Tue Aug 18, 2026 5:18 pm
FLASH
X

സംസ്ഥാന ഭരണത്തിൽ ഗവർണറുടെ ഇടപെടൽ; ഡിജിപിയെ വിളിച്ചുവരുത്തി, പിന്നാലെ നാല് എസ്‌എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

Latest News / Kerala August 17, 2026

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസാ തോമസിന്റെ പരാതിയിൽ ഗവർണർ ഇടപെട്ടു. വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.

പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ഗവർണർ വിളിച്ചുവരുത്തി. രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗവർണർ ഡിജിപിയോട് ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും നിർദേശിച്ചു.

സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഡിജിപി ഗവർണറെ അറിയിച്ചു. ഡിജിപിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയത് അപൂർവ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, സിസാ തോമസിന്റെ പരാതിയിൽ നാല് എസ്‌എഫ്‌ഐ പ്രവർത്തകരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്.

വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ വൈസ് ചാൻസലറെ കയ്യേറ്റം ചെയ്തെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് പൊലീസ് നടപടി.