ദില്ലി: യുവാക്കൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും യുവാക്കൾ തങ്ങൾ ആരാധിക്കുന്ന ഏതെങ്കിലും വ്യക്തിയുടെ ആത്മകഥ വായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു വ്യക്തിയുടെ ആത്മകഥയിലൂടെ ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സാധിക്കുമെന്ന് മോദി വ്യക്തമാക്കി. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
അതേസമയം, രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീർത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. യുവാക്കൾ രാജ്യത്തിന്റെ ഭാവി മാത്രമല്ലെന്നും വർത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
സംവേദനക്ഷമത, സേവന മനോഭാവം, കഴിവ് എന്നിവയിലൂടെ രാജ്യത്തെ യുവാക്കൾ ലോകമെമ്പാടും തങ്ങളുടേതായ വ്യക്തിത്വം സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.



