളിലൂടെ വെട്ടിച്ചുരുക്കി 60 കോടിയായി പുനർനിർണ്ണയിച്ചു. ഇതിന്റെ കാരണമായി പറയുന്നത് ഭാരത് മാല പദ്ധതിയിൽ രണ്ടാം ഫെയ്സിൽ മുൻഗണന പട്ടികയിൽ ഉള്ള ഹോസ്ദുർഗ്ഗ് പാണത്തൂർ, മടിക്കേരി റോഡിന് സംസ്ഥാന ഗവൺമെന്റ് പണം മുടക്കിയാൽ അത് നഷ്ടമാകും എന്നാണ്. അതിന് ശേഷം ശക്തമായ ജനവികാരം മനസ്സിലാക്കി 60 കോടി രൂപയുടെ പദ്ധതി കരാറായി പണി ആരംഭിച്ച റോഡിന്റെ ദയനീയ സ്ഥിതി ആണ് ഇന്ന് കാണുന്നത്.2017  ഈ മലയോര മേഖലയുടെ വികസന പിന്നോക്കാവസ്ഥക്ക് ,പരിഹാരമുണ്ടാക്കാൻ രാഷ്ട്രീയാതീതമായി ഒരു  പൊതുവേദി ഉണ്ടാകണമെന്ന ചിന്താഗതിയിൽ സാമൂഹിക രാഷ്ടീയ, മാധ്യമ ,സന്നദ്ധ വ്യാപാര, മേഖലകളിലെ ഏതാനും പൊതുപ്രവർത്തകർ ചേർന്നു രൂപം കൊടുത്ത പ്രസ്ഥാനമാണ് മലനാട് വികസന സമിതി.

      നിലവിൽ, കരാറുകാർ പാതിവഴിയിൽ ഉപേക്ഷിച്ച റോഡ് നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ വേഗത്തിൽ പൂർത്തിയാക്കി കിട്ടാൻ പൊതുജനം സമരം ചെയ്യേണ്ടി വന്നത് , പൊതുമരാമത്ത്, KRFB, ഉദ്യോഗസ്ഥരും, കരാറുകാരും, തമ്മിലുള്ള ഒത്തുകളി ആണ്.അവിടെ ഫലപ്രദമായി ഇടപെടാൻ ജനപ്രതിനിധികൾക്ക് കഴിയുന്നില്ല ഏന്ന ശക്തമായ വിമർശനവും മലനാട് വികസന സമിതി ഉയർത്തുന്നു.ഈ റോഡിന്റെ നിർമാണ പ്രവർത്തനം നിരീക്ഷിച്ചു വിലയിരുത്താൻ കാഞ്ഞങ്ങാട് എംഎൽഎ മുൻകൈയെടുത്ത് രൂപീകരിച്ച മോണിറ്ററിൽംഗ് കമ്മറ്റി നിശ്ചലമായി നിൽക്കുന്നു.തുടർ യോഗങ്ങൾ പോലും വിളിച്ചു ചേർക്കാൻ ആ കമ്മറ്റി ഭാരവാഹികൾ തയ്യാറായിട്ടില്ല.മാത്രമല്ല മലനാട് വികസന സമിതി പ്രവർത്തകർ ആ മോണിറ്ററിംഗ് കമ്മിറ്റിയിൽ ഉൾപ്പെടാതെയിരിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വം പ്രത്യേക ശ്രദ്ധ പുലർത്തി. ഈ ജാഗ്രത നമ്മുടെ സ്റ്റേറ്റ് ഹൈവേയുടെ കാര്യത്തിൽ എടുത്തിരുന്നെങ്കിൽ നമ്മുടെ നാട് ഇങ്ങനെ പിന്നോട്ട് നടക്കേണ്ട ദുർഗതിയിലാകില്ലായിരുന്നു.
    ഇത്തരം ഗുതരാവസ്ഥ നിലനിൽക്കുന്ന കാലത്ത്,ഭരണ - പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഒന്നും ഈ മലയോര മേഖലയുടെ ദുരിതത്തിനെതിരെ ചെറുവിരലനക്കുന്നില്ല എന്ന ഘട്ടത്തിലാണ് മലനാട് വികസന സമിതി ജനഹിതം മനസ്സിലാക്കി,ജനങ്ങളോടോപ്പം ചേർന്ന്  ഒരു പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കുന്നത്. നിലവിൽ പണി നിർത്തി വെക്കാൻ കാരണമായി, കെആർഎഫ്ബി യെ പഴിചാരി കരാറുകാരായ കുദ്രോളി ബിൽഡേഴ്സ് & ഇൻഫ്രാസ്ട്രക്ചർ കമ്പനി ഒരു വിശദീകരണ നോട്ടീസ്,കെ ആർ എഫ് ബി, പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥർക്കും, കാഞ്ഞങ്ങാട് എംഎൽഎ ശ്രീ ഇ ചന്ദ്രശേഖരൻ, കള്ളാർ, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർക്ക് 31.08.2024 ന് അയച്ച് തടിയൂരുകയാണ്. നിലവിൽ ഒരുവട്ടം പുതുക്കിയ കരാർ എഗ്രിമെന്റ് സംസ്ഥാന ഗവൺമെന്റ് പ്രത്യേക ഉത്തരവിലൂടെ, ധനകാര്യ വകുപ്പിന് നിർദ്ദേശം നൽകിയാലെ, ഹോസ്ദുർഗ്ഗ് പാണത്തൂർ സ്റ്റേറ്റ് ഹൈവേയുടെ തുടർ അഭിവൃദ്ധി പ്രവർത്തനങ്ങൾ മുന്നോട്ടു പോവുകയുള്ളു. ഈ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ ജനപ്രതിനിധികളും, ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും,പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും മുഖം തിരിച്ചു നിൽക്കുന്ന അത്യന്തം പ്രതിഷേധാർഹമായ അവസ്ഥയിലാണ് മലനാട് വികസന സമിതി ഒരു ജനകീയ സമര പ്രഖ്യാപന കൺവൻഷൻ വിളിച്ചു ചേർത്തത്.

പരിപാടിയിൽ ഒഴുകിയെത്തിയ ബഹുജനങ്ങൾ ,ഈ നാടിന്റെ ദുർഗതിയിൽ ഉയരുന്ന കടുത്ത പ്രതിഷേധത്തിന്റെ പ്രതീകങ്ങളാണ്.എസ്യോഗത്തിൽ മലനാട് വികസന സമിതി , ജനറൽ സെക്രട്ടറി ബി അനിൽ സ്വാഗതം പറഞ്ഞു,ചെയർമാൻ ആർ സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു, കൺവെൻഷൻ ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിർവഹിച്ചു. സമര പ്രഖ്യാപന പ്രമേയം മലനാട് വികസന സമിതി വൈസ് ചെയർമാൻ കെ ജെ സജി അവതരിപ്പിച്ചു,സമരകാണങ്ങൾ വിശദികരിച്ച് മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി അനിൽ,നിർവ്വാഹക സമിതി നേതാക്കളായ അജി ജോസഫ് , രാജീവ് തോമസ് എന്നിവരും, സമരത്തിന് പിന്തുണയുമായി , കള്ളാർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രീയ ഷാജി, പനത്തടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി എം കുര്യാക്കോസ്, മലയോരത്തിന്റെ വികസനത്തിന് അതുല്യമായ സംഭാവനകൾ നൽകിയിട്ടുള്ള അഞ്ജനമുക്കോട് കുഞ്ഞമ്പു നായർ, നടനും സാംസ്കാരിക , കൂക്കൾ രാഘവൻ, സെന്റ് മേരീസ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ റവ ഫാദർ ജോസ് കളത്തിപറമ്പിൽ, സുനിൽ മാടക്കൽ തുടങ്ങിയവർ സംസാരിച്ചു.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ബളാന്തോട് വച്ച് ഏകദിന ഉപവാസ സമരവും, രാവിലെ 9.50 മുതൽ 10 മണിവരെ കള്ളാർ പനത്തടി പഞ്ചായത്തുകളിലെ മുഴുവൻ വാഹന ഉടമകളും തൊഴിലാളികളും ജീവനക്കാരും ഒരുമിക്കുന്ന ചക്രസ്തംഭന സമരവും വിജയിപ്പിക്കാൻ ജനകീയ സമര പ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു.