‘ക്രോണിക് ബാച്ചിലർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ നടൻ ജോമോൻ ജോഷിയെ നായകനാക്കി നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറർ-മിസ്റ്ററി ത്രില്ലർ ‘അമാനുഷികം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. നമോ പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിലെത്തും. ശംഭുവായി പ്രവീൺ ചാലക്കുടിയും ഉണ്ണിയായി രാഹുൽ പാലക്കാടും സോണിച്ചനായി സോണി അട്ടച്ചാക്കലും വേഷമിടുന്നു. പുതുമുഖം ആൻ മേരി റോയിയാണ് ‘മീര’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഗൂഢതകൾ നിറഞ്ഞ കഥാപശ്ചാത്തലവും മികച്ച സാങ്കേതിക നിലവാരവും അവകാശപ്പെടുന്ന ചിത്രം മലയാളത്തിലെ ഹൊറർ ത്രില്ലർ വിഭാഗത്തിൽ വേറിട്ട ദൃശ്യാനുഭവമാകുമെന്നാണ് സംവിധായകൻ നിതീഷ് കെ. നായർ പറയുന്നത്. സുധീഷ് പെരുമ്പള്ളിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.



