Tue Aug 18, 2026 5:17 pm
FLASH
X

17കാരൻ ശിവസൂര്യയുടെ തിരോധാനം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Kerala / Latest News August 17, 2026

കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്‌ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് പേരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തി. തുടർന്ന് ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശിവസൂര്യയെക്കുറിച്ച് 10 ദിവസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 12.45ന് ശേഷം ശിവസൂര്യ പൂമരം ജംഗ്ഷൻ ഭാഗത്തേക്ക് വേഗത്തിൽ പോകുന്നത് ചിലർ കണ്ടിരുന്നു. സ്കൂൾ ബാഗും കൈവശമുണ്ടായിരുന്നു. എന്നാൽ ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ശിവസൂര്യയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

കാശിയിലേക്കെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും മൈസൂരുവിലേക്ക് പോയിരിക്കാമെന്ന സംശയം വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൈസൂരുവിൽ പരിശോധന നടത്തുന്നത്.

നേരത്തെ ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തെരച്ചിൽ തുടരുന്നതിനിടെയാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്.