Wed Oct 14, 2026 10:16 am
X

തിരുവനന്തപുരം–വേളാങ്കണ്ണി റൂട്ടിൽ പുതിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ്; വെള്ളിയാഴ്ച മുതൽ സർവീസ്

Kerala / Latest News / National August 13, 2026

തിരുവനന്തപുരം: തീർഥാടകർക്കും യാത്രക്കാർക്കും ആശ്വാസമായി തിരുവനന്തപുരം–വേളാങ്കണ്ണി റൂട്ടിൽ കെഎസ്ആർടിസി പുതിയ സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കുന്നു. വെട്ടുകാട് പള്ളി, വിഴിഞ്ഞം, പൂവാർ വഴിയുള്ള സർവീസ് ഓഗസ്റ്റ് 14 വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും.

വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് വെട്ടുകാട് പള്ളി, വിഴിഞ്ഞം, പൂവാർ, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, ട്രിച്ചി, തഞ്ചാവൂർ വഴി വേളാങ്കണ്ണിയിലെത്തും. പിറ്റേന്ന് രാവിലെ 6.30നാണ് വേളാങ്കണ്ണിയിലെത്തുക.

തിരികെ ശനിയാഴ്ച വൈകിട്ട് ആറിന് വേളാങ്കണ്ണിയിൽനിന്ന് പുറപ്പെടുന്ന ബസ് ഞായറാഴ്ച രാവിലെ 6.15ന് തിരുവനന്തപുരത്ത് എത്തും. തഞ്ചാവൂർ, ട്രിച്ചി, മധുര, തിരുനെൽവേലി, നാഗർകോവിൽ, കളിയിക്കാവിള, പൂവാർ, വിഴിഞ്ഞം, വെട്ടുകാട് പള്ളി വഴിയാണ് മടക്ക സർവീസ്.

കഴിഞ്ഞ മാസം ആരംഭിച്ച തിരുവനന്തപുരം–വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് പുതിയ സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കുന്നത്. ആദ്യ സർവീസിന്റെ പ്രതികരണം വിലയിരുത്തിയ ശേഷം കൂടുതൽ സർവീസുകൾ നടത്താനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.

യാത്രക്കാർക്ക് ‘Ente KSRTC Neo-OPRS’ മൊബൈൽ ആപ്പ് വഴിയും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. സൂപ്പർ ഫാസ്റ്റിന് 538 രൂപയും പുതിയ സൂപ്പർ ഡീലക്സ് സർവീസിന് 835 രൂപയുമാണ് നിരക്ക്.