നടനും സംവിധായകനുമായ രാജീവ് രംഗന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം ‘നൂൽ’. മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും സ്വിച്ചോൺ ചടങ്ങും കൊച്ചിയിലെ അമ്മ അസോസിയേഷൻ ഹാളിൽ നടന്നു. സംവിധായകൻ സിബി മലയിൽ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.
രാജീവ് രംഗൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നൂൽ’ നായികാ പ്രാധാന്യമുള്ള മിസ്റ്ററി ത്രില്ലറാണ്. ആകാംക്ഷ നിറഞ്ഞ അന്വേഷണാത്മക കഥയും ശക്തമായ കഥാപാത്രങ്ങളും ത്രില്ലർ മൂഡുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ. പ്രശസ്ത താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. തിരക്കഥയും സംഭാഷണവും വിജയ് മേനോൻ, എഡിറ്റിംഗ് അനൂപ് എസ്. കുറുപ്പ്, സംഗീതം മഹിന്ദ്രൻ പൊതുവാൾ, പശ്ചാത്തല സംഗീതം അജിത് സുകുമാരൻ എന്നിവർ നിർവഹിക്കുന്നു. സിനിമയിലെ പുതിയ പ്രതിഭകൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജീവ് രംഗൻ പ്രൊഡക്ഷൻസ് പ്രവർത്തനം ആരംഭിക്കുന്നത്.



