പട്ന: ബിഹാറിലെ ഗയ ജില്ലയിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്റ് പൗഡർ ചേർത്തതിനെ തുടർന്ന് 36ഓളം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഗയയിലെ പഞ്ച്ദേവ പ്രൈമറി സ്കൂളിലാണ് സംഭവം.
ഉച്ചഭക്ഷണമായ ഖിച്ഡി തയ്യാറാക്കുന്നതിനിടെ പാചകക്കാരി ഉപ്പാണെന്ന് കരുതി സമീപത്തുണ്ടായിരുന്ന ബോക്സിൽ നിന്ന് ഡിറ്റർജന്റ് പൗഡർ എടുത്ത് ഭക്ഷണത്തിൽ ചേർക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു.
തുടർന്ന് കുട്ടികളെ ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച അധികൃതർ അശ്രദ്ധ കാണിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.



