Sun Aug 09, 2026 3:07 pm
FLASH
X

ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം;പോഷ് നിയമം നടപ്പിലാക്കണം, ആവശ്യവുമായി ഡബ്ല്യൂസിസി.

HOME / Kerala September 11, 2024

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യൂസിസി അംഗങ്ങൾ. മൂന്നു കാര്യങ്ങളാണ് ഡബ്ല്യൂസിസി അംഗങ്ങൾ പ്രധാനമായും ആവശ്യപ്പെട്ടത്. എസ് ഐ ടി യുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ടെന്നും പ്രത്യേക അന്വേഷണസംഘം ശരിയായ രീതിയിലാണോ നീങ്ങുന്നതെന്ന് സംശയമുണ്ടെന്നും ഡബ്ല്യുസിസി അം​ഗങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. കൂടാതെ സിനിമാ സെറ്റുകളിൽ പോഷ് നിയമം കർശനമായി നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സിനിമാ നയരൂപീകരണത്തിൽ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണം എന്നും മുഖ്യമന്ത്രിയോട് ഡബ്ല്യൂസിസി അം​ഗങ്ങൾ ആവശ്യം ഉന്നയിച്ചു.

മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് നേരത്തെ തന്നെ ഡബ്ലുസിസി ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്‍റെ ഭാഗമാക്കണമെന്നും സംഘടനയ്ക്ക് നിലപാടുണ്ട്. സിനിമ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ലുസിസി നേരത്തെ അറിയിച്ചിരുന്നു.

അന്വേഷണത്തിൻ്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് അഞ്ചംഗ പ്രതിനിധികൾ ആവശ്യപ്പെട്ടു. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.