Fri Sep 18, 2026 5:48 pm
FLASH
X

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം

HOME / Kerala / Latest News August 14, 2026

തിരുവനന്തപുരം: സാമ്പത്തിക വർഷം തുടങ്ങി ആദ്യ നാല് മാസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ പകുതിയോളമായി. ജൂലൈ വരെയുള്ള കണക്കനുസരിച്ച് റവന്യൂ കമ്മി 16,862.59 കോടി രൂപയാണ്. പുതുക്കിയ ബജറ്റിൽ ഈ സാമ്പത്തിക വർഷത്തേക്ക് 35,355.30 കോടി രൂപയാണ് റവന്യൂ കമ്മിയായി കണക്കാക്കിയിരുന്നത്.

സംസ്ഥാനത്തിന്റെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉയർന്നെങ്കിലും അതിനേക്കാൾ വേഗത്തിൽ ചെലവ് വർധിച്ചതാണ് റവന്യൂ കമ്മി ഉയരാൻ കാരണം. ആദ്യ നാല് മാസത്തെ റവന്യൂ വരുമാനം 44,267.52 കോടി രൂപയാണ്. ഇതിൽ നികുതി വരുമാനം 37,459.66 കോടി രൂപ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നികുതി വരുമാനത്തിൽ 4,662.97 കോടി രൂപയുടെ വർധന രേഖപ്പെടുത്തി.

ആദ്യ നാല് മാസത്തെ ജിഎസ്ടി വരുമാനം 12,864 കോടി രൂപയാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. സെറ്റിൽമെന്റിന് ശേഷം ഐജിഎസ്ടി വിഹിതം ഉൾപ്പെടെ കഴിഞ്ഞ മാസം ലഭിച്ചത് 3,161 കോടി രൂപയാണ്. നികുതിയേതര വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്. എജിയുടെ കണക്കനുസരിച്ച് 6,302.44 കോടി രൂപയാണ് നികുതിയേതര വരുമാനം.

അതേസമയം, വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 5,200 കോടി രൂപ വർധിച്ചപ്പോൾ റവന്യൂ ചെലവ് ഏകദേശം 6,000 കോടി രൂപ ഉയർന്നു. ആദ്യ നാല് മാസത്തിൽ സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് 61,130.11 കോടി രൂപയാണ്. ഇതാണ് റവന്യൂ കമ്മി ഉയരാൻ പ്രധാന കാരണമായത്.

ഗ്രാന്റ് ഇനത്തിൽ നാല് മാസത്തിനിടെ ലഭിച്ചത് 505 കോടി രൂപ മാത്രമാണ്. ആകെ 11,932 കോടി രൂപയാണ് ഗ്രാന്റായി പ്രതീക്ഷിക്കുന്നത്. ജീവനക്കാർക്ക് കൃത്യമായി ഡിഎ അനുവദിച്ചാൽ ഈ ഇനത്തിലെ ചെലവും ഉയരും.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് നിയന്ത്രിക്കണമെന്ന് ധനവകുപ്പ് നേരത്തെ തന്നെ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നു. ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അടുത്ത ബജറ്റിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സർക്കുലറിലും ചെലവ് നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.